ട്രെക്കര്‍മാര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്ന നിരവധിയിടങ്ങൾ പരിചയപ്പെടാം

ട്രെക്കര്‍മാര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്ന നിരവധിയിടങ്ങൾ പരിചയപ്പെടാം  

സാംസ്കാരികമായി മാത്രമല്ല, സാഹസികതയുടെ കാര്യത്തിലും പുണെ ഒട്ടും പിറകിലല്ല. ട്രെക്കര്‍മാര്‍ക്ക് ആസ്വദിക്കാന്‍ നിരവധി ഇടങ്ങളുണ്ട് ഇവിടെ. മഹാരാഷ്ട്രയുടെ കാനന സൗന്ദര്യം ആവോളം ആവാഹിച്ചു വച്ച ഇത്തരം പ്രദേശങ്ങള്‍ പ്രകൃതി സ്നേഹികളുടെയും ട്രെക്കിങ് പ്രേമികളുടെയും പറുദീസയാണ്. അത്തരം ചില സ്ഥലങ്ങള്‍ ഇതാ.

1. വിസാപുര്‍

പുണെ ജില്ലയിലെ മാലാവലി റെയിൽവേ സ്റ്റേഷനിൽനിന്ന് 9 കിലോമീറ്റർ പോയാല്‍ വിസാപുരിൽ എത്തും. ഇവിടെയുള്ള ഒരു പ്രധാന ട്രെക്കിങ് സ്പോട്ടാണ് വിസാപുര്‍ ഫോര്‍ട്ട്‌. ലോഹഗഡ്-വിസാപുർ കോട്ടയുടെ ഭാഗമായ ഇവിടം മണ്‍സൂണ്‍ കാലത്ത് മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ കൊണ്ട് അലങ്കരിക്കപ്പെടും. ഫോര്‍ട്ടില്‍നിന്ന് നോക്കിയാല്‍ മുംബൈ- പുണെ ഹൈവേയുടെ മനോഹര കാഴ്ച കാണാം. മേഘങ്ങള്‍ മൂടുന്ന കുന്നിന്‍ ചെരിവുകള്‍ക്ക് മേലേ വെളുത്ത മേലാടയായി മഞ്ഞിന്‍റെ പാളി കാണാം. മഴക്കാലത്താണ് യാത്രയെങ്കില്‍ വഴിയിലൊക്കെ അല്‍പം വഴുക്കല്‍ കാണും, അതുകൊണ്ട് സൂക്ഷിച്ചു വേണം യാത്ര.മുംബൈ - പുണെ ഹൈവേ ലോഹാഘാഡുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ റോഡ്‌ മാര്‍ഗ്ഗം ഇവിടെത്തിച്ചേരാന്‍ ബുദ്ധിമുട്ടില്ല.

2. രാജ്മച്ചി

മിന്നാമിന്നികളുടെ ഒരു കടലിലൂടെ നടന്നു പോയാല്‍ എങ്ങനെയിരിക്കും? ആ അനുഭവമാണ് സഹ്യാദ്രിയുടെ വിരിമാറില്‍ ഒതുങ്ങിക്കൂടിയിരിക്കുന്ന രാജ്മച്ചി എന്ന കൊച്ചുഗ്രാമത്തിലൂടെയുള്ള യാത്ര നിങ്ങള്‍ക്ക് സമ്മാനിക്കുന്നത്ലോണാവാല, ഖണ്ഡാല എന്നീ ഹിൽ സ്റ്റേഷനുകൾക്കു സമീപം സ്ഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള കോട്ടയാണ് രാജ്മച്ചി കോട്ട. 2710 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം മൺസൂണ്‍ കാലത്ത് ട്രെക്കിങ് പ്രേമികളുടെ പ്രിയ ഡെസ്റ്റിനേഷനാണ്. സഹ്യാദ്രിയിലെ പർവതനിരകളുടെയും ഇടതൂർന്ന വനങ്ങളുടെയും വെള്ളച്ചാട്ടങ്ങളുടെയും സുന്ദരമായ ദൃശ്യങ്ങള്‍ മനസ്സിനെ കുളിര്‍പ്പിക്കും. തുംഗാർലി ഡാം, തടാകം എന്നിവയും അപൂര്‍വ സസ്യജാലങ്ങള്‍ നിറഞ്ഞ രാജ്മച്ചി വന്യജീവി സങ്കേതവും സന്ദര്‍ശിക്കേണ്ട ഇടങ്ങളാണ്.

3. രാജ്ഗഡ്

പുണെയില്‍നിന്ന് 50 കിലോമീറ്റര്‍ തെക്കോട്ടു സഞ്ചരിച്ചാല്‍ മറാത്ത രാജവംശത്തിന്‍റെ ആദ്യകാല തലസ്ഥാനമായിരുന്ന രാജ്ഗഡിലെത്താം. മഹാരാഷ്ട്രയിലെ മറ്റു സ്ഥലങ്ങള്‍ പോലെതന്നെ മണ്‍സൂണ്‍ കാലമാണ് ഇവിടെയും സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. പാനി കുണ്ടും ബാലെകില്ലയും ഇവിടത്തെ പ്രധാന ആകർഷണങ്ങളാണ്.

4. തോരണ

'പ്രചണ്ഡഗഡ്' എന്നും അറിയപ്പെടുന്ന തോരണ കോട്ട രാജ്ഗഡിന് സമീപമാണ്. ജില്ലയിലെ ഏറ്റവും ഉയരമുള്ള കോട്ടയാണ് 1400 മീറ്റർ ഉയരമുള്ള ഇത്. ജുഞ്ചർ മച്ചിയിലേക്കും ബുദ്ധ മച്ചിയിലേക്കും ട്രെക്കിങ് നടത്തുമ്പോള്‍ തോരണയിലേക്ക് പോകാന്‍ നേരിട്ടുള്ള വഴി കിട്ടും. തോരണയിൽ നിന്നു നോക്കിയാല്‍ അകലെയായി രാജ് ഗഡ് കോട്ട പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. റായ്ഗഡ്, ലിംഗാന, പുരന്ദര്‍ കോട്ട, സിംഹഗഡ് എന്നിവയും ഇവിടെ നിന്ന് നോക്കിയാല്‍ കാണാം.

തെക്ക്-പടിഞ്ഞാറൻ കാലവർഷത്തിനുശേഷം സെപ്റ്റംബർ മുതൽ ഡിസംബർ വരെയാണ് ഇവിടെ കൂടുതല്‍ ആളുകള്‍ എത്തുന്നത്. ട്രെക്കര്‍മാർക്ക് ഇവിടെയുള്ള മെൻഗായ് ദേവി ക്ഷേത്രത്തിൽ താമസിക്കാം

5. ശിവ്നേരി

പുണെയില്‍നിന്നു 100 കിലോമീറ്റര്‍ അകലെയാണ് ശിവജിയുടെ ജന്മനാടായിരുന്ന ശിവ്നേരി. പുണെയിൽനിന്നു നേരെ നാസിക് ഹൈവേ പിടിച്ചങ്ങ് പോയാല്‍ ശിവ്നേരി ഉള്‍ക്കൊള്ളുന്ന ജൂന്നാറിലെത്താം.കോട്ടയ്ക്കകത്ത് പലയിടത്തും ശിവാജിയുടെ മാതാവായ ജീജാബായിയുടെയും ശിവാജിയുടെയും പ്രതിമകള്‍ കാണാം. കോട്ടയുടെ നടുവില്‍ 'ബദാമി തലവ്' എന്ന് പേരുള്ള ഒരു കുളമുണ്ട്. കോട്ടയുടെ ഉള്ളില്‍ ഒരിക്കലും വറ്റാത്ത ഗംഗ, യമുന എന്നറിയപ്പെടുന്ന രണ്ട് നീരുറവകളുണ്ട്. കോട്ടയുടെ മുകളിൽ നിന്ന് നോക്കിയാല്‍ കാണുന്ന നാരായണഗഡ്, ഹഡ്‌സർ, ചാവന്ദ്, നിംഗിരി കോട്ടകളുടെ ദൃശ്യങ്ങള്‍ മനോഹരമാണ്.