ആഡംബര നൗകകളെക്കുറിച്ച് അറിയാം

ആഡംബര നൗകകളെക്കുറിച്ച് അറിയാം 

ആഡംബരത്തിന്റെ അവസാനവാക്കാണ് ലോകത്തെ പല ഉല്ലാസ നൗകകളും. ലോകത്തെ വിവിധ മേഖലകളിലെ കോടീശ്വരന്മാരാണ് ഈ ആഡംബര നൗകകളുടെ മുതലാളിമാര്‍. ആരെയും കൊതിപ്പിക്കുന്ന സൗകര്യങ്ങളുള്ള ചില ആഡംബര നൗകകളെ പരിചയപ്പെടാം. ഒപ്പം ഒരു യോട്ട് മിത്തിനെക്കുറിച്ചും അറിയാം.

എക്ലിപ്സ്

ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരിലൊരാളായ റൊമാൻ അബ്രമോവിച്ചിന്റേതാണ് ലോകത്തിലെ ഏറ്റവും വിലയുള്ള യോട്ടുകളിലൊന്ന്. 1.9 ബില്യൻ ഡോളര്‍ വില (ഏകദേശം 13000 കോടി) കണക്കാക്കുന്ന യോട്ടാണാണ് അബ്രമോവിച്ചിന്റെ എക്ലിപ്സ്. രണ്ട് ഹെലി പാഡുകളും 24 അതിഥി മുറികളും ഒരു ഡിസ്‌കോ ഹാളും രണ്ട് നീന്തല്‍കുളങ്ങളും നിരവധി സ്റ്റീംബാത് മുറികളും ഈ നൗകയിലുണ്ട്.

അസം യോട്ട്

ലോകത്തെ ഏറ്റവും വലിയ സ്വകാര്യ സൂപ്പര്‍ യോട്ടുകളിലൊന്നാണ് അസം. 600 ദശലക്ഷം ഡോളര്‍ (4250 കോടി രൂപ) വില കണക്കാക്കുന്ന ഈ ഉല്ലാസ നൗക യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ഉടമസ്ഥതയിലുള്ളതാണ്. സ്വന്തമായി മിസൈല്‍ പ്രതിരോധ സംവിധാനവും മുങ്ങിക്കപ്പലും ഈ ആഡംബര നൗകയ്ക്കുണ്ടെന്ന് കരുതുന്നു.

റൈസിങ് സണ്‍

റൈസിങ് സണ്‍ എന്ന ഈ ആഡംബര നൗകയുടെ ഉടമ വിനോദ രംഗത്തെ കോടീശ്വരന്‍ ഡേവിഡ് ജെഫനും ഒറാക്കിള്‍ മേധാവി ലാറി എല്ലിസണുമാണെന്ന് കരുതുന്നു. 454 അടി നീളമുള്ള ഈ നൗകയില്‍ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടും 18 അതിഥികള്‍ക്ക് വേണ്ട എല്ലാ സൗകര്യവും ഉണ്ട്. ഏപ്രിലില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കുടുംബം റൈസിങ് സണ്ണില്‍ അതിഥികളായി എത്തിയിരുന്നു. ഈ യോട്ടിനു കണക്കാക്കുന്ന മൂല്യം 590 ദശലക്ഷം ഡോളര്‍ (ഏകദേശം 41,82 കോടി രൂപ).

സെറൈൻ യോട്ട്

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ 2015ല്‍ 560 ദശലക്ഷം ഡോളര്‍ (ഏകദേശം 41,82 കോടി രൂപ) നല്‍കിയാണ് സെറേന യോട്ട് സ്വന്തമാക്കുന്നത്.

മോട്ടർയോട്ട് എ

റഷ്യന്‍ കോടീശ്വരന്‍ ആന്ദ്രേ മെല്‍നിചെങ്കോ 2016 ല്‍ തന്റെ മോട്ടര്‍ യോട്ട്  എ എന്ന ആഡംബര നൗക വിൽപനയ്ക്കു വെച്ചത് 400 ദശലക്ഷം ഡോളറിനാണ് (ഏകദേശം 28,35 കോടി രൂപ). പുതിയ ആഡംബര ബോട്ട് നിര്‍മിക്കാനായിരുന്നു മെല്‍നിചെങ്കോ നൗക വില്‍പനക്കുവെച്ചത്. 14 അതിഥികള്‍ക്കായി ഏഴ് ആഡംബര കാബിനുകളാണ് മോട്ടോര്‍ യോട്ട് എയിലുള്ളത്. മൂന്നു നീന്തല്‍ കുളങ്ങളില്‍ ഒന്ന് ചില്ലുകൊണ്ട് നിര്‍മിച്ചതാണ്.

ദുബായ് യോട്ട്

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സ്വകാര്യ അഹങ്കാരമാണ് ഈ വമ്പന്‍ ദുബായ് യോട്ട്. 532 അടിയാണ് നീളമുള്ള ഈ ആഡംബര നൗകയുടെ മൂല്യം കണക്കാക്കുന്നത് 400 മില്യൻ ഡോളറാണ് (ഏകദേശം 28,35 കോടി രൂപ). മൊസൈയ്ക് സ്വിമ്മിങ് പൂള്‍, ഹെലിപാഡ് തുടങ്ങി നിരവധി സൗകര്യങ്ങളുള്ള ഈ നൗക 24 അതിഥികളെ ഉള്‍ക്കൊള്ളും.

അല്‍ സെയ്ദ്

അല്‍ സെയ്ദ് യോട്ടിന്റെ ഉടമ ഒമാന്‍ സുല്‍ത്താനാണ്. 300 ദശലക്ഷം ഡോളറോളം (ഏകദേശം 21,26 കോടി രൂപ) വില കണക്കാക്കുന്ന ഈ നൗകയ്ക്ക് 509 അടി നീളമുണ്ട്. ആഡംബര നൗകകളുടെ പട്ടികയില്‍ ഏറ്റവും നീളമുള്ള ഒന്നാണിത്. 50 പേരടങ്ങുന്ന ഓര്‍ക്കസ്ട്ര സംഘത്തെ ഉള്‍ക്കൊള്ളാന്‍ തക്ക വലുപ്പമുള്ള ഹാള്‍ ഇതിന്റെ പ്രത്യേകതകളിലൊന്നാണ്. എന്നാല്‍ അല്‍ സെയ്ദ് ആഡംബര നൗകയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ദില്‍ബര്‍

ലോകത്തെ ഏറ്റവും വലുതും ഭാരമേറിയതുമായി ആഡംബര നൗകകളിലൊന്നാണ് ദില്‍ബര്‍. റഷ്യന്‍ ശതകോടീശ്വരനായ അലിഷര്‍ ഉസ്മനോവാണ് 256 ദശലക്ഷം ഡോളര്‍ വില (ഏകദേശം 18,14 കോടി രൂപ) കണക്കാക്കുന്ന ഈ നൗകയുടെ ഉടമ. രണ്ട് ഹെലിപാഡുകള്‍, നീന്തല്‍ കുളം തുടങ്ങി നിരവധി സൗകര്യങ്ങളുള്ള ഈ നൗകയുടെ ആകെ വിസ്തീര്‍ണ്ണം 3800 ചതുരശ്ര മീറ്റര്‍ വരും.

അല്‍ മര്‍ഖബ്

ഖത്തറിന്റെ മുന്‍ പ്രധാനമന്ത്രി ഹമദ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍ താനിയാണ് അല്‍ മര്‍ഖബ് എന്ന ഈ ആഡംബര നൗകയുടെ ഉടമ. ഒരേ സമയം 24 അതിഥികളെ ഉള്‍ക്കൊള്ളാന്‍ ഈ നൗകയ്ക്കാകും. 2009ല്‍ മോട്ടര്‍ യോട്ട് ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടിയിട്ടുണ്ട് 250 മില്യണ്‍ ഡോളര്‍ (ഏകദേശം 17,72 കോടി രൂപ) വിലയുള്ള ഈ ആഡംബര നൗക. ഇതിലെ ഓരോ വി.ഐ.പി സൂട്ടും കുളിമുറിയും ലിവിങ് റൂമും കിടപ്പുമുറിയും ഉള്‍ക്കൊള്ളുന്നതാണ്

ഒക്ടോപസ്

മൈക്രോസോഫ്റ്റ് സഹ ഉടമ പോള്‍ അലനാണ് 414 അടി നീളമുള്ള ഒക്ടോപസ് എന്ന ആഡംബര നൗകയുടെ ഉടമ. 41 സ്യൂട്ടുകള്‍ ഉള്‍പ്പെടുന്ന ഈ നൗകയ്ക്ക് 200 ദശലക്ഷം ഡോളറാണ് (ഏകദേശം 14,17 കോടി രൂപ) നിർമാണച്ചെലവ്. നീന്തല്‍കുളം, രണ്ട് ഹെലിപാഡുകള്‍, സിനിമാ തിയേറ്റര്‍, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട്, റെക്കോർഡിങ് സ്റ്റുഡിയോ തുടങ്ങി നിരവധി സൗകര്യങ്ങളുണ്ട് ഈ ‘ആഡംബര നീരാളി’ക്കുള്ളില്‍.

ദ ഹിസ്റ്ററി സുപ്രീം

4.8 ബില്യൻ ഡോളര്‍ (ഏകദേശം 33954 കോടിരൂപ) വിലയുള്ള ദ ഹിസ്റ്ററി സുപ്രീം ആണ് ലോകത്തെ ഏറ്റവും വിലയേറിയ ഉല്ലാസനൗകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്വര്‍ണം കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നതെന്നും 2011ല്‍ ഈ ഉല്ലാസനൗക ഒരു മലേഷ്യന്‍ കോടീശ്വരനു വിറ്റുവെന്നും വാര്‍ത്തകള്‍ വന്നു. ആ അജ്ഞാത കോടീശ്വരന്‍ തന്നെയാണ് ഇതിന്റെ ഉടമയെന്നായിരുന്നു ആദ്യം ലോകം വിശ്വസിച്ചത്

എന്നാല്‍, ഈ ഹിസ്റ്ററി സുപ്രീം ബ്രിട്ടിഷ് ഡിസൈനറായ സ്റ്റുവര്‍ട്ട് ഹ്യൂഗ്‌സിന്റെ ഭാവനയില്‍ മാത്രം നിര്‍മിക്കപ്പെട്ടതാണെന്ന് yachtharbour.com കണ്ടെത്തി. നിര്‍മാണത്തിന് ഒരു ലക്ഷം കിലോഗ്രാം സ്വര്‍ണവും പ്ലാറ്റിനവും ഉപയോഗിച്ചെന്നും നങ്കൂരം വിലയേറിയ ലോഹങ്ങള്‍കൊണ്ട് നിര്‍മിച്ചതാണെന്നുമെല്ലാം ഹ്യൂഗ്‌സ് തട്ടിവിട്ടിരുന്നു. ഇറ്റലി ആസ്ഥാനമായുള്ള ബെയ്‌യ യോട്ട്സ് തങ്ങളുടെ ഡിസൈന്‍ ഹ്യൂഗ്‌സ് മോഷ്ടിച്ചെന്ന് ആരോപിക്കുകയും ചെയ്തു. അങ്ങനെ ആഡംബര നൗകകളില്‍ ഏറ്റവും വിലയേറിയതെന്ന് കരുതിയിരുന്ന ഹിസ്റ്ററി സുപ്രീം ഒരു ഡിസൈനറുടെ ഭാവനാ സൃഷ്ടിയായി തിരുത്തപ്പെട്ടു.

എന്നാല്‍, ഈ ഹിസ്റ്ററി സുപ്രീം ബ്രിട്ടിഷ് ഡിസൈനറായ സ്റ്റുവര്‍ട്ട് ഹ്യൂഗ്‌സിന്റെ ഭാവനയില്‍ മാത്രം നിര്‍മിക്കപ്പെട്ടതാണെന്ന് yachtharbour.com കണ്ടെത്തി. നിര്‍മാണത്തിന് ഒരു ലക്ഷം കിലോഗ്രാം സ്വര്‍ണവും പ്ലാറ്റിനവും ഉപയോഗിച്ചെന്നും നങ്കൂരം വിലയേറിയ ലോഹങ്ങള്‍കൊണ്ട് നിര്‍മിച്ചതാണെന്നുമെല്ലാം ഹ്യൂഗ്‌സ് തട്ടിവിട്ടിരുന്നു. ഇറ്റലി ആസ്ഥാനമായുള്ള ബെയ്‌യ യോട്ട്സ് തങ്ങളുടെ ഡിസൈന്‍ ഹ്യൂഗ്‌സ് മോഷ്ടിച്ചെന്ന് ആരോപിക്കുകയും ചെയ്തു. അങ്ങനെ ആഡംബര നൗകകളില്‍ ഏറ്റവും വിലയേറിയതെന്ന് കരുതിയിരുന്ന ഹിസ്റ്ററി സുപ്രീം ഒരു ഡിസൈനറുടെ ഭാവനാ സൃഷ്ടിയായി തിരുത്തപ്പെട്ടു