തിരുത്തല്‍ നോട്ടീസ് അയച്ച് ഫെയ്‌സ്ബുക്ക്

തിരുത്തല്‍ നോട്ടീസ് അയച്ച് ഫെയ്‌സ്ബുക്ക്

ഭരണകൂടത്തിന്റെ നിര്‍ദേശം പാലിച്ച് ഉപയോക്താവിന്റെ പോസ്റ്റിന് തിരുത്തല്‍ നോട്ടീസ് അയച്ച് ഫെയ്‌സ്ബുക്ക്. ഇത് ആദ്യമായാണ് സിംഗപ്പൂരിലെ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതിനെതിരെയുള്ള നിയമം ഫെയ്‌സ്ബുക്ക് പാലിക്കുന്നത്. ഇലക്ഷനില്‍ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട് ഒരു വെബ്‌സൈറ്റില്‍ വന്ന വ്യാജവാര്‍ത്ത പങ്കുവെച്ചുകൊണ്ടുള്ള ഉപയോക്താവിന്റെ പോസ്റ്റില്‍ തിരുത്തല്‍ വരുത്തണമെന്നായിരുന്നു സിംഗപ്പൂര്‍ സര്‍ക്കാരിന്റെ നിര്‍ദേശം.ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ വ്യാജമാണെന്ന് കണ്ടാല്‍ അവയ്‌ക്കൊപ്പം ഒരു മുന്നറിയിപ്പ് നല്‍കാന്‍ സോഷ്യല്‍ മീഡിയാ സേവനങ്ങളൊട് ആവശ്യപ്പെടാന്‍ മന്ത്രിമാര്‍ക്ക് അധികാരം നല്‍കുന്നതാണ് ഈ നിയമം. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് ഇത് ഭീഷണിയാവുമെന്ന് രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നുണ്ട്.

സര്‍ക്കാര്‍ വിരുദ്ധ വെബ്‌സൈറ്റായ സ്‌റ്റേറ്റ് ടൈംസ് റിവ്യൂവിന്റെ ഉടമ അലക്‌സ് ടാനിന്റെ പോസ്റ്റിനൊപ്പമാണ് ഫെയ്‌സ്ബുക്ക് വ്യാജവാര്‍ത്താ മുന്നറിയിപ്പ് നല്‍കിയത്.ഈ പോസ്റ്റ് തിരുത്തണമെന്ന് വ്യാഴാഴ്ച സര്‍ക്കാര്‍ അലക്‌സിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിദേശത്ത് താമസിക്കുന്ന അലക്‌സ് അത് അനുസരിക്കാന്‍ തയ്യാറായില്ല. ഞാന്‍ ഒരു ഓസ്‌ട്രേലിയന്‍ പൗരനാണെന്നും ഒരു വിദേശ രാജ്യത്തിന്റെ നിര്‍ദേശം അനുസരിക്കേണ്ട ബാധ്യത തനിക്കില്ലെന്നും അലക്‌സ് പറഞ്ഞു.ഇതേ തുടര്‍ന്നാണ് ഈ പോസ്റ്റില്‍ തിരുത്തല്‍ നല്‍കാന്‍ സര്‍ക്കാര്‍ ഫെയ്‌സ്ബുക്കിനോട് ആവശ്യപ്പെട്ടത്. ഫെയ്‌സ്ബുക്ക് അത് അനുസരിക്കുകയും ചെയ്തു.

'ഈ പോസ്റ്റില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് സിംഗപ്പൂര്‍ സര്‍ക്കാര്‍ പറയുന്നത് എന്ന് നിയമപരമായി ഫെയ്‌സ്ബുക്കിന് നിങ്ങളോട് പറയേണ്ടിയിരിക്കുന്നു.' എന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് അലക്‌സ് ടാനിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനൊപ്പം ഫെയ്‌സ്ബുക്ക് ചേര്‍ത്തിരിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു വസ്തുതാ പരിശോധന വെബ്‌സൈറ്റിലേക്കുള്ള ലിങ്കും ഒപ്പം നല്‍കിയിട്ടുണ്ട്.സിംഗപ്പൂര്‍ നിയമപ്രകാരം, ഈ പോസ്റ്റുകളില്‍ ഫെയ്‌സ്ബുക്ക് ഒരു ലേബല്‍ നല്‍കിയിട്ടുണ്ട്. അവയില്‍ തെറ്റായ വിവരം അടങ്ങുന്നുവെന്നാണ് സിംഗപ്പൂര്‍ സര്‍ക്കാരിന്റെ നിര്‍ണയം എന്ന് ഫെയ്‌സ്ബുക്ക് വക്താവ് ശനിയാഴ്ച പറഞ്ഞു.

മാസങ്ങള്‍ക്കുള്ളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വ്യാജവാര്‍ത്താ പ്രചാരണം തടയുന്നതിനുള്ള നിയമം കര്‍ശനമാക്കിയിരിക്കുന്നത്. ദുര്‍ബലമായ പ്രതിപക്ഷം ഭരണത്തിലിരിക്കുന്ന പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടിയ്ക്ക് വെല്ലുവിളിയല്ല.ഈ നിയമം തിങ്കളാഴ്ചയാണ് സിംഗപൂര്‍ സര്‍ക്കാര്‍ ആദ്യമായി പ്രയോഗിച്ചത്. പ്രതിപക്ഷ പാര്‍ട്ടി അംഗമായ ബ്രാഡ് ബോവ്‌യെറിനോട് അദ്ദേഹത്തിന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് തിരുത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അദ്ദേഹം ഇത് അനുസരിക്കുകയും ചെയ്തു.കഴിഞ്ഞ വര്‍ഷത്തെ സിംഗപ്പൂരിലെ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപകരായ ഫെയ്‌സ്ബുക്ക് നൂറ്‌കോടി ഡോളറിന്റെ ഒരു ഡാറ്റാ സെന്റര്‍ സിംഗപ്പൂരില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.