പാക്‌ ബാങ്കുകളെയും ഹാക്കര്‍മാര്‍ വെറുതെ വിട്ടില്ല

പാക്‌ ബാങ്കുകളെയും ഹാക്കര്‍മാര്‍ വെറുതെ വിട്ടില്ല

പാകിസ്താനിലെ മിക്ക ബാങ്കുകളുടെയും രഹസ്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്‌. പത്തോളം ബാങ്കുകള്‍ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള രാജ്യാന്തര പണം ഇടപാടുകള്‍ ബ്ലോക്ക് ചെയ്തതോടെയാണ് വിവരം പുറത്തായത്. മിക്ക ബാങ്കുകളുടെയും വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടതായാണ് വിവരം ലഭിച്ചിട്ടുള്ളതെന്ന് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയിലെ കുറ്റാന്വേഷണ വിഭാഗം മേധാവി മുഹമ്മദ് ശുഹൈബ് വ്യക്തമാക്കി. ഡെബിറ്റ് - ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് സംശയിക്കുന്നത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് എല്ലാ ബാങ്കുകളിലെയും മേധാവികളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും യോഗം അധികൃതര്‍ വിളിച്ചിട്ടുണ്ട്. പാക് ബാങ്കുകളിലെ 8000 ത്തോളം അക്കൗണ്ട് ഉടമകളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ വിറ്റഴിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഒക്ടോബര്‍ 27നാണ് സുരക്ഷാവീഴ്ച ആദ്യമായി റിപ്പോര്‍ട്ടുചെയ്തത്. ഇതിനു പിന്നാലെ എല്ലാ ബാങ്കുകളും പഴുതടച്ച സുരക്ഷ ഉറപ്പാക്കണമെന്ന് അധികൃതര്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും ഹാക്ക് ചെയ്യപ്പെടുകയായിരുന്നു.