സ്വയം നിയന്ത്രിതവാഹനങ്ങൾ

സ്വയം നിയന്ത്രിതവാഹനങ്ങൾ

ഡ്രൈവിങ് ലളിതമാക്കുന്ന സംവിധാനങ്ങൾ ഒട്ടേറെയുണ്ട് പുതുതലമുറ കാറുകളിൽ. ഡ്രൈവർ ആവശ്യമില്ലാത്ത സ്വയം നിയന്ത്രിത കാറുകളുടെ ഗവേഷണവും ത്വരിതഗതിയിൽ മുന്നേറുന്നു. വാഹനലോകത്തെ മാറ്റിമറിക്കുന്ന പുത്തൻ സാങ്കേതികവിദ്യകളെക്കുറിച്ചും ഗവേഷണങ്ങളെക്കുറിച്ചും ഒന്നു മനസ്സിലാക്കാം.

വൈദ്യുതിയിലോടുന്ന വാഹനങ്ങളെക്കുറിച്ചാണ് ഇപ്പോൾ നാടു മുഴുവൻ സംസാരം; പ്രത്യേകിച്ച് വാഹനപ്രേമികളുടെ ഇടയിൽ. കേന്ദ്ര സർക്കാരിന്റെ പുതിയ വാഹന നിയമത്തോടൊപ്പം സംസ്ഥാന സർക്കാരിന്റെ പുത്തൻ നയങ്ങളും കൂടിയായതോടെ ചർച്ചയ്ക്കു ചൂടു പിടിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ ഇത്ര തിടുക്കപ്പെട്ട് കൊണ്ടുവരേണ്ട കാര്യമുണ്ടോ? സാവധാനം പ്രാബല്യത്തിൽ വരുത്തിയാൽ പോരേ എന്നു ചോദിക്കുന്നവരാണ് ഭൂരിപക്ഷവും. നാം വൈദ്യുതവാഹനങ്ങൾ നിരത്തിലെത്തിക്കാൻ ശ്രമിക്കുമ്പോൾ മറ്റു രാജ്യങ്ങൾ ഒരു പടികൂടി കടന്ന് ഡ്രൈവർ ഇല്ലാത്ത വാഹനങ്ങൾ നിരത്തിലെത്തിക്കുന്നതിന്റെ ഗവേഷണത്തിലാണ്. കാരണം വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം കുറച്ചതുകൊണ്ടു മാത്രം പ്രശ്നങ്ങൾ തീരില്ല എന്നവർക്കറിയാം. മലിനീകരണത്തോടൊപ്പമോ ഒരുപക്ഷേ അതിനേക്കാളോ പ്രാധാന്യമുള്ള ഒട്ടേറെ പ്രശ്നങ്ങൾ ഇന്ന് വാഹനങ്ങൾകൊണ്ടുണ്ടാകുന്നുണ്ട്.

മുംബൈ, ബെംഗളൂരു, ചെന്നൈ എന്നു വേണ്ട നമ്മുടെ സ്വന്തം കൊച്ചി വരെ ഇന്ന്‌ നേരിടുന്ന പ്രധാന പ്രശ്നമാണു ഗതാഗതക്കുരുക്ക്. വാഹനങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങളാണു മറ്റൊന്ന്. വാഹന അപകടങ്ങൾ മൂലം ഇന്ത്യയിൽ നാലു മിനിറ്റിൽ ഒരാൾ മരിക്കുന്നു എന്നാണ് കണക്ക്. സ്വയം നിയന്ത്രിത വാഹനങ്ങൾ എത്തുന്നതോടെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണു വാഹന ലോകം.

മനുഷ്യസഹായം കൂടാതെ ഉള്ളിലുള്ള കംപ്യൂട്ടർ സംവിധാനത്തിന്റെ നിർദേശങ്ങൾ മാത്രം ഉപയോഗിച്ചു സഞ്ചരിക്കുന്ന വാഹനങ്ങളെയാണ് സ്വയം നിയന്ത്രിത വാഹനങ്ങൾ എന്നു വിശേഷിപ്പിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ വണ്ടി ഓടിക്കാൻ ഡ്രൈവർ വേണ്ട എന്നർഥം. അതിനൂതന ക്യാമറ, റഡാർ, ജി പി എസ് എന്നിവയിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ കൃത്രിമബുദ്ധിയുള്ള കംപ്യൂട്ടർ സംവിധാനങ്ങളിലേക്കു കടത്തിവിട്ടാണ് ഇതു സാധിക്കുന്നത്.

സ്വയം നിയന്ത്രിത വാഹനങ്ങൾ വരുന്നതോടെ വാഹന ഉപയോഗത്തിൽ വലിയ മാറ്റം ഉണ്ടായേക്കാം. ഒരുപക്ഷേ, പഴ്‌സനൽ വാഹനം എന്ന കാഴ്ചപ്പാട് ഇല്ലാതായേക്കാം. ഉൗബർ, ഓല ടാക്സി ചെയിൻ പോലെ ആവശ്യമുള്ളപ്പോൾ മൊബൈലിൽ ബട്ടൺ അമർത്തുമ്പോൾ വണ്ടി തനിയെ ഓടി യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിക്കൊള്ളും. വാഹനം ഓടിക്കേണ്ട ആവശ്യമില്ല. പാർക്കിങ് ചെയ്യാനുള്ള സ്ഥലം തനിയെ കണ്ടെത്തിക്കൊള്ളും. കംപ്യൂട്ടർ നിയന്ത്രിതമായതിനാൽ രാപകലില്ലാതെ കൂടുതൽ ട്രിപ്പുകൾ നടത്താനാവും. സാധാരണ ടാക്സി സർവീസുകളെക്കാൾ ചെലവും കുറയും. സ്വയം നിയന്ത്രിത വാഹനങ്ങൾ യാഥാർഥ്യമാക്കാൻ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ലോകമെമ്പാടുമുള്ള നിർമാതാക്കൾ കിണഞ്ഞു പരിശ്രമിക്കുകയാണ്.

ഡ്രൈവർ വേണ്ടാത്ത വാഹനങ്ങൾ ഇന്ത്യപോലുള്ള വികസ്വരരാജ്യങ്ങളിൽ ഇന്നും ഒരു വിദൂര സ്വപ്നമാണെങ്കിലും വികസിതരാജ്യങ്ങൾ അതിനു വളരെ അടുത്തെത്തിയിരിക്കുന്നു. തനിയെ സഞ്ചരിക്കാൻ സാധിക്കുന്ന വാഹനങ്ങൾ വികസിപ്പിച്ചെങ്കിലും നിലവിലുള്ള സോഫ്റ്റ്‌വെയർ സാങ്കേതികവിദ്യയുടെ പക്വതക്കുറവും നിയമതടസ്സങ്ങളുമാണു പ്രധാന നിർമാതാക്കളായ ഗൂഗിൾ, ഉൗബർ , ടെസ്‌ല എന്നിവയെ സ്വയം നിയന്ത്രിത വാഹനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ഇറക്കുന്നതിൽനിന്നു പിന്തിരിപ്പിക്കുന്നത്.

സാങ്കേതികവിദ്യയുടെ പല തലങ്ങൾ ഡ്രൈവറുടെ അശ്രദ്ധ മൂലമുള്ള അപകടങ്ങൾ കുറയ്ക്കാനുള്ള മുന്നറിയിപ്പുകൾ നൽകാൻ സാധിക്കുന്ന ലളിത സംവിധാനങ്ങൾ മുതൽ കൃത്രിമബുദ്ധി ഉപയോഗിക്കുന്ന പൂർണമായും കംപ്യൂട്ടർ നിയന്ത്രിത വാഹനങ്ങൾ വരെ ഉൾപ്പെടുന്ന ഈ വിഭാഗത്തിലെ വാഹനങ്ങളെ വാഹന എൻജിനീയർമാരുടെ സംഘടനയായ സൊസൈറ്റി ഓഫ് ഓട്ടമോട്ടീവ് എൻജിനീയേഴ്സ് പ്രധാനമായും 6 വിഭാഗമായി തിരിച്ചിട്ടുണ്ട്

∙ ലെവൽ 0 - ഒരു വാഹനം അപകടത്തിൽപെടാനുള്ള സാഹചര്യമുണ്ടെങ്കിൽ അതൊഴിവാക്കാനായി ഡ്രൈവർക്കു സുരക്ഷാ മുന്നറിയിപ്പുകൾ നൽകാനുള്ള സംവിധാനമാണ് ഈ വിഭാഗത്തിലുള്ള കാറുകളുടെ പ്രത്യേകത. എന്നാൽ വാഹനത്തിന്റെ ബ്രേക്ക്, സ്റ്റിയറിങ് എന്നിവ നിയന്ത്രിക്കാൻ ഈ സാങ്കേതികവിദ്യ മതിയാകില്ല.

∙ലെവൽ 1 - ഒരു ഡ്രൈവർ വാഹനം നിയന്ത്രിക്കാനായി ചെയ്യേണ്ട പല ജോലികളും ഈ വിഭാഗത്തിലെ കാറുകൾക്കു തനിയെ ചെയ്യാനാകും. മുന്നിലുള്ള വാഹനവുമായുള്ള ദൂരം മനസ്സിലാക്കി വാഹനത്തിന്റെ വേഗം സ്വയം ക്രമീകരിച്ചു സഞ്ചരിക്കാൻ സാധിക്കുന്ന അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, നിരത്തുകളിലെ വരികൾ മനസ്സിലാക്കി വാഹനത്തിന്റെ സഞ്ചാരപാത അവയ്ക്കുള്ളിൽ കൂടി തനിയെ നിയന്ത്രിക്കാൻ സാധിക്കുന്ന ഇലക്ട്രിക് സ്റ്റിയറിങ് സാങ്കേതികവിദ്യ എന്നിവഈ വിഭാഗത്തിലുണ്ട്. ഡ്രൈവർ സ്റ്റിയറിങ്ങിന്റെ മുകളിൽ കൈ വച്ചാൽ മാത്രം മതി. റോഡ് സാഹചര്യങ്ങൾ മനസ്സിലാക്കി സ്വയം നിയന്ത്രിക്കാൻ സാധിക്കുന്ന സ്റ്റിയറിങ് സംവിധാനങ്ങൾ ഉണ്ടെങ്കിലും സുരക്ഷാ കാരണങ്ങൾ മൂലം ഏതാനും നിമിഷങ്ങളിൽ കൂടുതൽ കൈ വിട്ട് ഓടിക്കാൻ ലെവൽ 1 കാറുകൾ അനുവദിക്കില്ല. യൂറോപ്പിലും അമേരിക്കയിലും വിൽപനയുള്ള മിക്ക നിസാൻ, ബെൻസ്, ഓഡി, ബിഎംഡബ്ല്യു കാറുകളിലും രണ്ടു വർഷമായി ഈ സംവിധാനങ്ങളുണ്ട്.

∙ലെവൽ 2 - ഡ്രൈവറുടെ പൂർണ ശ്രദ്ധ വേണമെങ്കിലും വാഹനം സ്വയം കാര്യങ്ങൾ ചെയ്യുന്നതാണു ലെവൽ 2. മാറുന്ന റോഡ് സാഹചര്യങ്ങൾക്ക് അനുസൃതമായി ആക്സിലറേഷൻ, ബ്രേക്ക്, സ്റ്റിയറിങ് നിയന്ത്രണം, ഒരു വരിയിൽനിന്നും മറ്റൊരു വരിയിലേക്കു മാറുക എന്നിവയൊക്കെ വാഹനത്തിനു സ്വന്തമായി തീരുമാനമെടുത്തു ചെയ്യാൻ സാധിക്കും. ടെസ്‌ലയുടെ മിക്ക മോഡലുകളും ലെവൽ 2 സാങ്കേതികവിദ്യ ഉപയോഗിക്കുന്നവയാണ്. വിമാനങ്ങളിൽ കാണുന്ന ഓട്ടോ പൈലറ്റ് സാങ്കേതികവിദ്യയോട് ഉപമിക്കാൻ സാധിക്കുന്നതാണ് ലെവൽ 2. അതുകൊണ്ടാകണം ടെസ്‌ല കാറുകളിൽ ഈ സാങ്കേതികവിദ്യയെ ടെസ്‌ല ഓട്ടോ പൈലറ്റ് എന്നു തന്നെ വിശേഷിപ്പിക്കുന്നത്.

∙ലെവൽ 3 - ഈ വിഭാഗത്തിലുള്ള വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവറുടെ ശ്രദ്ധ പൂർണമായും റോഡിൽ വേണമെന്നില്ല. പെട്ടെന്നുള്ള പ്രതികരണം വാഹനം തനിയെ ചെയ്തുകൊള്ളും. പക്ഷേ ഡ്രൈവർസീറ്റിൽ ആളുണ്ടാകണം. വാഹനം ഓടിക്കുന്ന അവസരത്തിൽ ഡ്രൈവർക്കു മറ്റു ജോലികളിൽ മുഴുകാൻ സാധിക്കും. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള വെയിമോയുടെ കാറുകൾ ലെവൽ 3 വിഭാഗത്തിൽ ഉള്ളവയാണ്.

∙ലെവൽ 4 - ലെവൽ 3 യെക്കാളും കുറച്ചുകൂടി സ്വയംപര്യാപ്തമാണ് ലെവൽ 4. ഇത്തരം വാഹനങ്ങളിൽ ഡ്രൈവർ എല്ലാ സമയവും സീറ്റിൽ വേണമെന്നില്ല. ദൂരെ യാത്രകളിൽ ഡ്രൈവർ കുറച്ചു ദൂരം ഉറങ്ങിയാലും കുഴപ്പമില്ല. വേണ്ടി വന്നാൽ വാഹനം സ്വയം യാത്ര മതിയാക്കി സൈഡിൽ പാർക്ക് ചെയ്തുകൊള്ളും.

∙ലെവൽ 5 - പൂർണമായും സ്വയംപര്യാപ്തമായ റോബട്ടിക് കാറുകൾ.ഡ്രൈവർ വേണ്ട. സ്റ്റിയറിങ്ങും പെഡലുകളും കാണണമെന്നില്ല.