വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ഗൂഗിൾപോലുള്ള കമ്പനികള്‍ ശേഖരിക്കുന്നുണ്ടെന്ന് സ്‌നോഡന്‍

വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍  ഗൂഗിൾപോലുള്ള കമ്പനികള്‍ ശേഖരിക്കുന്നുണ്ടെന്ന്  സ്‌നോഡന്‍

വ്യക്തികളുടെ അത്രമേല്‍ സ്വകാര്യമായ വിവരങ്ങള്‍ പോലും ഗൂഗിളും ആമസോണും ഫെസ്ബുക്കും പോലുള്ള കമ്പനികള്‍ ശേഖരിക്കുന്നുണ്ടെന്ന ആരോപണവുമായി എഡ്വേഡ് സ്‌നോഡന്‍. സ്വകാര്യത ഇല്ലാതാകുകയെന്നതിന്റെ പ്രാധാന്യത്തെകുറിച്ച് ഓരോരുത്തരും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചെന്നും സ്‌നോഡന്‍ പറയുന്നു. പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണില്‍ നടന്ന വെബ് ഉച്ചകോടിയില്‍ വിഡിയോ സന്ദേശം വഴിയാണ് സ്‌നോഡന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സിയുടെ ജീവനക്കാരനായിരുന്ന സ്‌നോഡന്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് നടത്തിയത്. 2003 -09 കാലയളവില്‍ സ്‌നോഡന്‍ സിഐഎക്കു വേണ്ടി ജോലി ചെയ്യുകയും ചെയ്തിരുന്നു. മൈക്രോസോഫ്റ്റ്, ആപ്പിള്‍, യാഹൂ, ഗൂഗിള്‍, ഫെയ്സ്ബുക് തുടങ്ങി ഒൻപത് വമ്പന്‍ ഇന്റര്‍നെറ്റ് കമ്പനികളുടെ സെര്‍വറുകളും ഫോണ്‍ സംഭാഷണങ്ങളും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോര്‍ത്തുന്നുവെന്നതായിരുന്നു സ്‌നോഡന്റെ വെളിപ്പെടുത്തല്‍.

ഗാര്‍ഡിയന്‍, വാഷിങ്ടണ്‍ പോസ്റ്റ് പത്രങ്ങള്‍ വഴി പുറത്തുവന്ന സ്‌നോഡന്റെ വെളിപ്പെടുത്തല്‍ അമേരിക്കയിലും പുറത്തും വലിയ കോളിളക്കമാണുണ്ടാക്കിയത്. പ്രിസം എന്ന രഹസ്യപേരില്‍ അറിയപ്പെട്ട ഈ പദ്ധതി അമേരിക്കന്‍ സര്‍ക്കാര്‍ ഉള്‍പ്പെട്ട ഏറ്റവും വലിയ ചാരപണികളിലൊന്നാണ്. വെളിപ്പെടുത്തലിന് പിന്നാലെ ഹോങ്കോങ്ങില്‍ അഭയം തേടിയ സ്‌നോഡന്‍ അമേരിക്ക സമ്മര്‍ദം ശക്തമാക്കിയതോടെ റഷ്യയിലേക്ക് എത്തി.വ്യക്തികളുടെ വിവരങ്ങള്‍ ഹാക്കര്‍മാരോ ചാരസംഘടനകളോ ചോര്‍ത്തുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നതിനെക്കുറിച്ചാണ് എല്ലാവരും പറയുന്നത്. എന്നാല്‍ ഇത്തരം വിവരങ്ങള്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ ശേഖരിക്കുന്നത് തന്നെ ചോദ്യം ചെയ്യണമെന്ന് സ്‌നോഡന്‍ പറഞ്ഞു. ഇത്തരം കമ്പനികള്‍ സര്‍ക്കാരുകള്‍ക്ക് വ്യക്തിഗത വിവരങ്ങള്‍ കൈമാറുന്നത് പുതിയ സംഭവമല്ലെന്നും അദ്ദേഹം വെബ് ഉച്ചകോടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കവേ പറഞ്ഞു. റഷ്യയില്‍ നിന്നും ലൈവ് സ്ട്രീമിങ് വഴിയാണ് സ്‌നോഡന്‍ സംസാരിച്ചത്.

ഗൂഗിള്‍, ആമസോണ്‍, ഫെയ്സ്ബുക് തുടങ്ങിയ വമ്പന്‍ ഇന്റര്‍നെറ്റ് കമ്പനികളെല്ലാം തങ്ങളുടെ പ്രവര്‍ത്തനങ്ങളും വിവര ശേഖരണവുമെല്ലാം നിയമപരമാണെന്നാണ് വാദിക്കുന്നത്. എന്നാല്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സിക്ക് ഫെയ്സ്ബുക് വിവരങ്ങള്‍ കൈമാറിയതിനെക്കുറിച്ച് ചോദിച്ചാല്‍ അതും നിയമവിധേയമാണെന്നായിരിക്കും മറുപടിയെന്നും സ്‌നോഡന്‍ ഓര്‍മിപ്പിച്ചു.സെപ്റ്റംബര്‍ 11 ആക്രമണത്തെ തുടര്‍ന്ന് ഭീകരരുടെ നീക്കങ്ങള്‍ മനസിലാക്കാനും തടയാനുമെന്ന പേരിലാണ് അമേരിക്ക പ്രിസം പദ്ധതി വഴി വിവരങ്ങള്‍ ചോര്‍ത്തിയത്. അന്നത്തെ അനുഭവത്തില്‍ നിന്ന് ലോകം ആദ്യം പഠിക്കേണ്ട പാഠം വൈകാതെ എല്ലാ വിവരങ്ങളും ചോരുമെന്നതാണെന്നും സ്‌നോഡന്‍ പറഞ്ഞു. നമ്മുടെ സ്വകാര്യത സംരക്ഷിക്കാന്‍ ശേഷിയുള്ളത് നമുക്ക് മാത്രമാണെന്ന് ഓര്‍മിപ്പിച്ചാണ് സ്‌നോഡന്‍ തന്റെ സംസാരം അവസാനിപ്പിച്ചത്.