ഇന്റര്‍നെറ്റ് സുരക്ഷാ നിയമം നടപ്പിലാക്കി കലിഫോർണിയ

ഇന്റര്‍നെറ്റ് സുരക്ഷാ നിയമം നടപ്പിലാക്കി കലിഫോർണിയ

ഇന്ത്യയടക്കം പല രാജ്യങ്ങളും തങ്ങളുടെ ഡേറ്റാ സുരക്ഷാ നിയമം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്. ഇതിനാല്‍, നാലു കോടി കലിഫോര്‍ണിയക്കാര്‍ക്കായി ലഭിച്ചിരിക്കുന്ന പുതിയതും അതിശക്തവുമായ ഇന്റര്‍നെറ്റ് സുരക്ഷാ നിയമത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇന്റര്‍നെറ്റിന്റെ ചരിത്രത്തില്‍ മുൻപൊരിക്കലും ഇല്ലാതിരുന്ന അത്ര പരിരക്ഷയാണ് കലിഫോര്‍ണിയക്കാര്‍ക്ക് ലഭിക്കുക. ഗൂഗിള്‍, ഫെയ്‌സ്ബുക് തുടങ്ങിയ വന്‍കിട ടെക്‌നോളജി കമ്പനികള്‍ക്ക് ഇതൊരു വന്‍ വെല്ലുവിളിയാകും. 

കംപ്യൂട്ടറുകളെ കൂട്ടിയിണക്കുക എന്ന വിപ്ലവകരമായ നീക്കം ലോകത്തെ ഞൊടിയിടയില്‍ മാറ്റിമറിച്ചു. എന്നാല്‍, ഗൂഗിള്‍, ഫെയ്‌സ്ബുക് തുടങ്ങിയ ടെക്‌നോളജി കമ്പനികള്‍ ഇതിനെ ബിസിനസാക്കി മാറ്റി. തങ്ങള്‍ ഫ്രീ സര്‍വീസ് നല്‍കുന്നുവെന്ന വ്യാജേന കാശുവാരി. ഗൂഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും മിക്കവാറും പ്രധാന സേവനങ്ങളെല്ലാം ഫ്രീയാണ്. എന്നാല്‍, ഈ കമ്പനികളുടെ പ്രതിവര്‍ഷ ലാഭം ശ്രദ്ധിക്കൂ. ഇതെങ്ങനെ സാധിക്കുന്നു? ഇത്തരം കമ്പനികളുടെ ചെയ്തികളെക്കുറിച്ച് ശരാശരി ഇന്റര്‍നെറ്റ് ഉപയോക്താവിന് ഒന്നും അറിയില്ല. ഈ ഭീമന്മാര്‍ അടക്കം ലോകമെമ്പാടുമുള്ള ടെക്‌നോളജി കമ്പനികള്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും അവ ഉപയോക്താവിന്റെ പേരുമായി ബന്ധപ്പെടുത്തി സൂക്ഷിക്കുകയും ചെയ്യുന്ന രീതിക്കാണ് പ്രൊഫെലിങ് എന്നു പറയുന്നത്.ഒരാളുടെ മതം, വംശം, ലൈംഗിക താൽപര്യങ്ങള്‍, അയാള്‍ നടത്തിയ യാത്രകള്‍ തുടങ്ങി വിശദമായ വിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുന്നുവെന്ന ഗുരുതരമായ ആരോപണമാണ് പല ടെക്‌നോളജി കമ്പനികളും നേരിടുന്നത്. ഈ വഴിയില്‍ നിന്നു മാറി നടക്കുന്നുവെന്നു വിശ്വസിക്കപ്പെടുന്ന ആപ്പിള്‍ കമ്പനിയുടെ മുന്‍ മേധാവി സ്റ്റീവ് ജോബ്‌സും ഇപ്പോഴത്തെ സിഇഒ ടിം കുക്കും ഇതിനെതിരെ പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. കമ്പനികള്‍ ഈ ഡേറ്റ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് പരസ്യങ്ങള്‍ കാണിക്കുകയോ, എന്തിന് വേറെ കമ്പനികള്‍ക്ക് വിറ്റു കാശാക്കുകയോ പോലും ചെയ്യുന്നു.

ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ മരിച്ചാല്‍ അവരുടെ പ്രതിനിധിയായി പിന്നീട് ലോകത്ത് ശേഷിക്കാന്‍ പോകുന്നത് അവരുടെ പ്രൊഫൈല്‍ ആയിരിക്കാമെന്നത് ചിലരെയെങ്കിലും ഭയപ്പെടുത്തും. ഉദാഹരണത്തിന് നിങ്ങളുടെ കുട്ടിയുടെ കുട്ടി ലോകത്തെ ഏറ്റവും മികച്ചശാസ്ത്രജ്ഞനായി എന്നു കരുതുക. കുട്ടി കാശുകാരനുമായി. എന്നാല്‍, അപ്പോഴും നിങ്ങള്‍ ഫ്ലിപ്കാര്‍ട്ടില്‍ നിന്ന് ഏറ്റവും വിലകുറഞ്ഞ ഫോണ്‍ വാങ്ങാനായി നടത്തിയ സേര്‍ച്ചുകള്‍ നിലനില്‍ക്കുന്നുണ്ടാകും. അതടക്കം നിങ്ങളുടെ ഇന്റര്‍നെറ്റ് കസര്‍ത്തുകള്‍ മുഴുവന്‍ ഒരു വാലുപോലെ നിങ്ങളെ പിന്തുടർന്നേക്കാം. അപ്‌ലോഡ് ചെയ്തിരിക്കുന്ന ഫോട്ടോകളും വിഡിയോയും അടക്കം നിങ്ങളുടെ ഒരു പ്രൊഫൈല്‍ ഇന്റര്‍നെറ്റില്‍ എക്കാലത്തേക്കും ഉണ്ടായിരിക്കാം. നാളെ ഇന്നത്തെ മൂല്യങ്ങളാകണമെന്നില്ല എന്നു വേണമെങ്കില്‍ വാദിക്കാം. എന്തായാലും യൂറോപിലെ ജിഡിപിആര്‍ ആണെങ്കിലും കലിഫോര്‍ണിയയിലെ പുതിയ നിയമമാണെങ്കിലും നിങ്ങളുടെ ഇന്റര്‍നെറ്റ് ജീവിതത്തെക്കുറിച്ച് ടെക് ഭീമന്മാര്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ നീക്കിക്കളയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അവതരിപ്പിച്ചിരിക്കുന്നത്.

വമ്പന്‍ കമ്പനികള്‍ ശേഖരിച്ചിരിക്കുന്ന ഡേറ്റ ബാങ്കുകള്‍, റീട്ടെയിൽ കടക്കാര്‍ തുടങ്ങിയവര്‍ മുതല്‍ ടെക് കമ്പനികള്‍ വരെ വില്‍ക്കരുതെന്നു പറയാനും വേണമെങ്കില്‍ മുഴുവന്‍ നശിപ്പിച്ചുകളായാന്‍ ആവശ്യപ്പെടാനും അനുവദിക്കുന്ന നിയമമാണ് ഇപ്പോള്‍ കലിഫോർണിയയിൽ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. 2020 ജനുവരി 1 മുതലാണ് നിയമം പ്രാബല്യത്തിലായത്. ഒരാളുടെ സ്വകാര്യ ഡേറ്റ ഉപയോഗിച്ച് ലാഭമുണ്ടാക്കുന്ന രീതികള്‍ പാടേ അവസാനിപ്പിക്കാന്‍ കെല്‍പ്പുള്ളത്ര വിശാലമായ രീതിയിലാണ് നിയമം. കോര്‍പറേറ്റ് കമ്പനികള്‍ തമ്മില്‍ ഡേറ്റ കൈമാറുന്നതിനും മൂന്നാം കക്ഷികള്‍ക്കും മധ്യവര്‍ത്തികള്‍ക്കും കൈമാറുന്നതിനും വിലക്കുണ്ട്.കലിഫോര്‍ണിയയുടെ നിയമം അമേരിക്ക മുഴുവനായോ മറ്റു പല രാജ്യങ്ങളോ ഏറ്റെടുത്തു നടപ്പാക്കിയാലും അദ്ഭുതപ്പെടേണ്ടതില്ല്. കലിഫോര്‍ണിയില്‍ ഇതു വേണ്ടവിധത്തില്‍ നടപ്പാക്കാനായാല്‍ മുഴുവന്‍ അമേരിക്കക്കാര്‍ക്കും അവരുടെ സ്വകാര്യത തിരിച്ചുകിട്ടുമെന്ന് കലിഫോര്‍ണിയുടെ അറ്റോര്‍ണി ജനറല്‍ ഹാവിയേര്‍ ബെസേറ പറഞ്ഞു.

ഗൂഗിളും ഫെയ്സ്ബുക്കും അടക്കമുള്ള കമ്പനികള്‍ പൈസയുണ്ടാക്കുന്നതിന്റെ രഹസ്യമാണ് ടാര്‍ഗിറ്റെഡ് അഡ്വര്‍ടൈസ്‌മെന്റ്, അഥവാ ഒരാളുടെ സ്വഭാവത്തിനനുസിരിച്ചുള്ള പരസ്യം നല്‍കുക എന്നത്. ടാര്‍ഗിറ്റഡ് അഡ്വര്‍ടൈസ്‌മെന്റിനെ പുതിയ നിയമം എങ്ങനെ ബാധിക്കുമെന്നത് ഇപ്പോൾ വ്യക്തമല്ല. ആളുകളുമായി ഇടപെടുന്ന ഏതൊരു കമ്പനിയും പാലിക്കേണ്ട നിയമമാണ് എന്നതിനാല്‍ മുഴുവന്‍ അമേരിക്കയും ഈ വഴിക്കു തിരിഞ്ഞേക്കാം. ഈ വര്‍ഷത്തെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരാര്‍ഥികളില്‍ പലരും ടെക് കമ്പനികള്‍ക്ക് മൂക്കുകയറിടേണ്ടതിന്റെ ആവശ്യത്തേക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നവരാണെന്നും കാണാം.സര്‍വൈലന്‍സ് ക്യാപ്പിറ്റലിസം അല്ലെങ്കില്‍ നിരീക്ഷണ മുതലാളിത്തം എന്ന വിഭാഗത്തില്‍ പെടുത്താവുന്ന ഒന്നാണ് ഗൂഗിളും ഫെയ്‌സ്ബുക്കും അടക്കമുള്ള കമ്പനികള്‍ നടത്തുന്ന ലീലകള്‍. അവര്‍ ആളുകളുടെ ഡേറ്റ അവരുടെ അറിവോ സമ്മതമോ കൂടാതെ എടുത്ത് ഉപയോഗിക്കുന്നു. പലരും തങ്ങളുടെ ഡേറ്റ ഈ കമ്പനികള്‍ ഊറ്റിക്കൊണ്ടിരിക്കുകയാണെന്നോ, അവര്‍ പ്രൊഫൈലുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുയാണെന്നോ ഒരു വിവരവുമില്ലാത്തവരാണ്. ഫ്രീ അല്ലെങ്കില്‍ പരസ്യങ്ങളടങ്ങുന്ന സേവനങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ഇതു നടക്കുന്നത്. ഇത് ഫെയ്‌സ്ബുക്കും ഗൂഗിളും മാത്രം നടത്തുന്ന കസര്‍ത്തുകളല്ല. ഒട്ടു മിക്ക ആപ്പുകളും ഇതിന്റെ പരിധിയില്‍ വരുന്നു.

ഇത്തരത്തില്‍ നിര്‍മിക്കപ്പെട്ട ആദ്യ നിയമങ്ങളില്‍ ഒന്നാണിത് എന്നതിനാല്‍ ഇതിന് ധാരാളം ന്യൂനതകൾ ഉണ്ട്. നിയമം നേരത്തെ അറിയപ്പെട്ടിരുന്നത് കലിഫോര്‍ണിയ കണ്‍സ്യൂമര്‍ പ്രൈവസി ആക്ട്, അല്ലെങ്കില്‍ സിസിപിഎ എന്നാണ്. ഇതിനെ ടെക്‌നോളജി കമ്പനികള്‍ കോടതി കയറ്റിയേക്കും. ‌ചില അവകാശങ്ങള്‍ ഭരണഘടനാപരമായി നിലനില്‍ക്കണമെന്നില്ല. (ഇവിടെ ഓര്‍ക്കേണ്ട കാര്യം ഒരു രാജ്യത്തിന്റെയും ഭരണഘടന ഇന്റര്‍നെറ്റ് കമ്പനികളെ മുന്നില്‍ക്കണ്ടു നിര്‍മിച്ചതല്ല എന്നതാണ്.) പുതിയ നിയം പ്രകാരം, നിങ്ങള്‍ ഒരു സേവനം വാങ്ങിക്കഴിഞ്ഞാല്‍ അതേപ്പറ്റിയുള്ള എത്ര വിവരങ്ങള്‍ കമ്പനിയുടെ കയ്യില്‍ വയ്ക്കാമെന്നത് ഒരു പ്രശ്‌നമായേക്കാം. ഉദാഹരണത്തിന് നിങ്ങള്‍ ഊബര്‍ പോലെയൊരു സേവനം ഉപയോഗിക്കുന്നു എന്നിരിക്കട്ടെ. അവരുടെ കയ്യില്‍ നിങ്ങളെക്കുറിച്ച് എന്തുമാത്രം വിവരങ്ങളാണ് ഉള്ളതെന്ന് കണ്ട് നിങ്ങള്‍ ഞെട്ടുകയും അവ നീക്കംചെയ്യാന്‍ കമ്പനിയോട് ആവശ്യപ്പെടുകയും ചെയ്തു എന്നിരിക്കട്ടെ. അവര്‍ക്ക് അതു ചെയ്യേണ്ടിവരും. എന്നാല്‍, ചില ഇടപാടുകള്‍ ഇങ്ങനെയല്ല. കമ്പനികള്‍ക്ക് ഡേറ്റ സൂക്ഷിക്കേണ്ടതായി വരും. അപ്പോള്‍ എന്തു ചെയ്യുമെന്നതാണ് ഉയരുന്ന ഒരു ചോദ്യം.

ഇതിലേറെ വലിയ പ്രശ്‌നം ഉപയോക്താക്കള്‍ക്ക് ഇതൊക്കെ മനസ്സിലാക്കാനാകുമോ എന്നതാണ്. തങ്ങളുടെ പുതിയ അവകാശങ്ങള്‍ മുതലാക്കാന്‍ എത്ര കലിഫോര്‍ണിയക്കാര്‍ക്കാകും എന്നത് മറ്റൊരു ചോദ്യം. നിയമം ഗുണപ്രദമാകണമെങ്കില്‍, അവര്‍ തങ്ങളുടെ ഡേറ്റ വില്‍ക്കരുതെന്നു പറയണം, തങ്ങളെക്കുറിച്ച് ശേഖരിച്ച ഡേറ്റ അയച്ചു തരാന്‍ പറയണം, ഡേറ്റാ ചോര്‍ച്ചയുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെടണം. ഇതിനൊക്കെ ആരെല്ലാം മുതിരും എന്നതാണ് ഉയരുന്ന ചോദ്യം. ഓരോ നിയമലംഘനത്തിനും 7,500 ഡോളര്‍ വരെ പിഴ ലഭിക്കാം. ഫെയ്‌സ്ബുക്കില്‍ നിന്നുണ്ടായതു പോലെയുള്ള ചോര്‍ച്ചകള്‍ ഇനി കലിഫോര്‍ണിയയില്‍ ഉണ്ടായാല്‍ ഈ പ്രശ്‌നം ബാധിച്ച ഓരോരുത്തര്‍ക്കും 7500 ഡോളര്‍ വരെ നല്‍കാന്‍ കമ്പനിക്കു ബാധ്യതയുണ്ടാകും. എത്രപേരെ ബാധിച്ചു എന്നതിനെ അടിസ്ഥാനമാക്കി പൈസ വര്‍ധിക്കാം.

യാതൊരു തത്വദീക്ഷയുമില്ലാതെയാണ് ഇന്റര്‍നെറ്റിലേക്കു കടന്നുവരുന്ന കുട്ടികളെക്കുറിച്ചുള്ള ഡേറ്റയും വന്‍കിട കമ്പനികള്‍ ശേഖരിച്ചു സൂക്ഷിക്കുന്നത്. പുതിയ നിയമപ്രകാരം 16 വയസില്‍ താഴെയുള്ള കുട്ടികളുടെ ഡേറ്റാ വില്‍ക്കാനേ പാടില്ല. വേണമെങ്കില്‍ നേരിട്ടു സമ്മതം ചോദിച്ചിരിക്കണം. കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്ന കാര്യത്തില്‍ കലിഫോര്‍ണിയ്ക്കാര്‍ ഒരു ഇളവും കമ്പനികള്‍ക്ക് നല്‍കരുതെന്ന് അറ്റോര്‍ണി ജനറല്‍ ഹാവിയേര്‍ ബസേറ ആവശ്യപ്പെട്ടു.