വാള്‍ ഓഫ് ഡസ്റ്റ്

വാള്‍ ഓഫ് ഡസ്റ്റ്


തെക്കന്‍ ധ്രുവത്തില്‍ ഇത് ഉഷ്ണകാലമാണ്. ഓസ്ട്രേലിയ ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ കൊടും വേനലിന്‍റെ തീക്ഷ്ണത അനുഭവിയ്ക്കുന്ന സമയം. വേനല്‍ക്കാലമായതിനാല്‍ തന്നെ ഓസ്ട്രേലിയയിലെ കുറ്റിക്കാടുകളും ചെറുവനങ്ങളുമെല്ലാം കാട്ടുതീയുടെ പിടിയിലുമാണ്. വേനല്‍ സൃഷ്ടിക്കുന്ന പൊടിപടലങ്ങളും കാട്ടുതീയുടെ ചാരവുമെല്ലാം ചേര്‍ന്നാണ് ഓസ്ട്രേലിയിൽ സമീപ കാലത്തൊന്നും കണ്ടിട്ടില്ലാത്ത തരത്തില്‍ ഒരു പൊടിക്കാറ്റ് രൂപം കൊണ്ടത്. അക്ഷരാർഥത്തില്‍ കാഴ്ച വരെ മറയ്ക്കുന്ന രീതിയിലായിരുന്നു ഈ പൊടിക്കാറ്റ് വന്‍ നഗരങ്ങളില്‍ പോലും വീശിയടിച്ചത്.ഓസ്ട്രേലിയയിലെ വടക്കു പടിഞ്ഞാറന്‍ മേഖലയിലാണ് ഈ പൊടിക്കാറ്റ് ഏറ്റവും രൂക്ഷമായ തോതില്‍ ആഞ്ഞടിച്ചത്.വിക്ടോറിയ പോലുള്ള മേഖലകളില്‍ നട്ടുച്ചയ്ക്കു പോലും പാതിരാത്രിയുടെ പ്രതീതിയാണ് സൃഷ്ടിച്ചത്. സൂര്യന്‍ കത്തിനില്‍ക്കെ പെട്ടെന്ന് ഇരുള്‍ മൂടി പൊടി പരക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പലരും ഹോളിവുഡ് സിനിമകളിലെ പൊടിക്കാറ്റുകളുടെ ദൃശ്യത്തോടാണ് സംഭവത്തെ താരതമ്യം ചെയ്യുന്നത്. പൊടിക്കാറ്റെത്തുന്നതിന്‍റെ ചിത്രങ്ങള്‍ കണ്ടാല്‍ മിഷന്‍ ഇംപോസിബിള്‍ സീരീസിലെ ചിത്രങ്ങളിലൊന്നിലെ ദൃശ്യമാണന്നേ ആദ്യം കരുതൂ.

വാള്‍ ഓഫ് ഡസ്റ്റ് എന്നാണ് ഈ പൊടിക്കാറ്റിനെ വിശേഷിപ്പിച്ചത്. ഏതാണ്ട് 30 മീറ്ററോളം ഉയരമുള്ള വന്‍മതില്‍പോലെയാണ് പൊടിക്കാറ്റ് എത്തിയത്. കൂട്ടത്തോടെ നീങ്ങിയ പൊടിപടലങ്ങള്‍ നഗരങ്ങളിലാകെ വന്‍നാശനഷ്ടവും വരുത്തി വച്ചു. പൊടിക്കാറ്റ് കടന്നു പോയതോടെ ആകാശത്തിന്‍റെ നിറവും മാറി. ഓറഞ്ച് നിറത്തിലാണ് ആകാശം പിന്നീടു കാണപ്പട്ടത്. മണിക്കൂറില്‍ ഏതാണ്ട് 40 കിലോമീറ്റര്‍വേഗതയില്‍ വീശിയ കാറ്റ് മൂലം നിരവധി വാഹനങ്ങളുടെയും വീടുകളുടെയും ഉള്ളിലേക്കു പൊടി കൂമ്പാരമായെത്തി.മനുഷ്യരുടെ ഉള്ളിലും വലിയ തോതിൽ പൊടിപടലം എത്തിയിട്ടുണ്ടാകാമെന്നാണു കണക്കാക്കുന്നത്. തുടക്കത്തില്‍ എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാകാത്തതിനാൽ പലരും മുഖം മൂടിയിരുന്നില്ല. ഇവരുടെയെല്ലാം ഉള്ളില്‍ സാരമായ തോതില്‍ പൊടിയെത്തിയിട്ടുണ്ടാകും എന്നു കരുതുന്നതായി വിക്ടറിയ ആരോഗ്യവകുപ്പ് പ്രതികരിച്ചു. മനുഷ്യര്‍ക്ക് അതീവ ഹാനികരമായ 2.5 പര്‍ട്ടിക്കുലര്‍ മാറ്റര്‍തോതിലുള്ള പൊടിയും പൊടിക്കാറ്റിന്‍റെ ഭാഗമായിരുന്നുവെന്നും ഇവര്‍ പറയുന്നു.

കാലാവസ്ഥയേയും പൊടിക്കാറ്റ് സാരമായി തന്നെ ബാധിച്ചു. അരമണിക്കൂറിനുള്ളില്‍ താപനിലയില്‍ ഏതാണ്ട് 8 ഡിഗ്രി സെല്‍ഷ്യസിന്‍റെ കുറവുണ്ടായെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. വിമാനങ്ങളുടെയും ട്രെയിനുകളുടെയും കാഴ്ച മറയുന്നതിനും ഇതുവഴി സര്‍വീസുകള്‍ റദ്ദാകുന്നതിനും പൊടിക്കാറ്റ് കാരണമായി. വിക്ടോറിയ വിമാനത്താവളത്തില്‍ കാഴ്ച 5 കിലോമീറ്ററായിരുന്നത് 500 മീറ്ററായി കുറഞ്ഞത് ഏതാനും മിനിട്ടുകള്‍ കൊണ്ടാണ്.വിക്ടോറിയയിലെ തന്നെ മില്‍ഡുറയിലാണ് പൊടിക്കാറ്റ് ഏറ്റവും സാരമായി ബാധിച്ചത്. തരിശു മേഖലയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മില്‍ഡുറ. അതുകൊണ്ട് തന്നെ മില്‍ഡുറയ്ക്ക് പൊടിക്കറ്റ് പുതിയ അനുഭവമല്ല. പക്ഷേ ഇക്കുറി ഉണ്ടായത് വെറും പൊടിക്കാറ്റല്ലെന്ന് മില്‍ഡുറ നിവാസികളും പറയുന്നു. ഇപ്പോഴത്തെ തലമുറ അനുഭവിച്ചതില്‍ വച്ച് ഏറ്റവും രൂക്ഷമായ ഒന്നാണ് ഇക്കുറി ഉണ്ടായതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.