പ്രവാസി വോട്ടർമാർ യാത്ര തുടങ്ങി

ഗൾഫ് നാടുകളിൽനിന്ന് പ്രവാസി വോട്ടർമാരുടെ യാത്ര തുടങ്ങി കേരളത്തിൽ തിരഞ്ഞെടുപ്പിന് ഇനിയും ദിവസങ്ങളുണ്ടെങ്കിലും വിഷുകൂടി കണക്കിലെടുത്താണ് കുറെപ്പേർ കഴിഞ്ഞ ദിവസങ്ങളിലായി യാത്ര തിരിച്ചത്. ഇത്തവണ എൺപതിനായിരത്തിലേറെ മലയാളി പ്രവാസികൾക്കാണ് വോട്ടവകാശമുള്ളത്. ഇവരെ കണ്ടെത്തി യാത്ര അയയ്ക്കാനുള്ള ശ്രമങ്ങൾ ആഴ്ചകൾക്ക് മുമ്പുതന്നെ വിവിധ സംഘടനകൾ തുടങ്ങിയിരുന്നു. ഇന്ത്യയിലെ മൊത്തം പ്രവാസി വോട്ടർമാരിൽ ബഹുഭൂരിപക്ഷവും മലയാളികളാണെന്ന സവിശേഷതയുമുണ്ട്.2012-ൽ കേവലം പതിനായിരം പേരായിരുന്നു ഇന്ത്യയിലെ മൊത്തം പ്രവാസി വോട്ടർമാർ. ഇതിൽ 9838 വോട്ടർമാരും കേരളത്തിൽ നിന്നുള്ളവരായിരുന്നു. ഈ വർഷം ജനുവരി 30 വരെയുള്ള പ്രവാസിവോട്ടർമാർ 66,564 ആയിരുന്നത് ഇപ്പോൾ 87,000 കവിഞ്ഞിട്ടുണ്ട്. 2018 ഒക്ടോബറിനും 2019 ജനുവരിയ്ക്കും ഇടയിൽമാത്രം നാൽപ്പതിനായിരത്തോളം പേരാണ് വോട്ടവകാശം നേടിയത്. പ്രവാസികൾക്ക് മുക്ത്യാർ വോട്ടവകാശം കിട്ടിയേക്കുമെന്ന പ്രതീക്ഷയിലാണ് ആയിരങ്ങൾ ഇത്തവണ പുതുതായി വോട്ടർ പട്ടികയിൽ പേരുചേർത്തത്.പ്രവാസി വോട്ടർമാരെ ചേർക്കാൻ ഗൾഫ് നാടുകളിലെ വിവിധ സംഘടനാ പ്രവർത്തകർ തന്നെയാണ് മുൻകൈ എടുത്തത്. അവർതന്നെയാണ് ഉറപ്പുള്ള വോട്ടർമാരെ മണ്ഡലത്തിലെത്തിക്കാനും പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. സൗജന്യമായും വലിയ ഇളവോടെയുമാണ് വിവിധ സംഘടനകൾ വിമാനടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്നത്. വോട്ടവകാശമുള്ള പ്രവാസികളിൽതന്നെ വലിയൊരു ഭാഗം മലബാറിൽനിന്നുള്ളവരാണ്. ഒറ്റയ്ക്കും കുടുംബവുമായാണ് ഇതുവരെ പ്രവാസി വോട്ടർമാർ നാട്ടിലേക്ക് പോയിത്തുടങ്ങിയതെങ്കിൽ ചൊവ്വാഴ്ച മുതൽ സംഘങ്ങളുടെ യാത്രയാണ്. നിത്യവും അമ്പതും അറുപതും പ്രവാസികളാണ് ഇനിയുള്ള ദിവസങ്ങളിൽ ഓരോ വിമാനത്തിലും യാത്രതിരിക്കുന്നത്. വോട്ട് വിമാനം എന്ന പരിപാടി തിരഞ്ഞെടുപ്പ് ചട്ടലംഘനമാവുമെന്ന സംശയത്താൽ ഇത്തവണ ആരും അത്തരത്തിൽ വിമാനം ചാർട്ടർ ചെയ്തിട്ടില്ല. മുസ്‌ലിംലീഗിന്റെ പോഷക സംഘടനയായ കെ.എം.സി.സി.യാണ് വോട്ടർമാരെ കണ്ടെത്തി അയയ്ക്കുന്നതിൽ മുന്നിൽ. ചെറിയ തുക വാങ്ങി അമ്പതും അറുപതും പേരുള്ള സംഘങ്ങളെയാണ് ദുബായ് കെ.എം.സി.സി അയയ്ക്കുന്നത്. അവരുടെ അമ്പത് പേരുള്ള ആദ്യ സംഘം ചൊവ്വാഴ്ച കരിപ്പൂരിലേക്ക് യാത്രതിരിക്കും. വോട്ടെടുപ്പിന്റെ തലേദിവസം വരെ ഇത്തരം സംഘങ്ങളുടെ യാത്രയുണ്ട്. 22-ന് നൂറു പേരാണ് ഒരു വിമാനത്തിൽ പോകുന്നത്. ഇടതുപക്ഷത്തിന്റെയും ബി.ജെ.പി.യുടെയും അനുഭാവികളും വോട്ടർമാരെ നാട്ടിലേക്ക് അയക്കുന്നുണ്ട്. എന്നാൽ, എല്ലാ പ്രവർത്തകരും സ്വന്തം നിലയിൽതന്നെ ടിക്കറ്റെടുത്താണ് യാത്ര ചെയ്യുന്നതെന്ന് സി.പി.എം. അനുഭാവികൾ പറയുന്നു. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ മണ്ഡലങ്ങളിലുള്ള വോട്ടർമാരെയാണ് ബി.ജെ.പി കാര്യമായി കണ്ടെത്തി യാത്രയയക്കുന്നത്. pravasi voters to india