ഫോൺ ചോർത്തലിൽ കുടുങ്ങി സർക്കാർ

ഫോൺ ചോർത്തലിൽ  കുടുങ്ങി സർക്കാർ

ചാരവൃത്തി നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും പ്രചാരമേറിയ സമൂഹ മാധ്യമ സേവനമായ വാട്‌സാപ്പിന്റെ സുരക്ഷ പരിശോധിക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. ആപിന് ഇന്ത്യയില്‍ മാത്രം 40 കോടിയോളം ഉപയോക്താക്കളാണുള്ളത്. വാട്‌സാപ്പിലൂടെ ചാരവൃത്തി നടത്തിയത് സർക്കാർ തന്നെയാണെന്ന ആരോപണം ഉയര്‍ത്തുന്നവരുണ്ട്. സർക്കാര്‍ തന്നെയാണ് ഫോൺ ചോര്‍ത്തിയതിനു പിന്നിലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഈ ആരോപണത്തിനു മറുപടി നൽകാൻ ലക്ഷ്യമിട്ടാണ് അന്വേഷണം നടത്താന്‍ പോകുന്ന കാര്യം മന്ത്രി പറഞ്ഞത്. കംപ്യൂട്ടര്‍ എമര്‍ജന്‍സി ടീം, അഥവാ സേര്‍ട്ട് ആയിരിക്കും അന്വേഷണം നടത്തുക. ഇന്ത്യന്‍ വാട്‌സാപ് ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഹാക്കു ചെയ്തുവെന്ന ആരോപണം നവംബര്‍ 9 നാണ് ഉയര്‍ന്നത്.

വാട്‌സാപ് സുരക്ഷിതമാണോ എന്ന് പുറമെ ഒരു അന്വേഷണത്തിനല്ല സർക്കാർ ഒരുങ്ങുന്നതെന്നും റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. വാട്‌സാപ്പിന്റെ സുരക്ഷാ സിസ്റ്റം മുഴുവന്‍ നേരിട്ടു പരിശോധിച്ചു മനസിലാക്കി ഓഡിറ്റ് നടത്താനുള്ള നീക്കത്തിലാണ് സർക്കാർ എന്നാണ് വാര്‍ത്ത. ചില ജേണലിസ്റ്റുകളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ഫോണ്‍ ഹാക്കു ചെയ്ത് അവരെ നിരന്തരം നിരീക്ഷണവിധേയരാക്കി എന്ന ആരോപണം ആദ്യം ഉയരുന്നത് ഒക്ടോബറിലാണ്. ഹാന്‍ഡ്‌സെറ്റില്‍ സ്‌പൈവെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത്, ഫോണിന്റെ നിയന്ത്രണം ഏറ്റെടുത്ത് അവരുടെ ഓരോ നീക്കവും അറിയാന്‍ ആരോ ശ്രമിച്ചു എന്നായിരുന്നു ആരോപണം.

ഈ സ്‌പൈവെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തത് ഇസ്രയേല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍എസ്ഒ ഗ്രൂപ്പ് ആണെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. വാട്‌സാപ്പിന്റെ ഉടമയായ ഫെയ്‌സ്ബുക് എന്‍എസ്എ ഗ്രൂപ്പിനെതിരെ അമേരിക്കയില്‍ കേസ് ഫയല്‍ ചെയ്തിട്ടുമുണ്ട്. പെഗാസസ് എന്നറിയപ്പെടുന്ന സ്‌പൈവെയറാണ് വാട്‌സാപ്പിലൂടെ ഉപയോക്താക്കളുടെ ഫോണുകളില്‍ ഇന്‍സ്‌റ്റാള്‍ ചെയ്തതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. വാട്‌സാപ്പിലൂടെ ഹാക്കു ചെയ്യപ്പെട്ട എല്ലാ ഫോണുകളിലും പെഗാസസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ലോകമെമ്പാടുമുള്ള പല ഉപയോക്താക്കളുടെയും ഫോണ്‍ നിരീക്ഷിക്കാന്‍ പെഗാസസ് പ്രയോജനപ്പെടുത്തിയെന്നാണ് അരോപണം.ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ് (ടാഗ്) പുറത്തുവിട്ട വാര്‍ത്ത പറയുന്നത് സർക്കാരുകളുടെ ആവശ്യപ്രകാരം നടത്തുന്ന ഹാക്കിങ് ശ്രമങ്ങള്‍ തങ്ങള്‍ കണ്ടെത്തിയെന്നാണ്. സ്വകാര്യ ഡേറ്റയ്ക്കായി ഫിഷിങ് (phishing) ആക്രമണങ്ങളാണ് നടന്നിരിക്കുന്നതെന്നാണ് ഗൂഗിള്‍ അവകാശപ്പെട്ടത്. ലോകമെമ്പാടും 12,000 ഉപയോക്താക്കള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇന്ത്യയില്‍ 500 പേര്‍ക്കെതിരെയും ആക്രമണമുണ്ടായതായി ഗൂഗിള്‍ വെളിപ്പെടുത്തി.

ഇന്ത്യാ ഗവണ്‍മെന്റ് നടത്താനിരിക്കുന്ന അന്വേഷണത്തില്‍ വാട്‌സാപ്പിന്റെ പ്രവര്‍ത്തനം മാത്രമല്ല മനസിലാക്കാന്‍ ശ്രമിക്കുക. ആക്രമണം നടത്തിയതായി പറയപ്പെടുന്ന എന്‍എസ്ഒ ഗ്രൂപ്പിനോടും മാള്‍വെയര്‍ ആക്രമണത്തില്‍ ഇന്ത്യക്കാര്‍ക്കുണ്ടായ ആഘാതത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് എന്നാണ് മന്ത്രി രിവശങ്കര്‍ പ്രസാദ് പറഞ്ഞത്.തങ്ങളുടെ ആപ്പിന്റെ സുരക്ഷയെക്കുറിച്ച് വാട്‌സാപ് ഒന്നും പറഞ്ഞില്ലെങ്കിലും സർക്കാരിന്റെ പരിശോധന അനുവദിക്കാനുള്ള ഒരുക്കത്തിലാണെന്നാണ് മനസിലാക്കുന്നത്. വാട്‌സാപിന്റെ സജ്ജീകരണങ്ങള്‍ മുഴുവന്‍ സേര്‍ട്ടിന് തുറന്നു കൊടുക്കുമോ എന്ന കാര്യം കണ്ടറിയണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.