ലൈറ്റ് ഹൗസ് കാവലിന് ശമ്പളം 92 ലക്ഷത്തോളം!

ലൈറ്റ് ഹൗസ് കാവലിന് ശമ്പളം 92 ലക്ഷത്തോളം! അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ചെറിയ ദ്വീപിലെ ലൈറ്റ്ഹൗസിന്റെ മേൽനോട്ടമാണ് ഇവർക്കുള്ളത് 92 ലക്ഷത്തോളം രൂപയാണ് അമേരിക്കയിൽ ഒരു ലൈറ്റ് ഹൗസിന്റെ മേൽനോട്ടം നിർവഹിച്ചാൽ കിട്ടുന്നത്. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ചെറിയ ദ്വീപിലെ ലൈറ്റ്ഹൗസിന്റെ മേല്‍നോട്ടമേറ്റെടുക്കുന്നവര്‍ക്ക് പ്രതിഫലമായി അധികൃതര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത് 1,30,000 ഡോളര്‍ (91 ലക്ഷത്തി എഴുപത്തി എട്ടായിരത്തിലധികം രൂപ). ഇത് രണ്ടു ജീവനക്കാര്‍ക്കായി വീതിച്ചു നല്‍കും. ചുരുക്കത്തില്‍ ലൈറ്റ് ഹൗസിന് രണ്ട് മേല്‍നോട്ടക്കാരെയാണ് ആവശ്യമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈസ്റ്റ് ബ്രദര്‍ ലൈറ്റ് സ്റ്റേഷന്‍ നാവികര്‍ക്ക് സമുദ്രത്തിലൂടെ മാര്‍ഗനിര്‍ദേശം നല്‍കാനായി 1874 ല്‍ പണികഴിപ്പിച്ചാണ്. 1960 ല്‍ യന്ത്രവത്കരിച്ച ലൈറ്റ് ഹൗസ് വര്‍ഷങ്ങള്‍ക്കിപ്പുറവും നാവികര്‍ക്ക് വഴിവിളക്ക് കാണിക്കുന്നു. യുഎസ് കോസ്റ്റ് ഗാര്‍ഡിന്റെ ഉടമസ്ഥതയയിലുള്ളതാണ് ലൈറ്റ് ഹൗസ്. ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ലൈറ്റ് ഹൗസില്‍ 1979 മുതല്‍ രാത്രിയില്‍ തങ്ങാനും പ്രഭാതഭക്ഷണത്തിനുള്ള സൗകര്യവുമുണ്ട്. ലൈറ്റ് ഹൗസ് മാത്രമല്ല രാത്രി തങ്ങാനുള്ള സത്രം കൂടിയാണിത്. ഇത് ലൈറ്റ് ഹൗസിന് വരുമാനം നല്‍കുന്നു. ഇങ്ങനെ ലഭിക്കുന്ന വരുമാനം ലൈറ്റ് ഹൗസിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കുന്നു. ലൈറ്റ് ഹൗസിന്റെ മേല്‍നോട്ടത്തിനെത്തുന്നവര്‍ക്ക് ചില യോഗ്യതകള്‍ ആവശ്യമാണ്. ആതിഥ്യപരിപാലനത്തില്‍ മുന്‍പരിചയം, സമുദ്രത്തില്‍ ഏറെ നാള്‍ തങ്ങിയുള്ള ജോലിയില്‍ മുന്‍പരിചയം, യുഎസ് കോസ്റ്റ് ഗാര്‍ഡ് നല്‍കുന്ന ലൈസന്‍സ് തുടങ്ങിയ യോഗ്യതകള്‍ ജോലിക്കപേക്ഷിക്കാന്‍ ആവശ്യമുണ്ട്. അതിഥികള്‍ക്ക് മികച്ച ഭക്ഷണം നല്‍കുക, അവരെ ദ്വീപിലേക്കും തിരിച്ചുമെത്തിക്കുക എന്നീ ചുമതലകളും ഇവര്‍ക്കുണ്ട്