മാംസഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മാംസഭക്ഷണം കഴിക്കുമ്പോൾ  ശ്രദ്ധിക്കേണ്ട  കാര്യങ്ങൾ 

വൈവിധ്യമാര്‍ന്ന മാംസാഹാരങ്ങളുടെ രുചിക്കൂട്ടുകള്‍ നുണയുന്നവരാണ് ഏറെയും. എന്നാല്‍ മാംസഭക്ഷണത്തിന്റെ രുചിയോടൊപ്പം അവയുടെ ശുചിത്വത്തിലും ശ്രദ്ധനല്‍കുന്നത് നന്നായിരിക്കും.വീട്ടില്‍ ഉണ്ടാക്കുന്ന മാംസഭക്ഷണത്തില്‍ പോലും വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്. അതുകൊണ്ട് മാംസഭക്ഷണങ്ങള്‍ ശരിയായി പാകം ചെയ്തില്ലെങ്കിലുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ചില കരുതലുകള്‍ ആവശ്യമാണ്. 

കൃത്യമായി പാകം ചെയ്യാത്ത മാംസഭക്ഷണങ്ങള്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. അതുകൊണ്ട് മാംസഭക്ഷണങ്ങള്‍ ശരിയായി പാകം ചെയ്യണം. എന്നാല്‍ ഇതുകൊണ്ടു മാത്രം മാംസഭക്ഷണത്തിന്റെ ശുചിത്വം ഉറപ്പുവരുത്താനാകില്ല. മാംസഭക്ഷണം വാങ്ങുമ്പോള്‍ മുതല്‍ ശ്രദ്ധ ആവശ്യമാണ്. വൃത്തിയായി കഴുകി മാത്രം മാംസഭക്ഷണങ്ങള്‍ ഉപയോഗിക്കണം. മാംസവസ്തുക്കള്‍ വൃത്തിയാക്കുമ്പോഴും പാകം ചെയ്യുമ്പോഴും ശുദ്ധമായ വെള്ളം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. വെള്ളത്തിലൂടെയും രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്.  ഇങ്ങനെ പല കാരണങ്ങള്‍ കൊണ്ട് മാംസഭക്ഷണത്തിന്റെ ശുചിത്വം നഷ്ടപ്പെടാം.എങ്കിലും ഏറ്റവും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക്  എത്തിക്കുന്നത് ശരിയായി പാകം ചെയ്യാത്ത മാംസഭക്ഷണങ്ങള്‍ തന്നെയാണ്. 

ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ മാംസഭക്ഷണങ്ങള്‍ക്ക് ഒരാഴ്ച വരെ യാതൊരു കേടും സംഭവിക്കില്ലെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. എന്നാല്‍ ശരിയായി ശീതീകരിക്കാത്ത മാംസഭക്ഷണങ്ങളില്‍ നിന്നും രോഗാണുക്കളുണ്ടാകും. ഫ്രിഡ്ജിലെ താപവ്യത്യാസങ്ങള്‍കൊണ്ട് മാംസഭക്ഷണത്തില്‍ ബാക്ടീരിയ ഉണ്ടാകാം. ഇത് ശരീരത്തിലെത്തിയാല്‍ പല രോഗങ്ങള്‍ക്കും കാരണമാകാം.  പാകം ചെയ്യാത്ത മാംസഭക്ഷണങ്ങള്‍ ഒരു പരിധിയില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതും അപകടം തന്നെയാണ്. ഒന്നോ രണ്ടോ ആഴ്ച ഫ്രിഡ്ജില്‍ സൂക്ഷിച്ചാലും മാംസഭക്ഷണങ്ങള്‍ സുരക്ഷിതമാണെന്നു കരുതരുത്. ദിവസങ്ങളോളം ഫ്രിഡ്ജില്‍ വച്ച മാംസവസ്തുക്കള്‍ ഉപയോഗിക്കരുത്. ഇവ പാകം ചെയ്തതോ പാകം ചെയ്യാത്തതോ ആണെങ്കില്‍ പോലും അപകടസാധ്യതയേറെയാണ്.  പഴകുംതോറും മാംസവസ്തുക്കളിലെ അണുക്കള്‍ കൂടുകയേയുള്ളൂ. ഇവ പല രോഗങ്ങള്‍ക്കുമുള്ള തുടക്കമാണ്

കൃത്യമായി പാകം ചെയ്യാത്ത ഏത് ഭക്ഷണവും ആരോഗ്യത്തിന് ഭീഷണിയാണ്. ശരിയായി പാകം ചെയ്യാത്തതോ ഭാഗികമായി പാകം ചെയ്തതോ ആയിട്ടുള്ള മാംസഭക്ഷണങ്ങളില്‍നിന്നാണ് രോഗാണുക്കള്‍ കൂടുതലായി ഉണ്ടാകുന്നത്. ബാക്ടീരിയ, പാരസൈറ്റുകള്‍, വൈറസുകള്‍ എന്നിവ ഇത്തരത്തില്‍ ശരീരത്തിലെത്തുന്നവയാണ്.  ഭക്ഷണത്തിലെ അണുബാധയിലൂടെ ഉണ്ടാകുന്ന അസുഖങ്ങള്‍ പലതും നിസാര രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്നവയാണ്്. എന്നാല്‍ ചിലത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനും ഇടയാക്കും. ഭക്ഷണത്തിലൂടെ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പ്രധാനമായി വയറിനെയാണ് ബാധിക്കുന്നത്. എന്നാല്‍ മാംസഭക്ഷണങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന രോഗങ്ങള്‍ അല്‍പ്പം ഗൗരവമുള്ളതാണെന്നു മാത്രം. 

നന്നായി പാകം ചെയ്യാത്ത ഭക്ഷണത്തിലൂടെ ഉണ്ടാകുന്ന രോഗങ്ങള്‍ നിരവധിയുണ്ട്.  മാംസഭക്ഷണത്തിന്റെ ശുചിത്വക്കുറവുകൊണ്ടുണ്ടാകുന്ന രോഗങ്ങളില്‍ പ്രധാനം ടൈഫോയിഡാണ്. സാല്‍മനെല്ല വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയയാണ് രോഗകാരണം. മലിനജലത്തിലൂടെയും പാലിലൂടെയും ശരിയായി പാകം ചെയ്യാത്ത മാംസഭക്ഷണത്തിലൂടെയും സാല്‍മനെല്ല ബാക്ടിരിയ ശരീരത്തിലെത്തുന്നു. ഈ അണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് രണ്ടാഴ്ച കഴിയുമ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു. വിട്ടുമാറാത്ത പനി, ക്ഷീണം, വയറിളക്കം, ഛര്‍ദി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. രണ്ടാഴ്ച മൂതല്‍ മൂന്നാഴ്ച വരെ ലക്ഷണങ്ങള്‍ സാധാരണയായി നിലനില്‍ക്കാം. രക്തപരിശോധനയിലൂടെ രോഗം സ്ഥിരീകരിച്ചാലുടന്‍ വിദഗ്ധ ചികിത്സ നല്‍കേണ്ടതാണ്

ശുചിത്വത്തിന്റെ പ്രഥമ കൃത്യങ്ങള്‍ ആരംഭിക്കേണ്ടത് വീട്ടില്‍ നിന്നുമാണ്. അത് മാംസാഹാരങ്ങളുടെ കാര്യത്തില്‍ മാത്രമല്ല. ഏതൊരു വസ്തുക്കളും ശുദ്ധിയോടും വെടിപ്പോടും ചെയ്യുന്നത് ആരോഗ്യപരമായിരിക്കും. മാംസവസ്തുക്കള്‍ വാങ്ങുന്നയിടം മുതല്‍ മാംസഭക്ഷണത്തിന്റെ ശുചിത്വം ഉറപ്പുവരുത്തണം. മാംസവസ്തുക്കള്‍ വൃത്തിയാക്കുമ്പോഴും പാകം ചെയ്യുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 

1. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പുവരുത്തുക.
2.  മാംസവസ്തുക്കള്‍ വൃത്തിയായി കഴുകി ഉപയോഗിക്കുക.
3. ആഹാരപദാര്‍ത്ഥങ്ങള്‍ ശരിയായി പാകം ചെയ്യാന്‍ ശ്രദ്ധിക്കുക.
4. പാകം ചെയ്യാത്തതോ പാകം ചെയ്തതോ ആയിട്ടുള്ള മാംസാഹാരം ഫ്രീസറില്‍ സൂക്ഷിക്കുമ്പോള്‍ ശരിയായി ശീതീകരണം ലഭിക്കുന്നുണ്ടോയെന്നു ശ്രദ്ധിക്കണം. 
5.  ഫ്രിഡ്ജില്‍ നിന്നും പുറത്തെടുത്ത മാംസപദാര്‍ത്ഥങ്ങള്‍ ആവശ്യം കഴിഞ്ഞാലുടന്‍ ഫ്രീസറില്‍ വയ്ക്കുക. മാംസപദാര്‍ത്ഥങ്ങള്‍ ദീര്‍ഘനേരം പുറത്ത് വയ്ക്കുന്നത് ബാക്ടീരിയ ഉണ്ടാകാന്‍ ഇടയാക്കും. 

മാംസഭക്ഷണങ്ങളുടെ ശുചിത്വത്തില്‍ കരുതല്‍ പാലിക്കുന്നതുകൊണ്ട് മാത്രം പ്രശ്‌നപരിഹാരമാകുന്നില്ല. കഴിക്കുന്ന ഭക്ഷണത്തില്‍ കൂടി ക്രമീകരണങ്ങള്‍ പാലിക്കാന്‍ കഴിയണം. ഓരോ വ്യക്തിയുടേയും ദഹനവ്യവസ്ഥയ്ക്ക് അനുസരിച്ച് ഭക്ഷണം കഴിക്കുന്ന രീതി പിന്തുടരണം. ഇവ ആരോഗ്യമുള്ള ഭക്ഷണശീലം വളര്‍ത്തിയെടുക്കാന്‍ സഹായിക്കും. ഇഷ്ടഭക്ഷണങ്ങള്‍ ആവശ്യത്തിലധികം കഴിക്കുന്ന സ്വഭാവം മലയാളികള്‍ക്കിടയിലുണ്ട്. ഇഷ്ടഭക്ഷണങ്ങള്‍ ഒഴിവാക്കാതെ നിയന്ത്രിച്ചാല്‍ രോഗങ്ങളില്ലാത്ത ശരീരവും ആരോഗ്യപ്രദമായ ജീവിതവും നിലനിര്‍ത്താനാകും.