കാടിനകത്തെ നിഗൂഢ അടയാളം

കാടിനകത്തെ നിഗൂഢ അടയാളം

ഹാരിപോട്ടർ നോവൽ എഴുതിയ ജെ.കെ റൗളിങ് ഏറെക്കാലം ഇംഗ്ലണ്ടിലെ ഫോറസ്റ്റ് ഓഫ് ഡീൻ എന്നറിയപ്പെടുന്ന പ്രദേശത്തിനു സമീപം ജീവിച്ചിട്ടുണ്ട്. മന്ത്രവാദ ലോകത്തെപ്പറ്റിയുള്ള നോവൽ എഴുതിയപ്പോൾ റൗളിങ് ആ കാടിനെ മറന്നുമില്ല. ഹാരിപോട്ടറിലെ പല നിർണായക രംഗങ്ങളും റൗളിങ് എഴുതിയത് ആ കാടിനെ മനസ്സിൽ കണ്ടുകൊണ്ടായിരുന്നു. നോവലിൽ കാടിന്റെ നിഗൂഢ സ്വഭാവത്തെപ്പറ്റി ഏറെ വിശദീകരിക്കുന്നുണ്ട്. എന്നാൽ യഥാർഥത്തിൽ ആ കാട്ടിലെ അവസ്ഥ എന്താണ്? നിഗൂഢ ശക്തികൾ ഒളിഞ്ഞിരിക്കുന്നുണ്ടോ ഫോറസ്റ്റ് ഓഫ് ഡീനിൽ? ജോൺ ഹോയ്‌ൽ എന്ന ആർക്കിയോളജിസ്റ്റ് അത്തരമൊരു അന്വേഷണത്തിലായിരുന്നു. ഒടുവിൽ 2010ൽ അദ്ദേഹം അവിടെ ഒരു കാഴ്ച കണ്ടു.

സാധാരണ കണ്ണുകള്‍ കൊണ്ടൊന്നും അതു കാണാനാകില്ല. ലേസർ രശ്മികൾ ആകാശത്തു നിന്നു കാട്ടിലേക്കു പതിപ്പിച്ചു നടത്തിയ ലിഡാർ (ലൈറ്റ് ഡിറ്റക്‌ഷൻ ആൻഡ് റേഞ്ചിങ്) പരീക്ഷണത്തിലായിരുന്നു ആ കാഴ്ച പതിഞ്ഞത്– വെങ്കലയുഗത്തിലെ ഒരു നിർമിതി, കാട്ടിൽ മരങ്ങൾക്കിടയിൽ മറഞ്ഞിരിക്കുന്നു! ഓക്സ്ഫഡിനും സൗത്ത് വെയിൽസിനും മധ്യേ ഗ്ലോസ്റ്റർഷയറിലാണ് ഫോറസ്റ്റ് ഓഫ് ഡീൻ. ടൈഡെന്യാം എന്ന ഗ്രാമത്തിനു സമീപമായിരുന്നു ഈ പ്രദേശം. വിമാനങ്ങളിലോ ഹെലികോപ്ടറുകളിലോ എത്തി ലേസർ രശ്മികൾ താഴേക്കു പതിപ്പിച്ചു നടത്തുന്നതാണ് ലിഡാർ പരീക്ഷണം. പ്രകാശരശ്മി താഴെത്തട്ടി തിരിച്ചു വരുന്ന സമയം കണക്കുകൂട്ടി തയാറാക്കുന്ന ചിത്രങ്ങളിൽ നിന്നാണ് വിവരങ്ങൾ ലഭിക്കുക

മധ്യ അമേരിക്കയിലെ കൊടുങ്കാടുകളിൽ ഒളിഞ്ഞിരുന്ന മായൻ സംസ്കാരത്തിന്റെ വമ്പൻ നിർമിതികൾ ഉൾപ്പെടെ കണ്ടെത്തിയത് ഈ സാങ്കേതിക വിദ്യയുടെ സഹായത്താലാണ്. കംബോഡിയയിലെ മഹേന്ദ്ര പർവത സാമ്രാജ്യം കണ്ടെത്തിയതും ഇങ്ങനെയാണ്. എന്തായാലും തന്റെ കണ്ടെത്തൽ ജോൺ ഫോറസ്ട്രി ഇംഗ്ലണ്ട് വിഭാഗത്തെ അറിയിച്ചു. മരങ്ങൾക്കിടയിൽ എന്താണ് ഒളിച്ചിരിക്കുന്നതെന്നറിയാൻ അവർക്കും കൗതുകം. അങ്ങനെ ശ്രദ്ധയോടെ പ്രദേശത്തെ മരങ്ങളും ചെടികളുമെല്ലാം ഒതുക്കിമാറ്റി പരിശോധിച്ചു. മണ്ണിൽ നിന്ന് അൽപം ഉയർന്ന് വൃത്താകൃതിയിലുള്ള ഒരു നിർമിതിയായിരുന്നു അത്. രണ്ടാം ലോകമഹായുദ്ധകാലത്തെ ആവശ്യങ്ങൾക്കു നിർമിച്ചതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ കാർബൺ ഡേറ്റിങ്ങിലാണ് മനസ്സിലായത്– നിർമിതിക്ക് അതിനേക്കാളുമേറെ പഴക്കമുണ്ട്.

വെങ്കലയുഗത്തിൽ, ബിസി 2500നും 1500നും ഇടയ്ക്കായിരുന്നും അതിന്റെ നിർമാണം. അക്കാലത്താണ് കല്ലു കൊണ്ടുള്ള ആയുധ നിർമാണത്തിൽ നിന്നു മാറി ബ്രിട്ടിഷുകാർ വെങ്കലത്തിലേക്കു തിരിയുന്നത്. പക്ഷേ വർഷം ഒൻപതു കഴിഞ്ഞിട്ടും ഇന്നേവരെ ഇതെന്തിനു നിർമിച്ചതാണെന്നു പിടികിട്ടിയിട്ടില്ല ഗവേഷകര്‍ക്ക്. നിർമിതിയുടെ കുറുകെ ഏകദേശം 82 അടിയുണ്ടായിരുന്നു നീളം. മണ്ണും കല്ലും ഉപയോഗിച്ചായിരുന്നു തിട്ടയുടെ നിർമാണം. അതിന്റെ ഉയരമാകട്ടെ ഏകദേശം മൂന്നു മീറ്റർ വരും. 10 ചുണ്ണാമ്പുകല്ലുകളും നിർമാണത്തിന് ഉപയോഗിച്ചിരുന്നു. സമീപത്ത് തീ കത്തിച്ചതിന്റെ അടയാളങ്ങളും ഉണ്ടായിരുന്നു. ഏതെങ്കിലും ആചാരത്തിന്റെ ഭാഗമായാണ് വൃത്തം നിർമിച്ചതെന്ന സൂചനയാണ് അതു നല്‍കിയത്.

ഇത്തരത്തിലുള്ള അപൂർവ നിർമിതികൾ യുകെയിൽ പലയിടത്തും കണ്ടെത്തിയിട്ടുണ്ട്.ഗ്ലോസ്റ്റർഷയറിൽ പക്ഷേ ഇതാദ്യമായിട്ടായിരുന്നു ഇത്തരമൊരു കണ്ടെത്തൽ. ചിലയിടത്ത് ഇവയ്ക്കു സമീപം മൃതദേഹങ്ങൾ അടക്കം ചെയ്തതും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഫോറസ്റ്റ് ഓഫ് ഡീനിലെ വൃത്തത്തിനു സമീപം മാത്രം യാതൊരു സൂചനകളുമില്ല. ഇന്നേവരെ ഈ പ്രദേശത്തിന്റെ കൃത്യമായ വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല. പുറമെ നിന്നുള്ളവർ കടന്ന് നിർമിതി നശിപ്പിക്കാതിരിക്കാനാണിതെന്നാണ് അവർ പറയുന്നത്. എന്നാൽ നിഗൂഢമായതെന്തോ മറയ്ക്കുകയാണു ഗവേഷകർ ചെയ്യുന്നതെന്നാണ് ചിലർ സംശയമുന്നയിച്ചത്. ഫോറസ്റ്റ് ഓഫ് ഡീനിൽ ഇനിയും പല രഹസ്യങ്ങളും ഒളിച്ചിരിപ്പുണ്ടെന്ന് ജോൺ തന്നെ പറയുന്നുമുണ്ട്. അവയെല്ലാം വിശദീകരിച്ച് ‘ഹിഡൻ ലാൻഡ്സ്കേപ്സ് ഓഫ് ഡീൻ’ എന്ന പേരിൽ പുസ്തകവും പ്രസിദ്ധീകരിച്ചു അദ്ദേഹം.