മലിനീകരണം കുറക്കാൻ ഹൈബ്രിഡ് കാറുകൾ

മലിനീകരണം കുറക്കാൻ ഹൈബ്രിഡ് കാറുകൾ 

പ്രകൃതി മലിനീകരണം കുറഞ്ഞ ഹൈബ്രിഡ്, ഇലക്ട്രിക് കാറുകളുടെ യുഗമാണ് വരാൻ പോകുന്നത്. പൂർണമായും ഇലക്ട്രിക്കിലേക്ക് മാറാൻ കുറച്ചു സമയമെടുക്കുമെന്നതുകൊണ്ട് ഇന്നത്തെ സാഹചര്യത്തിൽ ഹൈബ്രിഡ് കാറുകളാണ് കൂടുതൽ അഭികാമ്യം. ഇന്ത്യയിൽ നിരവധി കാറുകൾ ഹൈബ്രിഡ് സാങ്കേതിക വിദ്യയിൽ ഓടുന്നുണ്ട്. ശരിക്കും എന്താണ് ഈ ഹൈബ്രിഡ് സാങ്കേതിക വിദ്യ?

പേരു സൂചിപ്പിക്കുന്നതു പോലെ ഒന്നിലധികം ഊർജ സ്രോതസ്സുകളെ ഉപയോഗിച്ച് സഞ്ചരിക്കുന്ന വാഹനങ്ങളെയാണ് ഹൈബ്രിഡ് എന്ന വിശേഷിപ്പിക്കുന്നത്. ഹൈബ്രിഡിന് നിരവധി ഉദാഹരണങ്ങളുണ്ട്. വാഹനങ്ങളിൽ പരമ്പരാഗത ഇന്ധനവും (മിക്കവാറും പെട്രോൾ) ഇലക്ട്രിക് മോട്ടറും ഉപയോഗിക്കുന്ന വാഹനങ്ങളെയാണ് ഹൈബ്രിഡ് എന്നു വിളിക്കുന്നത്. എന്നാൽ ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് വളരെ ചെറിയ ബാറ്ററിയായിരിക്കും ഇതിൽ ഉപയോഗിക്കുക. ഹൈബ്രിഡുകൾ വിവിധ തരങ്ങളുണ്ട്. പാരലൽ, സീരിസ് ഹൈബ്രിഡ്, പ്ലഗ് ഇൻ ഹൈബ്രിഡ്

സാധാരണ പെട്രോൾ/ഡീസൽ എൻജിനും (ആന്തരികദഹന എൻജിൻ Internal Combustion Engine- IC എൻജിൻ) ബാറ്ററിയിൽനിന്നുള്ള വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിക്കുന്ന മോട്ടറുമുണ്ട്. ഇലക്ട്രിക് മോട്ടറും പെട്രോൾ എൻജിനും ഒരു പൊതുവായ ഗിയർബോക്സിലേക്കാണ് കണക്ട് ചെയ്യുന്നത്. രണ്ടു തലത്തിലാണ് പാരലൽ ഹൈബ്രിഡ് പ്രവർത്തിക്കുന്നത്. ചില വാഹനങ്ങളിൽ അധിക കരുത്ത് വേണ്ടപ്പോഴും മറ്റു ചിലതിൽ കുറഞ്ഞ വേഗത്തിലും.

ഇത്തരം വാഹനങ്ങളിൽ ഇന്ധനക്ഷമത കൂടുതലായിരിക്കും. ടൊയോട്ട, ഹോണ്ട, ലക്സസ്, കിയ, ഫോഡ് തുടങ്ങി നിരവധി കമ്പനികള്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. സ്റ്റാർട്ടിങ്ങും കുറഞ്ഞ വേഗത്തിൽപ്പോകുന്നതുമടക്കം, ഇന്ധനം കൂടുതൽ വേണ്ടുന്ന സമയങ്ങളിൽ ബാറ്ററിയിൽനിന്നുള്ള ചാർജ് ഉപയോഗിക്കും. ഉയർന്ന വേഗത്തിൽ IC എൻജിൻ ഉപയോഗപ്പെടുത്തും. ബ്രേക് ചെയ്യുമ്പോഴൊക്കെ ബാറ്ററി ചാർജാകുകയും ചെയ്യും

സീരിസ് ഹൈബ്രിഡ് എന്ന സാങ്കേതികവിദ്യയിൽ ഇലക്ട്രിക് മോട്ടറാണ് വാഹനത്തെ ചലിപ്പിക്കുന്നത്. പെട്രോൾ എൻജിൻ ഉപയോഗിക്കുന്നത് ബാറ്ററിയെ റീച്ചാർജ് ചെയ്യാൻ മാത്രം. അതുകൊണ്ട് ഇലക്ട്രിക് കാറിന്റേതായ ഗുണങ്ങൾ ഇത്തരം ഹൈബ്രിഡിൽ നിന്ന് പ്രതീക്ഷിക്കാം.

പ്ലഗ്–ഇൻ ഹൈബ്രിഡിൽ പുറമേനിന്നുള്ള വൈദ്യുതി സ്വീകരിച്ച് ബാറ്ററി ചാർജ് ചെയ്യാനുള്ള സംവിധാനമുണ്ട്. ഇവയുടെ ബാറ്ററി സാധാരണ ഹൈബ്രിഡിലേതിനെക്കാൾ വലുതുമായിരിക്കും. അതുകൊണ്ടുതന്നെ കൂടുതൽ ദൂരം ബാറ്ററിയിൽ മാത്രം ഓടാനുമാവും. കൂടാതെ പെട്രോൾ എൻജിനുമുണ്ടാകും ഇതിൽ. ദൂരയാത്രകൾക്ക് പെട്രോൾ എൻജിനും ചെറു യാത്രകൾക്ക് ഇലക്ട്രിക് മോട്ടറും ഉപയോഗിക്കാം.