സൂപ്പർകാറിന്റെ എൻജിൻ ഘടിപ്പിച്ച ബെൻസ്

സൂപ്പർകാറിന്റെ എൻജിൻ ഘടിപ്പിച്ച ബെൻസ്

എൺപതുകളിലും തൊണ്ണൂറുകളിലും ജപ്പാനിലേയും അമേരിക്കയിലേയും കാർ പ്രേമികളുടെ ഇഷ്ടവാഹനമായിരുന്നു ടൊയോട്ട സുപ്ര. റോഡുകളെ പ്രകമ്പനം കൊള്ളിക്കുന്ന ഈ കാറിന്റെ നാലാം തലമുറയിൽ (1993–2002) ടൊയോട്ടയുടെ എക്കാലത്തേയും മികച്ച എൻജിനുകളിലൊന്നായ 2JZ-GTE കൂടി ഘടിപ്പിച്ചതോടെ അക്കാലത്തെ ടൊയോട്ടയുടെ സൂപ്പർകാറായി മാറി സുപ്ര. ഇന്നും വാഹനപ്രാന്തൻമാരുടെ ഇഷ്ടവാഹനമാണ് ഈ സൂപ്പർസ്റ്റാർ. മലയാള സിനിമയിലെ കാർപ്രേമികളില്‍ ഒന്നാം നമ്പർതാരമായ ദുൽക്കർ സൽമാന്റെ ഗ്യാരേജിലെ വിവിഐപിയായി ഒരു സുപ്രയുണ്ട്.

ടൊയോട്ട സുപ്രയപ്പോലെ തന്നെ വാഹന ലോകത്തിന് എന്നും പ്രിയപ്പെട്ട മറ്റൊരു വാഹനമാണ് ബെൻസ് ഡബ്ല്യു 124. മെഴ്സ‍ിഡീസ് ബെൻസ് ഇന്ത്യയിൽ പുറത്തിറക്കുന്ന ആദ്യ കാല കാറുകളിലൊന്നാണ് ഈ ക്ലാസിക് വാഹനം. തൊണ്ണൂറുകളിലെ പ്രിയ കാറായിരുന്ന ഈ വാഹനത്തിൽ ടൊയോട്ടയുടെ ഏറ്റവും മികച്ച എൻജിൻ ഘടിപ്പിച്ചാൽ എങ്ങനെയിരിക്കും. സൗന്ദര്യവും ആഡംബരവും ഒപ്പം ഒരു കാളകൂറ്റന്റെ കരുത്തും.ഒന്നു കൈവെച്ചാൽ 1000 ബിഎച്ച്പി വരെ കരുത്തിൽ മോഡിഫൈ ചെയ്യാൻ പറ്റുന്ന എൻജിൻ. ആ എൻജിൻ  ഡബ്ല്യു 124ൽ എന്നതാണ് മുംബൈയിലെ കെഎസ് മോട്ടർ സ്പോർട്ടിന്റെ സ്വപ്നം. എൻജിനും ഗിയർബോക്സും സസ്പെൻഷനും ബ്രേക്കുകളുമെല്ലാം മാറിയ ഈ ബെൻസ് ഇപ്പോൾ ശരിക്കുമൊരു സൂപ്പർകാറാണ്. കണ്ടാൽ ഒരു ക്ലാസിക് ബെൻസ്, എന്നാൽ ആക്സിലേറ്റർ കൊടുത്താലോ നിലവിലെ ഇന്ത്യൻ നിരത്തിലെ ഏതു സൂപ്പർസ്റ്റാറുകളെ വെല്ലുന്ന കരുത്തുള്ള സൂപ്പർകാർ.

വാഹനത്തിന്റെ മോഡിഫിക്കേഷൻ പൂർണമായും കഴിഞ്ഞില്ലെങ്കിലും റോഡിലൂടെ ഓടുന്ന ഈ അദ്ഭുത ജനുസിന്റെ വിഡിയോകൾ വാഹന ലോകത്ത് താരമാണ്. എൻജിനും അനുബന്ധ ഘടകങ്ങളും മാറ്റിയതൊഴിച്ചാൽ ഡബ്ല്യു 124 ന്റെ ക്ലാസിക് രൂപഗുണത്തിന് അധികം കോട്ടവും വരുത്തിയിട്ടില്ല കെഎസ് മോട്ടർസ്പോർട്. കരുത്തുറ്റ എൻജിനായതുകൊണ്ട് മുൻ ബംബർ ചെറുതായൊന്ന് മുറിച്ച് ഇന്റർകൂളർ പുറത്ത് കാണുന്ന രീതിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ കരുത്തനെ പിടിച്ചു കെട്ടാനായി 8 പോട്ട് കാലിപ്പർ 356 എംഎം ഡിസ്ക് ബ്രേക്ക് മുന്നിലും 6 പോട്ട് കാലിപ്പർ 330 എംഎം ഡിസ്ക് ബ്രേക്ക് പിന്നിലും ഉപയോഗിച്ചിരിക്കുന്നു. 220 കിലോഗ്രാം ഭാരമുള്ള ഈ എൻജിന്റേയും യാത്രക്കാരുടേയും ഭാരം തങ്ങാനും മികച്ച ഡ്രൈവ് നൽകാനുമായി ബിസ്റ്റിൻ ബി6 ഡാംപറുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

ടൊയോട്ട നിർമിച്ച ഏറ്റവും മികച്ച എൻജിനുകളിലൊന്നാണ് 2JZ-GTE. തൊണ്ണൂറുകളുൽ ജപ്പാനിൽ പുറത്തിറങ്ങിയപ്പോൾ 276 ബിഎച്ച്പി കരുത്ത് എന്നാണ് ടൊയോട്ട പറഞ്ഞിരുന്നത്. പിന്നീട് അമേരിക്കയിലെത്തിയപ്പോൾ ഈ വാഹനത്തിന് 320 ബിഎച്ച്പി കരുത്തും 430 എൻഎം ടോർക്കുമുണ്ട് ഈ എൻജിനെന്ന് വാഹനഭ്രാന്തൻമാർ കണ്ടെത്തി. കാസ്റ്റ് ആയൺ ബ്ലോക്കുകളും അലുമിനിയം സിലിണ്ടർ ഹെഡ്ഡുകളുമുള്ള ഈ ആറ് സിലിണ്ടർ എൻജിൻ 1991 മുതൽ 2002 വരെയാണ് നിർമിച്ചത്. വെറും 5 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കുന്ന ഈ എൻജിൻ അക്കാലത്തെ വേഗ രാജാക്കന്മാരിലൊരാളായിരുന്നു.