ബുദ്ധിശക്തി കൂട്ടാൻ നൽകാം സ്റ്റെം ടോയ്സ്

ബുദ്ധിശക്തി കൂട്ടാൻ നൽകാം സ്റ്റെം ടോയ്സ് 


      ഇന്നത്തെ അച്ഛനമ്മമാർക്ക് അവരുടെ മക്കൾ  പണ്ടത്തെപ്പോലെ ‘കുട്ടിയും കോലും’ കളിച്ചു നടന്നാൽ പോര. ചെറുപ്രായം തൊട്ടേ ബുദ്ധിശക്തിയും ചിന്താശക്തിയും വർധിപ്പിക്കുന്ന തരത്തിലുള്ള കളികളിൽ വേണം മക്കൾ ഏർപ്പെടാൻ എന്നതാണ് രക്ഷിതാക്കളുടെ ആഗ്രഹം. വിപണിയിൽ അതിനനുസരിച്ചുള്ള പുതിയ തരം കളിപ്പാട്ടങ്ങൾ ലഭ്യമാണ്.

ഇത്തരം കളിപ്പാട്ടങ്ങളെയാണ് സ്റ്റെം ടോയ്സ് എന്നു പറയുന്നത്. STEM- Science, Technology, Engineering, Mathematicsഎന്നതിന്റെ ചുരുക്കപ്പേരാണ് സ്റ്റെം. ഇത് ഒരു പഠന സമ്പ്രദായത്തെക്കൂടിയാണ് സൂചിപ്പിക്കുന്നത്. അമേരിക്കയിൽ ആണ് ഈ കാഴ്ചപ്പാട് വികസിച്ചുവന്നത്. കുട്ടികളിലെ ശാസ്ത്ര, സാങ്കേതിക, ഗണിത, വൈദഗ്ദ്യത്തെ പരിപോഷിപ്പിക്കുന്ന തരം പഠന രീതിയാണ് സ്റ്റെം. അവധിക്കാലത്ത് അമേരിക്കയിൽ കുട്ടികൾക്കായി സ്റ്റെം ക്യാപുകൾ നടത്തുന്നുണ്ടത്രേ.

ഇതേ ആശയവുമായി രൂപപ്പെടുത്തിയവയാണ് സ്റ്റെം കളിപ്പാട്ടങ്ങൾ. സംഖ്യകൾ, അക്ഷരങ്ങൾ, ഗണിത രൂപങ്ങൾ തുടങ്ങിയവയുടെ വിന്യാസം, ക്രമീകരണം, പസിലുകൾ, തുടങ്ങിയവയാണ് സ്റ്റെം കളികളിൽ ഉൾപ്പെടുക. കുട്ടിക്കാലത്തേ ഇത് ശീലിക്കുന്ന കുഞ്ഞുങ്ങൾക്ക് ഭാവിയിൽ കരിയർ സാധ്യത കൂടുതലാണെന്നാണ് മാതാപിതാക്കളുടെ പ്രതീക്ഷ. ഒരു തരത്തിൽ ഇത്തരം കളിപ്പാട്ടങ്ങൾ കുട്ടികളിലെ ചിന്താശേഷിയും യുക്തിബോധവും വർധിപ്പിക്കുന്നുണ്ട്.


എന്നു കരുതി സ്റ്റെം ടോയ്സ് വാങ്ങി നൽകുന്നതുകൊണ്ടുമാത്രം കുട്ടികളുടെ ആലോചനാശേഷി മെച്ചപ്പെടണമെന്നില്ലെന്നാണ് മറ്റൊരു വിഭാഗം ഗവേഷകർ അവകാശപ്പെടുന്നത്. പ്രകൃതിയുമായി ഇണങ്ങുന്ന വിധം ഔട്ട് ഡോർ കളികളാണ് കുട്ടികളുടെ ബുദ്ധിശക്തി വർധിപ്പിക്കുന്നതെന്നും ഇങ്ങനെ ചെയ്താൽ മാത്രമേ ചുറ്റുപാടും സമൂഹവുമായി അവർക്ക് ഇണങ്ങാൻ കഴിയുകയുള്ളൂ എന്നുമാണ് ഇക്കൂട്ടർ അഭിപ്രായപ്പെടുന്നത്. എന്തായാലും കുട്ടികൾക്ക് സ്റ്റെം ടോയ്സ് വാങ്ങി നൽകുന്നതിനൊപ്പം പ്രകൃതിയിലേക്കുള്ള വാതിൽ നമുക്ക് തുറന്നുവയ്ക്കുക കൂടി ചെയ്യാം. അവരുടെ ബുദ്ധിയും ഭാവനയും ഒരേപോലെ വളരട്ടെ.


Stem Toys Can Be Used To Increase Intelligence