ടിക്‌ടോക് ഉടമ ചൈനീസ് സർക്കാരിനെ സഹായിക്കുന്നുവോ ?

ടിക്‌ടോക്  ഉടമ ചൈനീസ് സർക്കാരിനെ സഹായിക്കുന്നുവോ ?

ടിക്‌ ടോക് വിഡിയോ ആപ്പിന്റെ ഉടമയായ ബൈറ്റ്ഡാന്‍സ് രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ഷിന്‍ജിയാങ്ങിലുള്ള ഉയിഗുര്‍ മുസ്‌ലിങ്ങള്‍ക്കെതിരെ ചൈനീസ് സർക്കാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുവെന്നാണ് ദി ഓസ്‌ട്രേലിയന്‍ സ്ട്രറ്റിജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് (എഎസ്പിഐ) പുറത്തിറക്കിയ റിപ്പോര്‍ട്ടിൽ പറയുന്നത്. 'മാപ്പിങ് ചൈനാസ് ടെക് ജയന്റ്‌സ്' എന്ന പേരില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത് എല്ലാ മുഖ്യ ചൈനീസ് കമ്പനികളും സർക്കാർ ആവശ്യപ്പെടുന്ന രീതിയില്‍ ജനങ്ങളെ നിരീക്ഷിക്കുകയും വാര്‍ത്തകളും മറ്റും അവരിലെത്താതിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നുവെന്നാണ്. ചൈനയില്‍ ഏറ്റവുമധികം പ്രചാരത്തിലുള്ള വെബ്‌സൈറ്റുകളിലും ആപ്പുകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള കാര്യങ്ങള്‍ ഒരുക്കിയാണ് നിരീക്ഷണം നടത്തുന്നതെന്നാണ് ആരോപണം.

ടിക്‌ടോകിനെ കൂടാതെ വാവെയ്, ടെന്‍സന്റ്, ആലിബാബ തുടങ്ങിയ കമ്പനികളും സർക്കാരിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്നാണ് റിപ്പോര്‍ട്ട് ആരോപിക്കുന്നത്. ഇവരെല്ലാം തികച്ചും അധാര്‍മ്മികമായ രീതിയിലാണ് ഷിന്‍ജിയാങ്ങിലെ മുസ്‌ലിങ്ങകളുടെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതാകട്ടെ പരക്കെ മനുഷ്യാവകാശ ധ്വംസനത്തിലേക്ക് നയിക്കുന്നു. ഷിന്‍ജിയാങ്ങില്‍ ചൈന ലക്ഷക്കണക്കിന് ആളുകളെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്നും അവരെക്കൊണ്ട് അടിമവേല ചെയ്യിക്കുന്നു എന്നും ഭക്ഷണം നല്‍കാതിരിക്കുന്നുവെന്നും മരുന്നുകള്‍ പിരീക്ഷിച്ചുനോക്കാന്‍ ഉപയോഗിക്കുന്നുവെന്നുമെല്ലാമുള്ള ആരോപണങ്ങള്‍ മുൻപും വന്നിട്ടുണ്ട്. ഇത്തരം ചില പ്രശ്‌നങ്ങളൊക്കെയുണ്ടെന്ന് ചൈന പോലും സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ പറഞ്ഞത് അവിടെ നടക്കുന്നത് ആളുകള്‍ക്ക് 'പുതിയ വിദ്യാഭ്യാസം' നല്‍കലാണ് എന്നാണ്. അല്ലാതെ മോശമായ പെരുമാറ്റമൊന്നും നടത്തുന്നില്ലെന്നും ചൈന പറയുന്നു.

പുതിയ ഗവേഷണത്തില്‍ എഎസ്പിഐ കണ്ടെത്തിയിരിക്കുന്നത് ബൈറ്റ്ഡാന്‍സ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പറയുന്നതനുസരിച്ച് ഷിന്‍ജിയാങ്ങില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ്. രാജ്യത്തിന്റെ കടുത്ത സെന്‍സര്‍ഷിപ് നടപ്പാക്കാന്‍ സഹായിക്കുകയാണ് ബൈറ്റ്ഡാന്‍ന്‍ ചെയ്യുന്നതത്രെ. പാര്‍ട്ടിയുടെ പ്രചാരണവേല ഏറ്റെടുത്തിരിക്കുകയാണ് ആപ് എന്നാണ് ആരോപണം.ഏകദേശം 1 കോടി ആളുകളാണ് ഈ പ്രദേശത്തുള്ളത്. ഇവരില്‍ ഭൂരിഭാഗവും ഉയിഗുറുകള്‍ തുടങ്ങിയ ന്യൂനപക്ഷങ്ങളാണ്. ഇവരില്‍ 30 ലക്ഷത്തോളം ആളുകളെ ചൈന തങ്ങളുടെ വിവിധ ക്യാംപുകളില്‍ പിടിച്ചിട്ടിരിക്കുകയാണ് എന്നാണ് ആരോപണം. ഉപഗ്രഹ ചിത്രങ്ങള്‍ വിശകലനം ചെയ്തവര്‍ പറയുന്നത് ഈപ്രദേശത്ത് 465 ക്യാംപുകളെങ്കിലും ഉണ്ടെന്നാണ്.

ടിക്‌ടോക് ലോകമെമ്പാടും വൈറലായ ആപ്പാണ്. എന്നാല്‍ ചൈനയ്ക്കുള്ളില്‍ അതിനു പകരം ബൈറ്റ്ഡാന്‍സ് പ്രചരിപ്പിച്ചിരിക്കുന്നത് ഡുയൂയിന്‍ (Douyin) എന്ന ആപ്പാണ്. ലോകത്ത് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ആപ്പുകളിലൊന്നാണ് ടിക്‌ടോക്. 150 വിപണികളില്‍ അതിന് സാന്നിധ്യമുണ്ട്. എന്നാല്‍, അതിന്റെ ചൈനീസ് പതിപ്പായ ഡുയൂയിനില്‍ ഷിന്‍ജിയാങ്ങിലെ ഇന്റര്‍നെറ്റ് പൊലീസിന്റെ നിരീക്ഷണമുണ്ടെന്നാണ് ആരോപണം. ഇവിടെ വാവെയ് തുടങ്ങിയ കമ്പനികളും അനുവര്‍ത്തിക്കുന്ന രീതിയാണ് ബൈറ്റ്ഡാന്‍സും പിന്തുടരുന്നതെന്നു കാണാം. ചൈനയ്ക്കുള്ളില്‍ ഒരു വേര്‍ഷനും ആഗോളതലത്തില്‍ മറ്റൊരു സമീപനവുമാണ് അവര്‍ സ്വീകരിക്കുന്നത്.

ചൈനയില്‍ ബൈറ്റ്ഡാന്‍സിന്റെ അനുമതിയോടെ ഉദ്യോഗസ്ഥര്‍ തങ്ങളുടെ വിവിധ പ്രചാരണവേലകള്‍ക്കായി ഡുയൂയിനില്‍ അക്കൗണ്ടുകള്‍ എടുത്തിരിക്കുകയാണെന്നും എഎസ്പിഐ ആരോപിക്കുന്നു. ബൈറ്റ്ഡാന്‍സ് പൊലീസുമായുള്ള ഇടപാടുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങുകയാണെന്നും എന്നാല്‍ അതുകൊണ്ട് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നു വ്യക്തമല്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഈ ആരോപണങ്ങളെക്കുറിച്ചൊന്നും ഇതുവരെ ബൈറ്റ്ഡാന്‍സോ ടിക്‌ടോക്കോ പ്രതികരിച്ചിട്ടില്ല.

ബൈറ്റ്ഡാന്‍സിനെതിരെ അമേരിക്കയില്‍ അന്വേഷണം തുടങ്ങിയിരിക്കുകയാണ്. അവര്‍ 2017ല്‍ 100 കോടി ഡോളറിന് മ്യൂസിക്കലി എന്ന ആപ് വാങ്ങിയാണ് അമേരിക്കയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. അന്നു മുതലുള്ള കാര്യങ്ങള്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നാണ് അറിയുന്നത്.