നിറം മാറുന്ന ദ്വീപ്

ഋതുക്കൾ മാറി വരുമ്പോൾ അതനുസരിച്ച് മാറുന്ന ഭൂപ്രകൃതി കണ്ടിട്ടുണ്ടോ? ഇങ്ങനെ നിറം മാറുന്ന ഒരു ദ്വീപ് ശിശിരത്തിൽ ഇലകളെല്ലാമുതിർന്ന് അസ്ഥിപഞ്ജരം പോലെ നിൽക്കുന്ന മരങ്ങൾ, മഴക്കാലത്ത് മഴത്തുള്ളികളുടെ ഭാരം കൊണ്ട് താണു പോയ മരച്ചില്ലകൾ, വിവരണങ്ങൾ ഒരുപാടുണ്ട്. ഫിന്‍ലൻഡിലെ കൊട്ടിസാരി എന്ന ദ്വീപിലേക്ക് ഒന്നു പോയി നോക്കണം, ഓരോ ഋതുവിലും ദ്വീപിന്റെ മുഖം മാറികൊണ്ടിരിക്കും. ആ കാഴ്ചകളുടെ ഭംഗി ഓരോ ഋതുവും നോക്കിയിരുന്ന് സോഷ്യൽ മീഡിയയിൽ ഇട്ടു വൈറലായ ഒരാളുണ്ട്, ഫിൻലൻഡുകാരൻ തന്നെയായ ജാനി വൈലിനന്പാ എന്ന ഫോട്ടോഗ്രഫർ. വളരെ ചെറിയ ദ്വീപാണ് ഫിൻലൻഡിലെ കൊട്ടിസാരി. ഫിൻലന്‍ഡിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം. ബോട്ടിൽ മാത്രം സഞ്ചരിച്ചെത്താവുന്ന ഒരിടം. 1800 ലാണ് ഈ ദ്വീപ് കണ്ടുപിടിച്ചത്. ചെറുകിട കച്ചവടങ്ങൾക്കു വേണ്ടി നടത്തിയിരുന്ന ബോട്ടുയാത്രകളാണ് പിന്നീട് ടൂറിസം എന്ന തലത്തിലേക്കു വളർന്നത്. ഒരു വർഷം കൊണ്ടാണ് ജാനി വൈലിനന്പാ ഈ ചിത്രങ്ങളെടുത്തത്. 2015 ലെ സമ്മറിലാണ് ആദ്യമായി കൊട്ടിസാരിയുടെ ചിത്രങ്ങളെടുക്കുന്നതെന്നും 2016 ലെ വസന്തകാലത്താണ് ആ ചിത്രം തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. ‘ആ ചിത്രങ്ങള്‍ക്കു വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതിനു ലഭിച്ച അഭിനന്ദനം തന്നെയാണ് മറ്റു ഋതുക്കളുടെ ചിത്രങ്ങളെടുക്കുവാനും പ്രേരിപ്പിച്ചത്’ - ജാനി വൈലിനന്പാ പറയുന്നു. ഓരോ കാലത്തെയും നിറങ്ങളുടെ വ്യത്യാസം ദ്വീപിന്റെ ആകൃതി പോലും വ്യത്യാസപ്പെടുത്തിയതായി തോന്നും. വേനൽക്കാലത്തെ എമറാൾഡ് ഗ്രീനിൽനിന്നു മഞ്ഞു കാലത്ത് വെളുത്ത നിറമാകുമ്പോൾ വരുന്ന മാറ്റം കൗതുകകരമാണ്. പ്രകൃതിയുടെ അഭൗമമായ കരവിരുതും മികച്ച ഫോട്ടോഗ്രഫറുടെ കഴിവും കൂടിയായപ്പോൾ കൊട്ടിസാരിയിലെ ഋതുക്കൾ ലോകപ്രശസ്തമായി. ഡ്രോൺ വഴിയാണ് ജാനി വൈലിനന്പാ അതിശയകരമായ ഈ ചിത്രങ്ങൾ പകർത്തിയത്. ആർട്ടിക്ട് സർക്കിളിൽനിന്ന് അധികം ദൂരെയല്ലാത്ത ഈ പ്രദേശം മഞ്ഞു കാലത്ത് മരവിച്ച അവസ്ഥയിലാണ്. വിനോദസഞ്ചാരത്തിന് ഒരുപാടു സാധ്യതകൾ ലോകത്തിനു മുൻപിൽ തുറന്നിടുന്നു ഈ ദ്വീപ്. മേയ് മുതല്‍ ഒക്ടോബര്‍ വരെയാണ് കൊട്ടിസാരിയിൽ സന്ദർശനത്തിന് അനുയോജ്യം. ഇൗ ദ്വീപിന്റെ അദ്ഭുതകാഴ്ചകൾ ചിത്രങ്ങളിലൂടെ ആസ്വദിക്കുന്ന സഞ്ചാരികൾ കാത്തിരിക്കുകയാണ് ഇവിടേക്ക് എത്തിച്ചേരാൻ. Kotisaari Island Rovaniemi Finland