പ്രവാസികള്‍ക്ക് പ്രയോജനം;  യു.എ.ഇ. പുതിയ  വിസാനിയമങ്ങള്‍

രാജ്യത്തെ പ്രവാസികള്‍ക്ക് ഏറ പ്രയോജനമാകുന്ന യു.എ.ഇ.വിസനിയമത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഞായറാഴ്ച മുതല്‍ നിലവില്‍ വരികയാണ് .സന്ദര്‍ശക, ടൂറിസ്റ്റ് വിസയിലെത്തിയവര്‍ക്ക് രാജ്യം വിടാതെത്തന്നെ പുതിയ വിസയ്ക്ക് അപേക്ഷകള്‍ നല്‍കാന്‍ പുതിയ നിയമം അനുമതി നല്‍കുന്നുണ്ട്. 30 ദിവസത്തേക്കുള്ള സന്ദര്‍ശകവിസ യു.എ.ഇ.യില്‍ നിന്നുകൊണ്ടുത്തന്നെ പുതുക്കാം. 600 ദിര്‍ഹമാണ് ഇതിന് ഈടാക്കുക. ഇങ്ങനെ രണ്ടുതവണ രാജ്യംവിടാതെ തന്നെ സന്ദര്‍ശക വിസ പുതുക്കാന്‍ സാധിക്കും. വിസ കാലാവധി കഴിഞ്ഞും യു.എ.ഇ.യില്‍ കഴിയേണ്ടിവന്നാല്‍ പത്ത് ദിവസത്തിനുശേഷം പ്രതിദിനം 100 ദിര്‍ഹം പിഴയടയ്ക്കണം. ടൂറിസ്റ്റ് വിസയിലെത്തിയ വിനോദ സഞ്ചാരികള്‍ക്കും ഇതുപോലെ രണ്ടു തവണ വിസ മാറാന്‍ അനുമതിയുണ്ട്. വിധവകള്‍ക്കും വിവാഹബന്ധം വേര്‍പെടുത്തിയവര്‍ക്കും സ്‌പോണ്‍സര്‍ ഇല്ലാതെതന്നെ ഒരുവര്‍ഷത്തേക്കുള്ള താമസവിസ അനുവദിക്കും. പങ്കാളിയുടെ മരണത്തിന്റേയോ വിവാഹബന്ധം വേര്‍പെടുത്തിയതിന്റെയോ അന്ന് മുതല്‍ ഒരു വര്‍ഷക്കാലെത്തെക്കാണ് അനുമതി. പന്ത്രണ്ടാംക്ലാസിന് ശേഷവും മാതാപിതാക്കളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിസ കാലാവധി നീട്ടി നല്‍കും.വിദ്യാര്‍ഥികള്‍ക്ക് അവരുടെ കോഴ്‌സ് കഴിയുംവരെയാണ് വിസ നല്‍കുക. മാതാപിതാക്കള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വിദ്യാര്‍ഥികളുടെ സര്‍വകലാശാല, സെക്കന്‍ഡറി സ്‌കൂള്‍ പഠനത്തിന് ശേഷമോ 18 വയസ്സ് പൂര്‍ത്തിയായതിന് ശേഷമോ ഒരു വര്‍ഷത്തെ താമസവിസ ലഭ്യമാക്കും.