യു.എ.ഇ.യിൽ ഇന്ത്യൻ പാസ്‌പോർട്ടിന് അപേക്ഷിക്കാൻ പുതിയ രീതി

യു.എ.ഇ.യിൽനിന്ന് പാസ്പോർട്ടിന് അപേക്ഷിക്കുന്ന ഇന്ത്യൻ പ്രവാസികൾ ഇനിമുതൽ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. അബുദാബിയിൽ ബുധനാഴ്ച മുതൽ പുതിയ തീരുമാനം പ്രാബല്യത്തിലായതായി ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരി പറഞ്ഞു. ദുബായിലും മറ്റ് അഞ്ച് എമിറേറ്റുകളിലും ഓൺലൈൻ അപേക്ഷകൾ ഈയാഴ്ച തുടക്കംമുതൽ സ്വീകരിച്ചുതുടങ്ങി.ഇതനുസരിച്ച് പുതിയ പാസ്പോർട്ടെടുക്കുന്നവരും പാസ്പോർട്ട് പുതുക്കുന്നവരും ഇനിമുതൽ embassy.passportindia.gov.in വഴി അപേക്ഷ സമർപ്പിക്കണം. ഇതിനുശേഷം സാധാരണപോലെ ആവശ്യമായ രേഖകളുമായി ബി.എൽ.എസ്. സെന്ററിലെത്തുകയും ബാക്കിനടപടികൾ പൂർത്തിയാക്കുകയും ചെയ്യണം. പണവും സമയവും ലാഭിക്കാനും നടപടികൾ വേഗത്തിലാക്കാനുമാണ് അപേക്ഷകൾ സമർപ്പിക്കുന്നത് ഓൺലൈൻ ആക്കുന്നത്. യു.എസ്., യു.കെ., ഒമാൻ എന്നിവിടങ്ങളിൽ ഈസംവിധാനം തുടങ്ങിക്കഴിഞ്ഞു. ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കാത്തവർക്ക് ബി.എൽ.എസ്. സെന്ററുകളിൽനിന്ന് സഹായംതേടാമെന്ന് കോൺസുലേറ്റ് അറിയിച്ചു. നിലവിൽ പാസ്പോർട്ടിന് അപേക്ഷിച്ചാൽ അഞ്ചുദിവസത്ത‌ിനുള്ളിലാണ് ലഭിക്കുക. ഓൺലൈൻസംവിധാനം വരുന്നതോടെ മൂന്നുദിവസം മതിയാകും. യു.എ.ഇ.യിലെ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങളിൽനിന്നാണ് ഏറ്റവുംകൂടുതൽ ഇന്ത്യൻ പാസ്പോർട്ടുകൾ അനുവദിക്കുന്നത്. കഴിഞ്ഞവർഷം 2,72,500 ഇന്ത്യൻ പാസ്പോർട്ടുകളാണ് യു.എ.ഇ.യിൽനിന്ന് അനുവദിച്ചത്. Passport Application New Method for uae