എട്ടു ലക്ഷം മനുഷ്യരുടെ ചോര വീണ മണ്ണ്‍

നൂറുദിവസത്തോളം നീണ്ടു നിന്ന അതിക്രൂരമായ വംശഹത്യ എട്ടു ലക്ഷം പേരുടെ ചോര വീഴ്ത്തി, റുവാണ്ട ഇപ്പോള്‍ ജീവിക്കാന്‍ പഠിക്കുകയാണ് എട്ടു ലക്ഷത്തിലധികം മരണം, പിഞ്ചുകുഞ്ഞുങ്ങളെ ഉൾപ്പടെ ചുട്ടുകൊന്ന ക്രൂരത, കാൽലക്ഷത്തോളം സ്ത്രീകൾ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട ഭീതിയുടെ അന്തരീക്ഷം… സംഭവം നടന്നിട്ട് ഇരുപത്തിയഞ്ച് വർഷമായിട്ടും ടുട്സി കൂട്ടക്കൊലയുടെ ഓർമ്മകളിൽ റുവാണ്ട ഇപ്പോഴും നടുങ്ങുകയാണ്. റുവാണ്ടയിൽ 1994 ഏപ്രിൽ 6-ന് നടന്ന കൂട്ടക്കൊല വീഴ്ത്തിയ കണ്ണീർ ഇപ്പോഴും ഉണങ്ങിയിട്ടില്ല. ക്രൂരമായി കൊല ചെയ്യപ്പെട്ടവരെ രാജ്യം ഇന്നും ഓർമ്മിക്കുന്നു എന്നറിയിക്കാൻ വിളിച്ചുചേർത്ത അനുസ്മരണ സമ്മേളനത്തിൽ ഇരു വിഭാഗങ്ങളിൽ നിന്നുമുള്ള ആയിരങ്ങൾ പങ്കെടുത്തു. ചടങ്ങിൽ റുവാണ്ട പ്രസിഡണ്ട് പോൾ കഗാമേ നടത്തിയ പ്രസംഗം ഇപ്പോഴും മുറിവുണങ്ങിയിട്ടില്ലാത്ത ടുട്സി ന്യൂനപക്ഷ വിഭാഗത്തെ അഭിസംബോധന ചെയ്തു കൊണ്ടുള്ളതായിരുന്നു. “നമ്മളുടെയെല്ലാം ശരീരത്തിനും മനസ്സിനും മുറിവേറ്റിട്ടുണ്ട്. പക്ഷെ നമ്മളാരും ഒറ്റയ്ക്കല്ല. എന്ന് പ്രസിഡണ്ട് സൂചിപ്പിക്കുന്നു. നമ്മൾ ഒരുമിച്ച് ഇപ്പോൾ ഈ രാജ്യത്തിൽ ഐക്യത്തിന്റെ ഊടും പാവും നെയ്യുകയാണ്. നമ്മൾ മുറിവേറ്റവരാണ്. ഹൃദയം തകർന്നവരാണ്. പക്ഷെ നമ്മൾ തോൽപ്പിക്കാനാവാത്ത ജനതയാണ്”, അനുസ്മരണ യോഗത്തിൽ പ്രസിഡണ്ട് പോൾ കഗാമേ സൂചിപ്പിച്ചു.1994-ലാണ് അന്നത്തെ പ്രസിഡന്റ് ജുവനെൽ ഹാബിയാറിമന സഞ്ചരിച്ച വിമാനം അപകടത്തിപ്പെടുത്തി എന്നാരോപിച്ച് ഒരു കൂട്ടം ഹുടു തീവ്രവാദികൾ ന്യൂനപക്ഷ വിഭാഗമായ ടുട്സി വിഭാഗത്തിന് നേരെ ആക്രമണങ്ങൾ അഴിച്ച് വിട്ടത്. ടുട്സി വംശത്തെ മുഴുവൻ കൊന്നൊടുക്കി രാജ്യത്തെ ശുദ്ധീകരിക്കണമെന്നായിരുന്നു ഹുടു തീവ്രവാദികളുടെ പക്ഷം. മൂന്നുമാസത്തോളം നീണ്ടു നിന്ന കൂട്ടക്കൊലയിലും ആക്രമണങ്ങളിലും ടുട്സി വിഭാഗത്തിലെ 70 ശതമാനത്തോളം ആളുകൾ കൊലചെയ്യപ്പെട്ടുവെന്നായിരുന്നു റിപ്പോർട്ടുകൾ. ലോകമന:സാക്ഷിയെ ഞെട്ടിച്ച കൂട്ടക്കൊലയെ അനുസ്മരിച്ച് നടത്തിയ മൗന ജാഥയിൽ രണ്ടായിരത്തിലധികം ആളുകൾ പങ്കെടുത്തു. സമ്മിശ്ര പ്രതികരണങ്ങളാണ് കൂട്ടക്കൊലയിൽ സർവവും നഷ്ടപ്പെട്ട ടുട്സി വിഭാഗക്കാരിൽ നിന്നും ലഭിച്ചത്. വെറുപ്പ് നമുക്ക് ഒരിക്കലും മനസമാധാനം തരാൻ പോകുന്നില്ലെന്നും അതുകൊണ്ട് കഴിഞ്ഞതെല്ലാം മറന്ന് ക്ഷമിക്കാൻ തയ്യാറാണെന്ന് ഒരു കൂട്ടം ആളുകൾ പറയുമ്പോൾ ഞങ്ങളുടെ ഉറ്റവരെയും ഉടയവരെയും കൊന്നവരോട് എങ്ങനെ ക്ഷമിക്കാനാണെന്നാണ് ചിലർ ദി ഗാർഡിയനോട് പ്രതികരിച്ചത്. റുവാണ്ടന്‍ വംശഹത്യയെ അധികരിച്ചു പിന്നീട് പുറത്തു വന്ന ഹോട്ടല്‍ റുവാണ്ട എന്ന ചിത്രം ലോകവ്യാപകമായി ശ്രദ്ധ നേടിയിരുന്നു. സമാധാനപരമായി ജീവിച്ചിരുന്ന ജനതയുടെ ഉള്ളില്‍ വെള്ളക്കാര്‍ ചൂഷണത്തിനുവേണ്ടി വിതച്ച വംശീയ വൈര്യത്തിന്റെ പരിണിതഫലവും അതിനെ ന്യായീകരിക്കാന്‍ ബൈബിള്‍ കഥയുടെ അടിസ്ഥാനത്തില്‍ പടച്ച ഊഹസിദ്ധാന്തവും എട്ടു ലക്ഷം മനുഷ്യരുടെ കൂട്ടക്കുരുതിയില്‍ എത്തിച്ച നടുക്കുന്ന കഥയാണ് റുവാണ്ടയില്‍ 1994-ല്‍ നടന്ന വംശഹത്യ. ഉണങ്ങാത്ത മുറിവുമായി ജീവിക്കുന്ന റുവാണ്ട ഇന്ന് വികസത്തിന്റെ പാതയിലാണ്. വംശഹത്യ നടന്നിട്ട് ഇരുപത്തി മൂന്നു കൊല്ലങ്ങള്‍ കഴിഞ്ഞു. ലോകത്തെങ്ങും കണ്ടിട്ടില്ലാത്ത വിധം നൂതനമായ ഒരു സമാധാന ദൗത്യം റുവാണ്ടയില്‍ നടന്നു കൊണ്ടിരിക്കുന്നു. തങ്ങളുടെ കുടുംബങ്ങളെ ഇല്ലായ്മ ചെയ്യാന്‍ മുന്നിട്ടിറങ്ങിവരെ വിവാഹം കഴിക്കാന്‍ ടുട്‌സി സ്ത്രീകള്‍ തയ്യാറായി. വംശീയ വൈര്യത്തില്‍ അന്ധരായിപ്പോയ ഗൃഹനാഥന്മാര്‍ കുറ്റബോധത്തോടെ കുടുംബത്തെ സ്‌നേഹിച്ച് മക്കളെ വളര്‍ത്തുന്നു. വംശീയവിഷം അടുത്ത തലമുറയിലേക്ക് പകരാതെ, ഹുടു ആരെന്നും ടുട്‌സി ആരെന്നും തിരിച്ചറിയാനാകാതെ കുട്ടികള്‍ തെരുവില്‍ വളരുന്നു. ദാരിദ്ര്യമാണ് ഇന്ന് അവരുടെ പ്രധാന ശത്രു. റുവാണ്ടയിലെ 64 ശതമാനം പാര്‍ലമെന്റ് അംഗങ്ങള്‍ സ്ത്രീകളാണ്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. എട്ട് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ന് റുവാണ്ടയ്ക്കുണ്ട്. വലിയ വില കൊടുത്തവരാണ്, വലിയ നേട്ടം കൊയ്യുമെന്ന് ആശിക്കാം. വര്‍ഗ്ഗീയതയും വംശീയതയും വിതക്കുന്നവര്‍ ഹൃസ്വദൃഷ്ടികളായ സാമൂഹിക ദ്രോഹികളാണ്, സ്വദേശികളായാലും വിദേശികളായാലും. ഇവര്‍ കുടം തുറന്നുവിടുന്ന ദുര്‍ഭൂതങ്ങള്‍ അത്യന്തം വിനാശകാരികളാണ്. വിഭാഗീയത വളര്‍ത്തുന്ന അധികാരസ്ഥാനങ്ങളെ തിരിച്ചറിയാന്‍ എല്ലാ സമൂഹങ്ങള്‍ക്കും കഴിയട്ടെ. റുവാണ്ടയില്‍ വീണ നിരപരാധികളുടെ ചോര എല്ലാ സമൂഹത്തിനുമുള്ള മുന്നറിയിപ്പാണ്.