പോളിഗ്രാഫ് ടെസ്റ്റിനെ മുറുകെ പിടിക്കാൻ ട്രംപ്

 പോളിഗ്രാഫ് ടെസ്റ്റിനെ മുറുകെ പിടിക്കാൻ ട്രംപ്

വൈറ്റ് ഹൗസില്‍ നിന്നുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കും മറ്റും ചോര്‍ത്തിക്കൊടുത്തത് ആരാണ് എന്നറിയാന്‍ പോളിഗ്രാഫ് ടെസ്റ്റ് (നുണപരിശോധന) നടത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. എന്തിനും ഏതിനും നുണപരിശോധന നടത്തണമെന്ന ആവശ്യമുന്നയിക്കല്‍ അദ്ദേഹത്തെ ഒരു ഒഴിയാബാധയായി കൂടിയിരിക്കുകയാണ് എന്ന് ചില മുന്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു വാര്‍ത്തകള്‍ പ്രചരിക്കുന്നു.

കെട്ടിടത്തിലുള്ള എല്ലാ ജോലിക്കാരുടെയും നുണപരിശോധന നടത്തി ആരാണ് വാര്‍ത്ത ചോര്‍ത്തി നല്‍കിയതെന്നറിയണമെന്ന് ട്രംപ് പറഞ്ഞിട്ടുണ്ടെന്നാണ് ഒരു മുന്‍ വൈറ്റ്ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. എന്തെങ്കിലും സുപ്രധാന ലീക്ക് ഉണ്ടായാല്‍ ട്രംപ് ജോലിക്കാര്‍ക്ക് പോളിഗ്രാഫ് ടെസ്റ്റ് നടത്താന്‍ ഉത്തരവിടുന്ന കാര്യം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമെന്ന് മറ്റൊരു മുന്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനും സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹം പോളിഗ്രാഫ് ടെസ്റ്റ് നടത്തുന്ന കാര്യത്തെക്കുറിച്ച് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കും. എന്തുകൊണ്ട് നമുക്ക് ഈ ചോര്‍ത്തിക്കൊടുക്കല്‍ അവസാനിപ്പിച്ചുകൂടാ എന്ന് ട്രംപ് ദേഷ്യത്തോടെ ചോദിച്ചുവെന്ന് മുന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ ട്രംപിന്റെ ടെലിഫോണ്‍ സംഭാഷണങ്ങളുടെ ട്രാൻ‌സ്‌ക്രിപ്റ്റുകള്‍ ഒരു പ്രത്യേക സിസ്റ്റത്തില്‍ (ഹൈലി ക്ലാസിഫൈഡ് ഇന്റലിജന്‍സ് സീക്രട്ട്‌സ്) ശേഖരിച്ചുവയ്ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അദ്ദേഹം യുക്രേനിയന്‍ പ്രസിഡന്റ് വൊളോഡിമിര്‍സനെസ്‌കുമായി (Volodymyr Zelensk) നടത്തിയ സംഭാഷണവും അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടത്രെ. അമേരിക്കന്‍ രാഷ്ട്രീയക്കാരനും ഒബാമയുടെ വൈസ് പ്രസിഡന്റുമായിരുന്ന ജോ ബൈഡനും മകന്‍ ഹണ്ടറിനുമെതിരെ യുക്രെയ്‌നില്‍ നടക്കുന്ന അന്വേഷണവും അമേരിക്കന്‍ സഹായവും (aid) തമ്മില്‍ അദ്ദേഹം ബന്ധിപ്പിച്ച സംഭാഷണം ഇത്തരത്തില്‍ ചോർത്തിയിട്ടുണ്ടെന്ന് പറയുന്നു. 2020ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകളുടെ സ്ഥാനാര്‍ഥിയാകാന്‍ ശ്രമിക്കുന്ന ആളെക്കുറിച്ച് അന്വേഷിക്കാന്‍ അദ്ദേഹം ചൈനയോട് ആവശ്യപ്പെട്ടുവെന്നും പറയുന്നു.

എന്നാല്‍, മറ്റൊരു മുന്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറയുന്നത് ഈ പോളിഗ്രാഫ് ടെസ്റ്റു നടത്തല്‍ അവശ്യത്തിനധികം ഗൗരവം കൊടുക്കേണ്ട കാര്യമില്ല എന്നാണ്. അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥര്‍ ട്രംപിനെ തണുപ്പിക്കാനായി പിന്നെ അത് ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹത്തെപ്പോലെ തന്നെ തങ്ങളും പോളിഗ്രാഫ് എന്ന ആശയത്തെ ഗൗരവത്തിലെടുക്കുന്നുവെന്നു കാണിക്കാനായി ഉദ്യോഗസ്ഥരാണ് അത് ആവര്‍ത്തിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ഒരു വാര്‍ത്ത ചോര്‍ത്തല്‍ ഉണ്ടായാല്‍, 'എന്നാല്‍ പിന്നെ നമുക്ക് എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഒരു പോളിഗ്രാഫ് ടെസ്റ്റ് നടത്തിയേക്കാം' എന്നു പറയുക വഴി തങ്ങള്‍ക്ക് ട്രംപിന്റെ പ്രീതി പിടിച്ചുപറ്റാനാകുമെന്നു കരുതുന്ന ഉദ്യോഗസ്ഥരാണ് ഇത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ വാദം. പോളിഗ്രാഫ് ടെസ്റ്റ് നടത്തുക എന്നത് യുക്തിഹീനമായ ഒരു ആവശ്യമാണ് എന്നാണ് അദ്ദേഹം പറയുന്നത്.

ഫോണ്‍ വിളികളുടെ അടിസ്ഥാനത്തില്‍ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് ട്രംപിനെ ഇംപീച്ച് ചെയ്യുന്ന കാര്യം പരിഗണിച്ചതായി പറയുന്നു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്റ്റെഫനീ ഗ്രിഷാം പറയുന്നത് പ്രസിഡന്റിനും അദ്ദേഹത്തിന്റെ ഭരണകൂടത്തിലുള്ളവര്‍ക്കും വാര്‍ത്ത ചോര്‍ത്തിക്കൊടുക്കലിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ കലിയോ, ഇച്ഛാഭംഗമോ വരുന്നത് സ്വാഭാവികമാണെന്നാണ് പറയുന്നത്. ക്ലാസിഫൈഡ് ഗണത്തില്‍ പെടുന്ന വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കുക വഴി അമേരിക്കയുടെ താത്പര്യങ്ങളാണ് ഹനിക്കപ്പെടുന്നതെന്നും അവര്‍ വാദിക്കുന്നു. താന്‍ പ്രസിഡന്റിനൊപ്പം 2015 ജൂലൈ മുതലുണ്ട്. ഒരിക്കല്‍ പോലും അദ്ദേഹം പോളിഗ്രാഫ് ടെസ്റ്റ് നടത്തണമെന്നു പറഞ്ഞു കേട്ടിട്ടില്ലെന്നും അവര്‍ പറയുന്നു.

ലൈ ഡിറ്റെക്ടര്‍ ടെസ്റ്റ് അഥവാ നുണപരിശോധനയുടെ മറ്റൊരു പേരാണ് പോളിഗ്രാഫ് എന്നത്. രക്തസമ്മര്‍ദ്ദം, നാഡിമിടിപ്പ്, വിയര്‍പ്പ്, ത്വക് ചാലകത്വം തുടങ്ങിയ ശാരീരിക മാറ്റങ്ങള്‍ പരിഗണിച്ചു നടത്തുന്നതാണ് പോളിഗ്രാഫ്. ചോദ്യങ്ങള്‍ ചോദിക്കുകയും ഉത്തരങ്ങള്‍ പറയുകയും ചെയ്യുമ്പോള്‍ ആളുകളിലുണ്ടാകുന്ന ഇത്തരം ശാരീരിക മാറ്റങ്ങള്‍ അയാള്‍ സത്യമാണോ പറയുന്നത് എന്നറിയാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. നുണ പറയുമ്പോള്‍ ശരീരം പ്രതികരിക്കുന്നത് വേറെ രീതിയിലാണ് എന്നതാണ് ഇതിനു പിന്നിലെ തത്വം. പല പോളിഗ്രാഫ് ടെസ്റ്റ് നടത്തലുകാരും അവരുടെ രീതിയിലുള്ള മാര്‍ക്കിടല്‍ സംവിധാനമാണ് പിന്തുടരുന്നത്. ജോണ്‍ അഗസ്റ്റസ് ലാര്‍സണ് ആണ് ഇത് ആദ്യമായി കണ്ടുപിടിച്ചത്. 1921ല്‍ ആയിരുന്നു ഇത്. ഇതിന്റെ കൃത്യതയെക്കുറിച്ച് ഉറപ്പില്ല. പലര്‍ക്കും ഇത് മറികടക്കാനാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പോളിഗ്രാഫ് ടെസ്റ്റുകളെ ആശ്രയിക്കാനാവില്ല എന്നാണ് പലരും വിശ്വസിക്കുന്നത്.