സ്വയം നിയന്ത്രിത വാഹനങ്ങളുടെ പ്രവർത്തനം

സ്വയം നിയന്ത്രിത വാഹനങ്ങളുടെ പ്രവർത്തനം

വാഹനാപകടങ്ങൾ കുറയ്ക്കാൻ വികസിപ്പിച്ച ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ) സംവിധാനങ്ങളാണ് സ്വയം നിയന്ത്രിത കാറുകളിലേക്കു വഴിവച്ചത്. ലെവൽ 0 - ലെവൽ 1 സ്വയം നിയന്ത്രിത വാഹനങ്ങളിലെ സാങ്കേതികവിദ്യയാണ് ADAS സംവിധാനം. ഡ്രൈവറുടെ പിഴവുകൾ മൂലമുണ്ടാകാവുന്ന അപകടങ്ങൾ കുറയ്ക്കുക എന്നതാണ് ഇത്തരം സംവിധാനങ്ങളുടെ ലക്ഷ്യം.വാഹനത്തിന്റെ മുന്നിലും വശങ്ങളിലും പിന്നിലും ഘടിപ്പിച്ച ക്യാമറകളാണ് ഇത്തരം സാങ്കേതികവിദ്യയുടെ കണ്ണുകൾ. ഈ സംവിധാനം ഉപയോഗിക്കുന്ന വാഹനങ്ങളിൽ കുറഞ്ഞത് 4 ക്യാമറ എങ്കിലും ഉണ്ടാകും ഈ ക്യാമറകളിൽനിന്നും ലഭിക്കുന്ന വിഡിയോ ദൃശ്യങ്ങൾ ഒരു ഇമേജ് പ്രോസസറിൽ കടത്തിവിടുന്നു. കൃത്രിമബുദ്ധിയുള്ള കംപ്യൂട്ടർ സംവിധാനവുമായി ഘടിപ്പിച്ചിരിക്കുന്ന ഇമേജ് പ്രോസസറിനു ക്യാമറ ദൃശ്യങ്ങളിലുള്ള വസ്തുക്കളെ തിരിച്ചറിയാൻ സാധിക്കും. ഉദാഹരണത്തിന് വാഹനത്തിനു കുറുകെഒരു കാൽനടയാത്രക്കാരൻ എടുത്തു ചാടുകയാണെങ്കിൽ മുന്നിലെ ക്യാമറയിൽ കാൽനടയാത്രക്കാരന്റെ ചിത്രങ്ങൾ പതിയുന്നു.തൊട്ടു മുന്നിലെ വസ്തു ഒരു മനുഷ്യനാണെന്ന് ഇമേജ് പ്രോസസർതിരിച്ചറിയുന്ന നിമിഷം വാഹനത്തിനുള്ളിൽ കംപ്യൂട്ടർ സംവിധാനം സ്വയം ബ്രേക്കു ചെയ്ത് അപകടം ഒഴിവാക്കും

ഇത്തരം ക്യാമറകൾക്ക് റോഡിലെ വരികൾ തിരിച്ചറിയാനുള്ള കഴിവുമുണ്ട്. ഒട്ടേറെ വരികളുള്ള നിരത്തുകളിൽ കൃത്യമായ സഞ്ചാരപാത കണ്ടെത്തി വാഹനത്തിനെ അതിനുള്ളിൽകൂടി നിയന്ത്രിച്ച് ഓടിച്ചുകൊണ്ടുപോകാൻ ലെയിൻ അസിസ്റ്റന്റ് സാങ്കേതികവിദ്യയ്ക്കു സാധിക്കും. ഒരളവു വരെ തനിയെ പ്രവർത്തിക്കാൻ സാധിക്കുന്ന ഇലക്ട്രിക് സ്റ്റിയറിങ് സംവിധാനം, വാഹനത്തിന്റെ ഗതി കൃത്യമായി നിയന്ത്രിക്കുന്നു. ഡ്രൈവർ ശ്രദ്ധിച്ചില്ലെങ്കിലും വാഹനം റോഡിൽ നിന്നു പുറത്തുപോകാതെ സംരക്ഷിക്കാൻ ഇത്തരം സാങ്കേതികവിദ്യയ്ക്കാകും.പ്രധാനമായും വിഡിയോദൃശ്യങ്ങളെ ആശ്രയിക്കുന്നു എന്നതാണ് ഇവയുടെ പ്രധാന പോരായ്‌മ. ക്യാമറയിലെ ലെൻസിൽ വെള്ളം അല്ലെങ്കിൽ ചെളി പറ്റുന്നതു കംപ്യൂട്ടറിനു വസ്തുക്കളെ തിരിച്ചറിയാനുള്ള കഴിവിനെ ഗണ്യമായി ബാധിക്കാം. വ്യക്തമായി അടയാളങ്ങൾ നൽകി മികച്ച നിലവാരത്തിൽ നിർമിച്ചിരിക്കുന്ന ഹൈവേകളിൽ മാത്രമേ ഇവയ്ക്കു ശരിയായി പ്രവർത്തിക്കാനാവൂ. അതിനാൽത്തന്നെ ഇത്തരം സംവിധാനങ്ങൾ മഴയും മഞ്ഞും ചെളിയുമുള്ള സാഹചര്യങ്ങളിൽ കാര്യക്ഷമമാകില്ല.

ലെവൽ 2 മുതൽ മുകളിലേക്കു ക്യാമറയോടൊപ്പം റഡാർ അല്ലെങ്കിൽ ലൈഡർ സാങ്കേതികവിദ്യ കൂടി ഇടകലർത്തിയിട്ടുണ്ട്. ലൈറ്റ് ഇമേജിങ് ഡിറ്റക്‌ഷൻ ആൻഡ് റേഞ്ചിങ് എന്നതാണ് ലൈഡറിന്റെ പൂർണരൂപം. 1970 കളിൽ നാസ വികസിപ്പിച്ച ഈ സാങ്കേതികവിദ്യയിൽ ലേസർ രശ്‌മികൾ ഉപയോഗിക്കുന്നതിനാൽ സാധാരണ ക്യാമറയെക്കാൾ മികച്ച റേഞ്ചു കിട്ടും. മോശമായ കാലാവസ്ഥയിലും മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവയ്ക്കും. വാഹനത്തിന്റെ മുൻവശത്തേക്കു തിരിച്ചു വച്ചിരിക്കുന്ന ഇത്തരം ലൈഡർ/റഡാർ സംവിധാനങ്ങൾ വഴി വാഹനത്തിന്റെ 250 മീറ്റർ വരെ മുന്നിലുള്ള വസ്തുക്കളും അടയാളങ്ങളും മനസ്സിലാക്കാൻ സാധിക്കും

വാഹനത്തിന്റെ സ്ഥാനം കിറുകൃത്യമായി കണ്ടുപിടിക്കാൻ സാധിക്കുന്ന ജി പി എസ് ആണു വാഹനത്തെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന മറ്റൊരു സംവിധാനം. സഞ്ചരിക്കുന്ന നിരത്തിലെ പരമാവധി വേഗവും വഴികളും ഈ കംപ്യൂട്ടർ സംവിധാനം മനസ്സിലാക്കുന്നു. തിരക്കു കൂടിയ വഴികൾ ഒഴിവാക്കി വാഹനത്തെ കൃത്യസ്ഥാനത്തെത്തിക്കുന്നു. ഒരു സംവിധാനത്തെ മാത്രം ആശ്രയിക്കാതെ പല സംവിധാനങ്ങൾ കൂടിച്ചേർന്നുള്ള പ്രവർത്തനമായതിനാൽ ഒന്നു തകരാറിലായാലും വാഹനത്തിനു പ്രവത്തിക്കാനാകും

സെൻസറുകളിൽനിന്നും ലഭിക്കുന്ന വിവരം ശരിയായ രീതിയിൽ വിശകലനം ചെയ്യുക എന്നതാണ് സ്വയം നിയന്ത്രിത വാഹനങ്ങളിലെ പ്രധാന സംവിധാനം. നൂതന കംപ്യൂട്ടർ സോഫ്റ്റ്‌വെയർ സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒരു നിമിഷത്തിൽ 2000 ഫ്രെയിം വരെ കൈകാര്യം ചെയ്യാനുള്ള കഴിവ് ആധുനിക വാഹനങ്ങളിലെ കംപ്യൂട്ടറിനുണ്ട്. മനുഷ്യനിർമിതമായ നിർദേശങ്ങളെ കണ്ണടച്ചു വിശ്വസിച്ചു പ്രവർത്തിക്കുന്ന പഴഞ്ചൻ കംപ്യൂട്ടർ സംവിധാനങ്ങൾ മതിയാകില്ല സ്വയംനിയന്ത്രിത വാഹനങ്ങൾക്ക്. മനുഷ്യരുടെ തലച്ചോറിന്റെ പ്രവർത്തനത്തോട് സമാനമായ ഡീപ് ലേണിങ്ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ് വർക്കിങ് സാങ്കേതികവിദ്യയാണ് ലെവൽ 2 ഉം അതിനു മുകളിലുള്ള സ്വയം നിയന്ത്രിത വാഹനങ്ങളിൽ ഉപയോഗിക്കുന്നത്. നിലവിലെ സോഫ്റ്റ്‌വെയർ സാങ്കേതികവിദ്യ റോഡിലുള്ള വരകളെയും സൈഡിലുള്ള അടയാളങ്ങളെയും വലിയ തോതിൽ ആശ്രയിക്കുന്നുണ്ട്.

ടെസ്‌ല, ഗൂഗിൾ തുടങ്ങിയവയുടെ ടെസ്റ്റിങ് വാഹനങ്ങളിൽ ചിലത് ലെവൽ 4 നിലവാരത്തിലുള്ളവയാണ്. പക്ഷേ ശരിയായ സുരക്ഷാ നിയമനിർമാണമില്ലാത്തതും കംപ്യൂട്ടർ സാങ്കേതികവിദ്യയുടെ അപൂർണതയും കാരണം വ്യാവസായിക ടിസ്ഥാനത്തിൽ നിർമാണം തുടങ്ങാൻ സാധിച്ചില്ല. ടെസ്‌ല, ഉൗബർ, ഗൂഗിൾ തുടങ്ങിയവയുടെ സ്വയം നിയന്ത്രിത വാഹനങ്ങൾ പരീക്ഷണ ഓട്ടത്തിനിടയിൽ ഒട്ടേറെ അപകടങ്ങളിൽ പെട്ടതും ഇവയുടെ പ്രവർത്തനക്ഷമതയെ കുറിച്ച് ജനങ്ങളിൽ സംശയം ഉണ്ടാക്കിയിട്ടുണ്ട്.എന്നിരുന്നാലും തികച്ചും സ്വയം നിയന്ത്രിതമായ കാറുകളുടെ വരവ് അധികം അകലെയാകാനിടയില്ല. 2020 - 2022 കാലഘട്ടത്തിൽ ഡ്രൈവർ ഇല്ലാതെ തനിയെ പ്രവർത്തിക്കുന്ന കാറുകൾ വിപണിയിൽ എത്തിയേക്കും.

ശരിയായ രീതിയിൽ അടയാളപ്പെടുത്തിയ റോഡുകളും, നിയമങ്ങൾ കൃത്യമായി പാലിക്കുന്ന ഡ്രൈവർമാരുമുള്ള സ്ഥലങ്ങളിൽ മാത്രമേ നിലവിലെ സോഫ്റ്റ്‌വെയർ സാങ്കേതികവിദ്യ ഉപയോഗിച്ചു സ്വയം നിയന്ത്രിത വാഹനങ്ങൾക്കു സഞ്ചരിക്കാനാവൂ. നിയമങ്ങൾ കാറ്റിൽ പറത്തി തലങ്ങും വിലങ്ങും വാഹനമോടിക്കുന്ന ഇന്ത്യയിൽ ഇപ്പോൾ ലഭ്യമായ സോഫ്റ്റ്‌വെയർ സാങ്കേതികവിദ്യ ഉപയോഗിച്ചു സഞ്ചരിക്കാൻ ഇത്തരം വാഹനങ്ങൾ പാടുപെടും. മനുഷ്യ തലച്ചോറിനോടു കിടപിടിക്കുന്ന കംപ്യൂട്ടറുകൾ വന്നാലേ ഇന്ത്യൻ റോഡുകളിൽ ഇത്തരം വാഹനങ്ങൾക്കു രക്ഷയുള്ളൂ. അതുകൊണ്ട്, തൽക്കാലം വിദൂരസ്വപ്നം കണ്ടു നമുക്കു തൃപ്തിപ്പെടാം.