മകളെ ബലാത്സംഗം ചെയ്തവരെ ഈ അമ്മ ചെയ്തത്

ആഫ്രിക്കയിൽ തന്റെ മകളെ ബലാത്സംഗം ചെയ്തവരെ ഒരമ്മ നേരിട്ടത് നാടിന്റെയും ലോകത്തിന്റെയും ശ്രദ്ധ പിടിച്ചു പറ്റി അര്‍ധരാത്രിയിലാണ് നോകുബോങ്കയെ ആ ഫോണ്‍ കോള്‍ വിളിച്ചുണര്‍ത്തുന്നത്. സിഫോക്കസിയെ(നോക്കുബോങ്കയുടെ മകളെ) മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തിരിക്കുന്നു, അഞ്ഞൂറുമീറ്ററുകള്‍ക്കപ്പുറത്ത് നിന്ന് ഫോണിന്റെ അങ്ങേത്തലയ്ക്കലുള്ള പെണ്‍ശബ്ദം നോകുബോങ്കയോട് പറഞ്ഞു. പോലീസിനെ വിളിക്കൂ, നോക്കുബോങ്കോ അലറി. പക്ഷേ കുന്നും മലകളും കടന്ന് അവരുടെ ഗ്രാമത്തിലേക്ക് പോലീസെത്താന്‍ ഒരുപാട് സമയമെടുക്കുമെന്ന് അവള്‍ക്ക് ഉറപ്പായിരുന്നു. മകളെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങേണ്ടത് താന്‍ തന്നെയാണെന്ന് അവര്‍ ഉറപ്പിച്ചു. ' ഞാന്‍ വല്ലാതെ ഭയന്നിരുന്നു. പക്ഷേ അതെന്റെ മകളാണ്, ഞാന്‍ പോകാതെ മറ്റുനിവൃത്തിയില്ല.' നോക്കുബോങ്കോ പറയുന്നു. അവള്‍ മരിച്ചുകാണുമോ എന്ന ശങ്കയോടെയാണ് ഞാനവിടെ എത്തുന്നത്. കാരണം അവളെ ആക്രമിച്ചവരെ അവള്‍ക്ക് നന്നായറിയാം. അവളെ അവര്‍ക്കും. അതുകൊണ്ടുതന്നെ അവര്‍ ഒരുവേള അവളെ കൊലപ്പെടുത്തുന്നതാണ് നല്ലതെന്ന് അവര്‍ ചിന്തിച്ചാല്‍..' ഉടന്‍ തന്നെ കൈയില്‍ കിട്ടിയ കത്തിയെടുത്ത് അവള്‍ സംഭവസ്ഥലത്തേക്ക് പാഞ്ഞു. ഒരു ധൈര്യത്തിന് വേണ്ടിയാണ് ഞാന്‍ കത്തിയെടുത്തത്. രാത്രിയായിരുന്നതിനാല്‍ മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തിലാണ് ഞാന്‍ മുന്നോട്ട് പോയത്. അവിടേക്ക് എത്തുമ്പോള്‍ തന്നെ സിഫോക്കസിയുടെ ഉറക്കെയുള്ള കരച്ചില്‍ ഞാന്‍ കേട്ടു. കൈയിലുള്ള മൊബൈല്‍ വെളിച്ചത്തില്‍ സിഫോക്കസിയെ അവര്‍ ഉപദ്രവിക്കുന്നത് ഞാന്‍ കണ്ടു. ഞാന്‍ വല്ലാതെ പേടിച്ചിരുന്നു, പക്ഷേ വാതില്‍ക്കല്‍ നിന്ന് നിങ്ങളെന്താണ് ചെയ്യുന്നതെന്ന് ഞാന്‍ ഉറക്കെ ചോദിച്ചു. എന്നെ കണ്ട അവര്‍ മകളെ വിട്ട് എനിക്ക് നേരെ പാഞ്ഞടുത്തു. പ്രതിരോധമെന്ന നിലയിലാണ് കൈയില്‍ കരുതിയ കത്തി ഞാന്‍ അവര്‍ക്ക് നേരെ പ്രയോഗിക്കുന്നത്.- നോകുബോങ്ക പറയുന്നു. നോകുബോങ്കയുടെ ആക്രമണത്തില്‍ അക്രമികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റുരണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവിച്ചതിനെ കുറിച്ച് കൂടുതലൊന്നും പറയാന്‍ തയ്യാറല്ലെങ്കിലും തന്റെയും മകളുടെയും രക്ഷയെ കരുതിയാണ് അങ്ങനെ പ്രതികരിച്ചതെന്ന് അവര്‍ പറയുന്നു.സ്ഥലത്തെത്തിയ പോലീസ് നോകുബോങ്കയെ അറസ്റ്റ് ചെയ്തുകൊണ്ടുപോയി. സെല്ലില്‍ കഴിയുമ്പോഴും മകളെ കുറിച്ചായിരുന്നു അവരുടെ ആശങ്കയത്രയും. അതേസമയം മകളാകട്ടെ ആശുപത്രിയില്‍ അമ്മയുടെ അവസ്ഥയെന്തന്നറിയാതെ വിഷമിച്ചു. അമ്മയെ വര്‍ഷങ്ങളോളം ജയില്‍ അടക്കുമോ എന്നവള്‍ ഭയന്നു. രണ്ടുദിവസങ്ങള്‍ക്ക് ശേഷം ജാമ്യത്തിലിറങ്ങി മകളുടെ അടുത്തെത്തിയ നോകുബോങ്കെയാണ് പിന്നീട് അവളുടെ കാര്യങ്ങളെല്ലാം നോക്കിയത്. ഒരു കൗണ്‍സിലറുടെ പോലും സഹായമില്ലാതെ മകളെ നോകുബോങ്ക ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇതിനിടയില്‍ കേസും മുന്നോട്ട് പോയി. നിത്യവും നൂറുകണക്കിന് ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും മകളെ ഉപദ്രവിച്ചവരെ ആക്രമിച്ച അമ്മയുടെ കഥയ്ക്ക് ആഫ്രിക്കയില്‍ വലിയ മാധ്യമ ശ്രദ്ധയാണ് ലഭിച്ചത്. ലയണ്‍ മമ്മ എന്നാണ് നോകുബോങ്കയെ ആഫ്രിക്കന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ബുഹ്‌ലെ ടോണിസാണ് കോടതിയില്‍ നോകുബോങ്കയ്ക്കുവേണ്ടി ഹാജരായത്. സ്വയരക്ഷയെ കരുതിയാണ് താന്‍ ആക്രമണത്തിന് മുതിര്‍ന്നതെന്ന് നോകുബോങ്ക കോടതിയെ ബോധിപ്പിച്ചു. നോകുബോങ്കയ്ക്ക് പിന്തുണയുമായി നാടൊന്നാകെ അണിചേര്‍ന്നു. ഒടുവില്‍ നാടിന്റെയും നന്മയുടെയുമൊപ്പം കോടതി നിന്നു. തെറ്റിനെയും ശരിയെയും വേര്‍തിരിച്ചറിയാന്‍ നിയമവ്യവസ്ഥയ്ക്ക് കഴിയുമെന്ന് ഞാന്‍ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. കോടതിയില്‍ നിന്ന് ഞാന്‍ ആദ്യം വിളിച്ചത് മകളെയാണ് നാളുകള്‍ക്ക് ശേഷം അവള്‍ ചിരിക്കുന്നത് ഞാന്‍ കേട്ടു. സിഫോക്കസിയെ ആക്രമിച്ച രണ്ടുപേരെ 30 വര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചു. കേസ് പൂര്‍ത്തിയായതോടെ താന്‍ മറഞ്ഞിരിക്കുന്നത് ശരിയല്ലെന്ന് സിഫോക്കസിക്ക് തോന്നി. തന്നെ പോലുള്ള നിരവധി കുട്ടികള്‍ക്ക് ഒരു പ്രചോദനമാകണം എന്നവള്‍ തീരുമാനിച്ചു. അങ്ങനെയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ സിഫോക്കസിയും അവളുടെ സിംഹക്കുട്ടി അമ്മയും തീരുമാനിക്കുന്നത്.