പെട്രോള്‍ വേണ്ടാത്ത ബുള്ളറ്റുകളുമായി റോയല്‍ എന്‍ഫീല്‍ഡ്

പെട്രോള്‍ വേണ്ടാത്ത ബുള്ളറ്റുകളുമായി റോയല്‍ എന്‍ഫീല്‍ഡ്

 ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനെ അവതരിപ്പിക്കാനൊരുങ്ങുന്നു. ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിനോദ് ദാസരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.പദ്ധതി ഇപ്പോള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും ഒന്നോ രണ്ടോ വര്‍ഷത്തിനകം ഇലക്ട്രിക്ക് ബൈക്ക് വിപണിയിലെത്തിക്കുമെന്നും വിനോദ് ദാസരി വ്യക്തമാക്കി. മൂലധന ചെലവിന്റെ ഭൂരിഭാഗവും ശേഷികള്‍ വര്‍ധിപ്പിക്കുന്നതിനും പുതിയ ഉല്‍പ്പന്നങ്ങളും ഇലക്ട്രിക് വാഹനങ്ങളും വികസിപ്പിക്കുന്നതിനും വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റോയല്‍ എന്‍ഫീല്‍ഡ് പുതിയ ശ്രേണിയിലേക്കുള്ള ഉല്പന്നങ്ങളുടെ പ്രവര്‍ത്തനത്തിലാണെന്നും അതില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്നുമാണ് റോയല്‍ എന്‍ഫീല്‍ഡ് സിഇഒയുടെ വാക്കുകള്‍. വാഹന വ്യവസായത്തിലെ നിലവിലെ മാന്ദ്യത്തിന്റെ മോശം അവസ്ഥ അവസാനിച്ചിട്ടുണ്ടെന്നും റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പന ഇനി മുതല്‍ വേഗത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡിന്റെ വരാനിരിക്കുന്ന ലോഞ്ചുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡിന്റെയും റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിന്റെയും അപ്ഡേറ്റുചെയ്ത പതിപ്പുകള്‍ ഉള്‍പ്പെടും. ഭാവിയില്‍ നിര്‍മ്മിക്കാന്‍ ഇരിക്കുന്ന ഉല്പന്നങ്ങളില്‍ ഏതെങ്കിലും ഘട്ടങ്ങളില്‍ വെച്ച് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

അതേസമയം റോയല്‍ എന്‍ഫീല്‍ഡ് പെട്ടെന്ന് തന്നെ ഇലക്ട്രിക് മോട്ടോര്‍ സൈക്കിളുകള്‍ വിപണിയില്‍ എത്താന്‍ സാധ്യത ഇല്ലെന്നാണ് സൂചന. കുറഞ്ഞത് ഒന്നോ രണ്ടോ വര്‍ഷമെങ്കിലും എടുക്കും റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക്‌മോട്ടോര്‍ സൈക്കിള്‍ എന്ന സ്വപ്‌നം യാഥാര്‍ഥ്യമാകാനെന്നാണ് റിപ്പോര്‍ട്ടുകള്‍.പുതുതായി 700 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് ഇതിനുമുമ്പ് വ്യക്തമാക്കിയിരുന്നു. ഭാവി മോഡലുകള്‍ക്ക് പുതിയ പ്ലാറ്റ്‌ഫോമുകള്‍ വികസിപ്പിക്കുന്നതിന് ഈ നിക്ഷേപം വിനിയോഗിക്കും. ഈ തുകയില്‍നിന്ന് നല്ലൊരു ഭാഗം ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വികസിപ്പിക്കുന്നതിന് ചെലവഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക വിശദാംശങ്ങള്‍ പിന്നീട് പുറത്തുവരുമെന്നാണ് കരുതുന്നത്.

അടുത്തിടെ മേക്ക് യുവര്‍ ഔണ്‍ എന്ന പേരില്‍ റോയല്‍ എന്‍ഫീല്‍ഡ് കസ്റ്റമൈസേഷന്‍ പ്രോഗ്രാം പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച്, മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്യുന്ന സമയത്തുതന്നെ ഫാക്റ്ററി ഫിറ്റഡ് ആക്‌സസറികള്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും. ആക്‌സസറികള്‍ക്ക് രണ്ട് വര്‍ഷ വാറന്റി ഉണ്ടായിരിക്കും.എന്‍ജിന്‍ ഗാര്‍ഡുകള്‍, പാനിയറുകള്‍, പിറകിലെ ലഗേജ് റാക്ക്, ടൂറിംഗ് സീറ്റുകള്‍, അലോയ് വീലുകള്‍ തുടങ്ങിയവ റോയല്‍ എന്‍ഫീല്‍ഡ് ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. ഇന്ധന ടാങ്കിലും സൈഡ് പാനലുകളിലും പതിക്കാന്‍ കഴിയുന്ന നിരവധി സ്റ്റിക്കറുകളും ലഭ്യമാണെന്നതും പ്രത്യേകതയാണ്