അന്യമായികൊണ്ടിരിക്കുന്ന ഭാഷകൾ

അന്യമായികൊണ്ടിരിക്കുന്ന  ഭാഷകൾ 

ജീവിവർഗത്തിന്  തമ്മിൽ ആശയ വിനിമയം നടത്താനുള്ള മാധ്യമങ്ങളെയാണ്  ഭാഷ എന്നുപറയുന്നത്‌. അഥവാ ആശയ വിനിമയത്തിനുള്ള സൂചകങ്ങളുടെ ഒരു കൂട്ടത്തിനെ ഭാഷ എന്നു പറയുന്നു.ലോകത്ത്  നിരവധിയായ ഭാഷകളുണ്ട് .ഓരോ ഭാഷയും വ്യത്യസ്തത പുലർത്തുന്നവയാണ് .

        എസില്‍ നോര്‍ത്ത് ഡക്കോട്ട മേഖലയിലെ 'ഫോര്‍ട്ട് ബ്രെതോള്‍ഡ് ഇന്ത്യന്‍ റിസര്‍വേഷനി'ല്‍ തദ്ദേശവാസികളായ ഒരു വിഭാഗം റെഡ് ഇന്ത്യക്കാര്‍ സംസാരിച്ചിരുന്ന ഭാഷയുടെ പേര് കണ്ടാല്‍ നമ്മള്‍ മലയാളികള്‍ക്ക് ചിരി വന്നേക്കാം. 'Mandan' എന്നാണതിന്റെ പേര്. 'മണ്ടന്‍' എന്ന് പറയാന്‍ വരട്ടെ, 'മാന്‍ഡെന്‍' എന്നാണ് ശരിയായ ഉച്ഛാരണം

പേരു കണ്ട് ചിരി വന്നെങ്കിലും, ഈ ഭാഷയുടെ വിധി കേട്ടാല്‍ വിഷമം തോന്നും. സംസാരിക്കാന്‍ ആരുമില്ലാതെ മരിച്ചുപോയ ഭാഷയാണിത്. എഡ്വിന്‍ ബെന്‍സന്‍ (Edwin Benson) എന്ന വിദ്യാഭ്യാസപ്രവര്‍ത്തകനാണ് ഈ ഭാഷ സംസാരിച്ചിരുന്ന അവസാനത്തെ അംഗം. 2016-ല്‍ എണ്‍പത്തിയഞ്ചാം വയസ്സില്‍ അദ്ദേഹം വിടവാങ്ങിയപ്പോള്‍, മാന്‍ഡെന്‍ ഭാഷയും അന്യംനിന്നു. ഇന്ന് ലോകത്ത് ആ ഭാഷയില്ല

സംസാരിക്കാന്‍ ആളില്ലാതെ ലോകത്ത് മരിച്ച നൂറുകണക്കിന് ഭാഷകളുടെ പ്രതിനിധി മാത്രമാണ് മാന്‍ഡെന്‍. ഒരു ഭാഷ സംസാരിക്കുന്ന അവസാന അംഗവും അന്തരിക്കുമ്പോഴാണ് ഭാഷാമരണം (linguicide) സംഭവിക്കുക. തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ കോണ്‍വാള്‍ പ്രദേശത്തെ ഭാഷയായിരുന്നു 'കോര്‍ണിഷ്' (Cornish). ചെസ്റ്റണ്‍ മര്‍ച്ചന്റ് എന്ന വ്യക്തിയായിരുന്നു ആ ഭാഷ സംസാരിച്ചിരുന്ന ഒടുവിലത്തെയാള്‍. അദ്ദഹം 1676-ല്‍ മരിച്ചതോടെ കോര്‍ണിഷ് ഭാഷയ്ക്കും അന്ത്യമായി.

ആര്‍ട്ടിസ്റ്റായിരുന്ന കാലിഫോര്‍ണിയക്കാരന്‍ ഇഷി (Ishi) 1916-ല്‍ അന്തരിച്ചപ്പോള്‍, വിടവാങ്ങിയത് അദ്ദേഹം മാത്രമല്ല, 'യാന' (Yana) എന്ന ഭാഷ കൂടിയാണ്. ഓസ്‌ട്രേലിയയിലെ തദ്ദേശഭാഷകളില്‍ ഒന്നായിരുന്നു 'വാറുന്‍ഗു' (Warrungu) മരിച്ചത് 1981-ലാണ്, അത് സംസാരിച്ചിരുന്ന ഒടുവിലത്തെ അംഗമായ ആല്‍ഫ് പാല്‍മെര്‍ അന്തരിച്ചതോടെയാണിത്

ഇതുപോലെ, റഷ്യയില്‍ 1989-ല്‍ കാവ്ദിയ പ്ലോട്‌നിക്കോവ (Klavdiya Z. Plotnikova) എന്ന സ്ത്രീയുടെ മരണത്തോടെ, 'കമാസിയന്‍' (Kamassian) ഭാഷയ്ക്കും അന്ത്യമായി. ഇന്ത്യയില്‍ ആന്‍ഡമാന്‍ ദ്വീപിലെ പ്രാചീനഗോത്രവര്‍ഗ്ഗക്കാര്‍ സംസാരിച്ചിരുന്നതില്‍ ഒന്നായ 'അക-ബോ' (Aka-Bo) ഭാഷയുടെ കഥയും വ്യത്യസ്തമല്ല. ഈ ഭാഷ സംസാരിച്ചിരുന്ന അവസാനത്തെ വ്യക്തിയായിരുന്ന ബോവ സിര്‍ (Boa Sr) 2010-ല്‍ വിടവാങ്ങിയപ്പോള്‍ ആ ഭാഷ മരിച്ചു. യു.എസില്‍ വാഷിങ്ടണ്‍ സംസ്ഥാനത്ത് 2014 വരെ നിലനിന്ന ഭാഷയാണ് 'ക്ലാലം' (Klallam). അതു സംസാരിച്ചിരുന്ന ഒടുവിലത്തെയാളായ ഹേസല്‍ സാംപ്‌സണ്‍ എന്ന സ്ത്രീ 2014-ല്‍ നൂറ്റിമൂന്നാം വയസില്‍ മരിച്ചതിനൊപ്പം ആ ഭാഷയും അവസാനിച്ചു

ഇത് മരിച്ച ഭാഷകളുടെ കാര്യം. എന്നാല്‍, അധികം വൈകാതെ മരിക്കാന്‍ പോകുന്ന ഭാഷകളുടെ കാര്യമോ! യുണെസ്‌കോ (UNESCO) യുടെ കണക്കു പ്രകാരം ലോകത്താകെയുള്ള ഏതാണ്ട് 7000 ഭാഷകളില്‍ 2473 എണ്ണം അപകടാവസ്ഥയിലാണ്. അതില്‍ തന്നെ അഞ്ഞൂറോളം ഭാഷകള്‍ 'ഏതാനും പ്രായമായവര്‍ മാത്രം സംസാരിക്കുന്ന' അവസ്ഥയിലും. ഉദാഹരണത്തിന്, ദക്ഷിണാഫ്രിക്കയിലെ 'എന്‍|യുയു' (N|uu) ഭാഷയുടെ കാര്യമെടുക്കാം. ആഫ്രിക്കയിലെ സാന്‍ ഭാഷകളില്‍ (San languages) ഏറ്റവും പഴക്കമേറിയതാണിത്. കത്രീന ഇസാവു (Katrina Esau) എന്ന വയോധികയും രണ്ടു സഹോദരിമാരും ഉള്‍പ്പടെ ആറുപേര്‍ മാത്രമാണിന്ന് ഈ ഭാഷ ഇന്ന് സംസാരിക്കുന്നത്

ഒരു ഭാഷ എന്നത് ഒരു ജനതയെയും അതിന്റെ സംസ്‌കാരത്തെയുമാണ് അടയാളപ്പെടുത്തുന്നത്. ഒരു ഭാഷ അവസാനിക്കുമ്പോള്‍, ആയിരക്കണക്കിന് വര്‍ഷങ്ങളായി അതിലൂടെ കൈമാറിവന്ന വിശ്വാസങ്ങളും കഥകളും പാട്ടുകളും വിവരങ്ങളുമെല്ലാം നഷ്ടപ്പെടുന്നു! മാനവസംസ്‌കൃതിക്കാകെ സംഭവിക്കുന്ന നഷ്ടമാണിത്.

ഈ വസ്തുത മുന്നില്‍ കണ്ട്, 2019-നെ 'അന്താരാഷ്ട്ര തദ്ദേശഭാഷാ വര്‍ഷം' (Year of Indigenous Languages) ആയി ആചരിക്കുകയാണ് ഐക്യരാഷ്ട്രസഭ. തദ്ദേശഭാഷകള്‍ അപ്രത്യക്ഷമാകുന്നതിലേക്ക് പൊതുസമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുക, അതുവഴി ഭാഷകളെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും അടിയന്തിര പ്രാധാന്യത്തോടെ നടപടികള്‍ സ്വീകരിക്കുക-ഇതാണ് വര്‍ഷാചരണം കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. കഴിയുന്നതും ഭാഷാമരണം തടയുകയാണ് ലക്ഷ്യം. ഇതിനായി 2016-ല്‍ യുഎന്‍ പൊതുസഭ പാസാക്കിയ പ്രമേയം അനുസരിച്ച് വര്‍ഷാചരണത്തിന്റെ മേല്‍നോട്ടം യുണെസ്‌കോ വഹിക്കുന്നു.

വിവിധങ്ങളായ കാരണങ്ങള്‍ തദ്ദേശഭാഷകളുടെ നാശത്തിന് പിന്നിലുണ്ടെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. ഒരു പ്രത്യേക ഭാഷ സംസാരിക്കുന്നവരെ മുഴുവന്‍ വംശഹത്യ വഴി ഇല്ലാതാക്കുമ്പോള്‍, വേറെയാരും ഉപയോഗിക്കാനില്ലെങ്കില്‍ അവര്‍ക്കൊക്കം അവരുടെ ഭാഷയും മണ്ണടിയും. പല ഗോത്രസമൂഹങ്ങളിലും കാരണവന്‍മാരുടെ ഭാഷ പുതിയ തലമുറയിലേക്ക് കൈമാറാത്ത സ്ഥിതിയുണ്ട്. അധികാരികളുടെ ഭാഷ, തദ്ദേശഭാഷകള്‍ക്ക് മേല്‍ ആധിപത്യം നേടുക വഴി, തദ്ദേശഭാഷകള്‍ ഉപേക്ഷിക്കപ്പെടാറുണ്ട്.

ഭാഷകളുടെ മരണത്തെക്കുറിച്ച് ജാപ്പനീസ് ഗവേഷകനായ തസാക്കു സുനോഡ (Tasaku Tsunoda) പറയുന്നതു പ്രകാരം, പത്തുലക്ഷമോ അതില്‍ കൂടുതലോ പേര്‍ സംസാരിക്കുന്ന 300 ഭാഷകളേ ലോകത്തുള്ളൂ. മാന്‍ഡരിന്‍, ഇംഗ്ലീഷ്, ഹിന്ദി, സ്പാനിഷ്, അറബിക് ഒക്കെ ഇതില്‍ പെടുന്നു. ഇത് മൊത്തം ഭാഷകളുടെ അഞ്ചുശതമാനമേ വരൂ. പക്ഷേ, ഈ 300 ഭാഷകള്‍ സംസാരിക്കുന്നവരുടെ എണ്ണം ലോകജനസംഖ്യയുടെ 90 ശതമാനത്തിലേറെ വരും! അവശേഷിക്കുന്ന ആറായിരത്തിലേറെ ഭാഷകള്‍ പത്തുശതമാനത്തില്‍ താഴെ ആളുകളേ സംസാരിക്കുന്നുള്ളൂ.

ഭാഷകളുടെ ഇല്ലാതാകല്‍ നിരാശാജനകമാണെങ്കിലും, തദ്ദേശഭാഷകളെ കുറിച്ച് പഠിച്ച് അവ രേഖപ്പെടുത്താനും, അത്തരം ഭാഷകളെ ഭാവിക്ക് കൈമാറാനും സഹായിക്കുന്ന സാങ്കേതികവിദ്യകള്‍ മുമ്പെങ്ങുമില്ലാത്ത വിധം ലഭ്യമാകുന്ന കാലമാണിത്. ഇപ്പോള്‍ യുണെസ്‌കോയുടെ നേതൃത്വത്തില്‍ നടക്കുന്ന തദ്ദേശഭാഷാ വര്‍ഷാചരണം, അത്തരം സംഗതികള്‍ക്കു കൂടി ആവേഗം കൂട്ടുമെന്ന് പ്രതീക്ഷിക്കാം.