നെറ്റ്ഫ്ലിക്‌സ്, ആമസോണ്‍ പ്രൈം തുടങ്ങിയവയ്ക്ക് സെന്‍സര്‍ ബോര്‍ഡ് വരുമോ

നെറ്റ്ഫ്ലിക്‌സ്, ആമസോണ്‍ പ്രൈം തുടങ്ങിയവയ്ക്ക്  സെന്‍സര്‍ ബോര്‍ഡ് വരുമോ?

ഒടിടി പ്ലാറ്റ്‌ഫോമുകളായ ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ്, ഹോട്‌സ്റ്റാര്‍, വൂട്ട് തുടങ്ങിയവയെ സർക്കാർ സെന്‍സര്‍ ചെയ്യണമെന്ന് 57 ശതമാനം ഇന്ത്യക്കാരും ആഗ്രഹിക്കുന്നതായി യൂഗവ് (YouGov) നടത്തിയ സര്‍വെയില്‍ പങ്കെടുത്തവര്‍ പറയുന്നു. 59 ശതമാനം പേരും പറയുന്നത് ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ഒരുമിച്ചിരുന്നു കാണാന്‍ കൊള്ളാത്ത ഉള്ളടക്കമുണ്ടെന്നും അഭിപ്രായപ്പെട്ടു. എന്നാല്‍, ഇത് വിചിത്രമായിരിക്കുന്നുവെന്നാണ് ഒരു കൂട്ടം റിപ്പോര്‍ട്ടര്‍മാര്‍ പറയുന്നത്. എന്തായാലും സർക്കാർ ഇക്കാര്യം ഇന്ത്യയിലെ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ മേധാവികളുമായി ചര്‍ച്ച ചെയ്തു കഴിഞ്ഞതായാണ് സൂചന.

ഓവര്‍ ദി ടോപ് മീഡിയ സ്ട്രീമിങ് സേവനങ്ങളാണ് ഒടിടി എന്ന് അറിയപ്പെടുന്നത്. കേബിള്‍, ബ്രോഡ്കാസ്റ്റ്, സാറ്റലൈറ്റ് ടിവി തുടങ്ങിയവയെ പോലെയല്ലാതെ, ഇന്റര്‍നെറ്റിലൂടെ സ്ട്രീം ചെയ്തു കാണുന്ന കണ്ടെന്റിനെയാണ് ഒടിടി എന്ന് അറിയപ്പെടുന്നത്. ഈ സേവനത്തിന് വരിക്കാരാകാൻ പണം നല്‍കണം. ഇന്ത്യയില്‍ ഇപ്പോള്‍ ഇത് അതിവേഗം വളരുകയാണ്. അതിനാല്‍ തന്നെ അതിനെക്കുറിച്ചുള്ള നയരൂപീകരണം വേണ്ടതുമാണ്.സിനിമ സെന്‍സര്‍ ചെയ്യുന്നതു പോലെയല്ല ടിവി ചാനലുകളുടെ കാര്യം. ഇവ രണ്ടും പോലെയല്ല ഒടിടി പ്ലാറ്റ്‌ഫോമുകള്‍. എന്തു കാണണം, എന്ന് ഉപയോക്താവിനു തീരുമാനിക്കാം. ആവശ്യമില്ലാത്ത കണ്ടെന്റ് കാണാതിരിക്കാനുള്ള അവകാശം പ്രേക്ഷകനുണ്ടല്ലോ, പിന്നെയെന്തിനാണ് സെന്‍സറിങ് എന്നാണ് അതിനെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നത്. , സര്‍വെയില്‍ പങ്കെടുത്ത 91 ശതമാനം പേരും പറഞ്ഞത് ടിവിയാണെങ്കിലും സിനിമയാണെങ്കിലും ഓണ്‍ലൈന്‍ കണ്ടെന്റാണെങ്കിലും സർക്കാറിന്റെ നിയന്ത്രണത്തിലായിരിക്കണം എന്നാണ്. എല്ലാ കണ്ടെന്റും സർക്കാർ നിയന്ത്രിക്കണമെന്നു 40 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍, ഇടയ്ക്ക് എങ്കിലും നിരീക്ഷണം സർക്കാർ വേണമെന്ന് 51 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. കണ്ടെന്റ് സെന്‍സര്‍ ചെയ്യണമെന്ന് 45 ശതമാനം പുരുഷന്മാര്‍ പറഞ്ഞപ്പോള്‍, 34 ശതമാനം സ്ത്രീകളേ അതു വേണം എന്ന് പറഞ്ഞുള്ളൂ.

എന്നാല്‍, ഇത് ഇന്ത്യക്കാരുടെ പൊതുവികാരത്തിന്റെ പ്രതിഫലനമൊന്നുമല്ല കാരണം ഈ സര്‍വേയില്‍ കേവലം 1005 പേര്‍ മാത്രമാണ് പങ്കെടുത്തതെന്നാണ് വേറൊരു അഭിപ്രായം. എന്തായാലും സര്‍വെയില്‍ 59 ശതമാനം പേരും കരുതുന്നത് ഇന്ത്യയിലെ ഓടിടി പ്ലാറ്റ്‌ഫോമുകളില്‍ മര്യാദലംഘനം നടത്തുന്നതും, കുടുംബമായും മറ്റും ഇരുന്നു കാണാന്‍ കൊള്ളില്ലാത്ത തരവും കണ്ടെന്റ് ഉണ്ടെന്നാണ്. എന്നാല്‍, 30 ശതമാനം പേര്‍ പറയുന്നത് സെന്‍സര്‍ഷിപ് വന്നാല്‍ ഗുണനിലവാരം തകരുമെന്നാണ്.എന്തായാലും, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ സർക്കാർ ഒരുങ്ങുകയാണെന്ന് പറയുന്നു. ഇന്ത്യയിലെ ഒടിടി സേവനങ്ങളുടെ മേധാവികളോട് പ്രദര്‍ശിപ്പിക്കുന്ന കണ്ടെന്റിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആവശ്യപ്പെടാന്‍ പോകുകയാണ് എന്നാണ് പറയുന്നത്.

ഈ സാഹചര്യത്തെ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ച് താന്‍ പലരുടെയും അഭിപ്രായം ആരാഞ്ഞിട്ടുണ്ടെന്ന് പ്രക്ഷേപണ വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നല്ലതും ചീത്തയും വൈകല്യം നിറഞ്ഞതുമായ വിവിധതരം സിനിമകള്‍ കാണിക്കുന്നുണ്ട്. അവയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആരുമില്ല, അദ്ദേഹം പറഞ്ഞു.എന്നാല്‍, യൂഗവിന്റെ സര്‍വെ ഓണ്‍ലൈനില്‍ വന്‍ ഒച്ചപ്പാടു ഉണ്ടാക്കിയിരിക്കുകയാണ്. ഇത്ര ചെറിയ സാമ്പിള്‍ ഉപയോഗിച്ച് രാജ്യത്തിന്റെ അഭിപ്രായം എന്ന രീതിയില്‍ അവതരിപ്പിച്ച സ്ഥാപനത്തിനെതിരെ പലരും രംഗത്തെത്തി. ഇതേ തുടര്‍ന്ന് ട്വിറ്ററില്‍ നടത്തിയ സര്‍വെയില്‍ ഇതിലധികം ആളുകള്‍ പങ്കെടുക്കുകയും യൂഗവിന്റെ നേര്‍വിപരീത ഫലം പുറത്തുവിടുകയും ചെയ്തു.ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നെറ്റ്ഫ്‌ളിക്‌സിനാണ് ഇപ്പോള്‍ കൂടുതല്‍ പഴികേള്‍ക്കേണ്ടി വന്നിരിക്കുന്നത്. എന്തായാലും, ഇനി എന്തുവേണം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സർക്കാർ തുടങ്ങി കഴിഞ്ഞു.