വിവാഹത്തോടെ സ്ത്രീകൾ പാർട്ട്ടൈം ജോലിക്കാരാക്കുന്ന രാജ്യം

വിവാഹത്തോടെ സ്ത്രീകൾ പാർട്ട്ടൈം ജോലിക്കാരാക്കുന്ന രാജ്യം 67 ശതമാനം സ്ത്രീകളും ജോലി ചെയ്യുകയും സമ്പാദിക്കുകയും ചെയ്യുന്ന രാജ്യമാണ് ജപ്പാൻ 67 ശതമാനം സ്ത്രീകളും ജോലി ചെയ്യുകയും സമ്പാദിക്കുകയും ചെയ്യുന്ന ഒരു രാജ്യം. ദാവോസിൽ ഇക്കഴിഞ്ഞ ലോക സാമ്പത്തിക ഫോറത്തിൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ സ്വന്തം രാജ്യത്തെ വിശേഷിപ്പിച്ചത് അഭിമാനത്തോടെയാണ്. ചരിത്രത്തിലാദ്യമായാണ് 67 ശതമാനം എന്ന റെക്കോർഡ് കണക്കിൽ ജപ്പാനിലെ സ്ത്രീസമൂഹം ശാക്തീകരിക്കപ്പെടുന്നതും സമൂഹത്തിലെ എണ്ണപ്പെടുന്നവരും പുരുഷൻമാർക്ക് സമശീർഷരുമാകുന്നത്. ഇനിയും കൂടുതൽ സ്ത്രീകളെ ജോലിയിലേക്ക് ആകർഷിച്ച് സ്വയംപര്യാപ്തരാക്കുകയാണ് ജപ്പാന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. പക്ഷേ, അതിനുവേണ്ടി സ്ത്രീകൾ കൊടുക്കേണ്ടിവരുന്ന വില അധികമാണെന്നു തെളിയിക്കുന്നു ജപ്പാനിലെ സ്ത്രീകൾ നേരിടുന്ന കഷ്ടപ്പാടുകളും വെല്ലുവിളികളും. ജോലി ചെയ്തുകൊണ്ടിരിക്കെത്തന്നെ വിവാഹിതരും അമ്മമാരുമായ സ്ത്രീകളുടെ എണ്ണം കൂടുകയാണെങ്കിലും ജോലിസ്ഥലത്ത് അവർ നേരിടുന്നത് വിവേചനങ്ങൾ. ഒരേ രീതിയിലുള്ള ജോലിയല്ല സ്ത്രീകൾക്കും പുരുഷൻമാർക്കും ലഭിക്കുന്നത്. ശമ്പളവും മറ്റാനുകൂല്യങ്ങളും ഒരുപോലെയല്ല. പ്രമോഷന്റെ കാര്യത്തിലുമുണ്ട് വ്യക്തമായ വിവേചനം. ഇവയെല്ലാം നേരിട്ട് ജോലി മുന്നോട്ടുകൊണ്ടുപോകുമ്പോഴും വീടുകളിൽ അവരെ കാത്തിരിക്കുന്ന അനന്തമായ ബുദ്ധിമുട്ടുകൾക്കും അവസാനമില്ല. പുരുഷൻമാരാകട്ടെ ജോലിസ്ഥലത്ത് മികച്ചരീതിയിൽ മുന്നേറുന്നുണ്ടെങ്കിലും വീട്ടിൽ സ്ത്രീകളെ സഹായിക്കുന്ന കാര്യത്തിൽ പിന്നാക്കം. കുട്ടികളെ നോക്കുന്നതിലും അവർക്കു താൽപര്യമില്ല. അതോടെ സ്ത്രീകളുടെ ജോലി ഇരട്ടിക്കുകയാണ്. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം നേരിട്ട ദുരന്തത്തിനുശേഷമുള്ള തിരിച്ചുവരവിൽ ജപ്പാന്റെ ശക്തി പുരുഷൻമാരായിരുന്നു. അവർ സമയവും കാലവും നോക്കാതെ അധികസമയം ജോലി ചെയ്തു. കുടുംബത്തിനും കുട്ടികൾക്കും പോലും വലിയ പരിഗണന കൊടുക്കാതെയായിരുന്നു അന്നത്തെ അവരുടെ കഷ്ടപ്പാടുകൾ. സ്ത്രീകളാകട്ടെ കുടുംബം നോക്കുന്നതിൽ മാത്രം മുഴുകി. ജോലി ലഭിച്ച സ്ത്രീകളിലും പലരും വിവാഹത്തോടെ അല്ലെങ്കിൽ കുട്ടികൾ ജനിക്കുന്നതോടെ ജോലി മതിയാക്കി മുഴുവൻ സമയവും കുടുംബത്തിനുവേണ്ടി സമർപ്പിച്ചു. ഇന്നു സ്ഥിതി മാറിയിരിക്കുന്നു. പ്രായമേറിയവരുടെ എണ്ണം ജപ്പാനിൽ കൂടുകയാണ്. ജോലി ചെയ്യാൻ ആളെ കിട്ടാത്ത അവസ്ഥയും. ഈ സാഹചര്യത്തിലാണ് രാജ്യത്തെ സ്ത്രീകളിൽ ഭൂരിപക്ഷവും ജോലി ചെയ്യുന്നവരാണെന്ന് അഭിമാനത്തോടെ പ്രധാനമന്ത്രി ലോകരാജ്യങ്ങളെ അറിയിച്ചത്. പക്ഷേ, അങ്ങനെയൊരു കണക്കിലേക്കു സംഭാവന ചെയ്ത സ്ത്രീകൾ നേരിടുന്ന കഷ്ടപ്പാടുകൾ അദ്ദേഹം മറച്ചുവയ്ക്കുകയോ സൗകര്യപൂർവം വിസ്മരിക്കുകയോ ചെയ്യുന്നു. ജപ്പാനിൽ ജോലി ചെയ്യുന്ന സ്ത്രീകളിൽ പകുതിയലധികം പേരും നിലവിൽ പാർട് ടൈം ജോലിക്കാർ. മൂന്നിലൊന്നു പേർ കോൺട്രാക്ട് വ്യവസ്ഥകളിൽ ജോലി ചെയ്യുന്നവരും. സ്ഥാപനങ്ങളുടെ മാനേജ്മെന്റ് സ്ഥാനങ്ങൾ അലങ്കരിക്കുന്ന സ്ത്രീകളുടെ എണ്ണമാകട്ടെ വെറും ഒരുശതമാനത്തിൽ താഴെ മാത്രം. ലോകത്തെ വികസിത രാജ്യങ്ങളിൽ ഇത് 4.6 ശതമാനമാണ്.വിവാഹിതയായി രണ്ടാമത്തെ കുട്ടി ജനിക്കുന്നതോടെ സ്ത്രീകൾക്ക് കമ്പനി ജോലിസമയം കുറയ്ക്കുന്നു; അതിനനുസരിച്ച് ശമ്പളവും കുറയ്ക്കുമെന്നു മാത്രം. മുപ്പതുശതമാനം മാത്രം ശമ്പളത്തിൽ ഏഴു മണിക്കൂർ ജോലി ചെയ്യുന്ന ഒട്ടേറെ സ്ത്രീകൾ ജപ്പാനിലുണ്ട്. കുട്ടികൾ ജനിക്കുന്നതിനുമുമ്പ് ഇതേ സ്ത്രീകൾക്ക് മുഴുവൻ സമയ ജോലിയും പൂർണ ശമ്പളവും ഒപ്പം ഓവർടൈം ജോലിയും ലഭിക്കുമായിരുന്നു. കുട്ടികൾ ജനിക്കുന്നതിനുമുമ്പ് രാത്രി 10 വരെ ജോലി ചെയ്തിരുന്നവർ അമ്മമാരാകുന്നതോടെ വൈകിട്ട് ആറിനോ ഏഴിനോ ജോലി നിർത്തി വീട്ടിൽപോകുന്നു. വിവാഹം വരെ സ്ഥിര ജോലിയിൽ എല്ലാ അവകാശങ്ങളോടും കൂടി ജോലി ചെയ്യുന്നവരെ വിവാഹത്തോടെ സ്ഥാപനങ്ങൾ പാർട് ടൈം ആക്കുന്നു