ഭീമൻ കപ്പലുകളെ ചുമക്കുന്ന കപ്പൽ

 
ഭീമൻ കപ്പലുകളെ ചുമക്കുന്ന  കപ്പൽ 

ലോകത്തിലെ ഏറ്റവും വലിയ കപ്പലുകള്‍ അവയുടെ നീളവും വീതിയിലും വഹിക്കാവുന്ന ഭാരത്തിലുമാണ് അളക്കപ്പെടുന്നത്. നാലു ലക്ഷം ടണ്‍ വരെ നിഷ്പ്രയാസം വഹിക്കാവുന്ന ഭീമന്‍ കപ്പലുകൾക്കിടയിലെ വ്യത്യസ്തനാണ് ബോക വാന്‍ഗാര്‍ഡ്. കണ്ടെയ്‌നറുകളും പെട്രോളിയം ഉല്‍പ്പന്നങ്ങളുമെല്ലാം വഹിക്കുന്ന കപ്പലുകളില്‍ നിന്ന് വാന്‍ഗാര്‍ഡിനെ വ്യത്യസ്തനാക്കുന്നത് ഇവന്‍ വഹിക്കുന്ന കാര്‍ഗോകളുടെ വലുപ്പമാണ്.ലോകത്ത് ഒരു കപ്പലിലും ഇത്രവലിയ സാധനങ്ങള്‍ കയറ്റി ഇറക്കാന്‍ കഴിയില്ല. കൂറ്റന്‍ ഓയില്‍ റിഗ്ഗുകള്‍, കേടായ കപ്പലുകള്‍, ഡസന്‍കണക്കിന് ബോട്ടുകള്‍, വാന്‍ഗാര്‍ഡ് എന്ന കപ്പല്‍ ഭീമന് ഇവയെല്ലാം നിഷ്പ്രയാസം വഹിക്കാനാവും. അമേരിക്കന്‍ കമ്പനിയായ ഷെവ്‌റോണിന്റെ 53000 ടണ്‍ ഭാരമുള്ള ഓയില്‍ റിഗ് സൗത്ത് കൊറിയയില്‍ നിന്ന് മെക്‌സിക്കോയില്‍ എത്തിച്ചതോടെയാണ് വാന്‍ഗാര്‍ഡ് ലോകപ്രശസ്തനാകുന്നത്.

ഹെവി വെയ്റ്റ് കാര്‍ഗോ കമ്പനിയായ ഡോക് വൈസാണ് വാന്‍ഗാര്‍ഡിന്റെ നിര്‍മാതാക്കള്‍ (ഇപ്പോള്‍ ബോസ്‌കാലിസ്). 2011 ഫെബ്രുവരിയിലാണ് ലോകത്തിലെ ഏറ്റവും വലിയ സെമി സബ്‌മെര്‍ജബിള്‍ ഹെവി ലിഫ്റ്റിങ് ഷിപ്പ് നിര്‍മിക്കാനുള്ള കരാര്‍ കൊറിയയിലെ ഹ്യുണ്ടേയ് ഹെവി ഇലക്ട്രിക് കമ്പനിക്ക് ലഭിക്കുന്നത്. 2013 ല്‍ കപ്പലിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഏകദേശം 240 ദശലക്ഷം ഡോളര്‍ (1726 കോടി രൂപ) കപ്പല്‍ നിര്‍മിക്കാന്‍ ചിലവായി. നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് മുന്നേ തന്നെ ആദ്യ ജോലി കരാറും ലഭിച്ചു.<117,000 ടൺ ആണ് വാന്‍ഗാര്‍ഡിന്റെ ഭാര വാഹക ശേഷി. ഇതു വീണ്ടും ഉയര്‍ത്താനാകും എന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 275 മീറ്ററാണ് വാന്‍ഗാര്‍ഡിന്റെ നീളം. വീതി 70 മീറ്ററും. ഡക്കിന്റെ 70 ശതമാനത്തില്‍ അധികവും കാര്‍ഗോ കയറ്റാനാകും എന്നത് വാന്‍ഗാര്‍ഡിന്റെ പ്രത്യേകതയാണ്. കപ്പലിന്റെ ഇരുവശത്തുമായുള്ള ടവറുകളാണ് ഭാരം ബാലന്‍സ് ചെയ്യുന്നത്. ഒരു വശത്ത് രണ്ടും മറ്റൊരു വശത്ത് മൂന്നും വീതം ടവറുകളുണ്ട്. അതില്‍ വലുപ്പം കൂടിയ ടവറിലാണ് ക്യാപ്റ്റന്റേയും ക്രൂവിന്റേയും ക്യാബിനുകളും കപ്പലിന്റെ നിയന്ത്രണങ്ങളും. അതൊഴിച്ച് ബാക്കിയെല്ലാം ചലിപ്പിക്കാനാകും എന്നതും ഈ എന്‍ജിനിയറിങ് അദ്ഭുതത്തിന്റെ പ്രത്യേകതയാണ്

8700 കിലോവാട്ട് ശേഷിയുള്ള രണ്ടു എന്‍ജിനുകളും 4350 കിലോവാട്ട് ശേഷിയുള്ള രണ്ടു എന്‍ജിനുകളുമാണ് ഈ കരുത്തന്‍ കപ്പലിനെ ചലിപ്പിക്കുന്നത്. കാര്‍ഗോ ഇല്ലാത്തപ്പോള്‍ 14 നോട്ടിക്കില്‍ മൈല്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന കപ്പലിന് ഭാരം വഹിച്ചുകൊണ്ട് 11 മുതല്‍ 13 വരെ നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കാം. കാര്‍ഗോകള്‍ സ്വീകരിക്കാനായി 31.5 മീറ്റര്‍ വരെ വെള്ളത്തിലേയ്ക്ക് താഴാന്‍ വാന്‍ഗാര്‍ഡിന് സാധിക്കും. 40 ക്രൂവാണ് വാന്‍ഗാര്‍ഡിലുള്ളത്.ആദ്യ യാത്രയില്‍ തന്നെ ലോകത്തിലെ ഏറ്റവും വലിയ സെമി സബ്‌മെര്‍ജബിള്‍ ഓയില്‍ റിഗ്ഗാണ് ഇവന്‍ കൊണ്ടുവന്നത്. പിന്നീട് ലോകത്തെ അമ്പരപ്പിച്ച നിരവധി യാത്രകള്‍. 2012 ല്‍ മെഡിറ്ററേനിയന്‍ കടലില്‍ മറിഞ്ഞ ഇറ്റാലിയന്‍ ഷിപ്പ് കോസ്റ്റ് കോണ്‍കോര്‍ഡിയയെ തിരിച്ച് ഇറ്റലിയില്‍ എത്തിച്ചതും ഈ കപ്പല്‍ ഭീമന്‍തന്നെ.