മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയ്‌ക്കെതിരെ ഗൂഗിൾ മേധാവി സുന്ദര്‍ പിച്ചൈ

മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയ്‌ക്കെതിരെ  ഗൂഗിൾ  മേധാവി സുന്ദര്‍ പിച്ചൈ

വിവിധ രാജ്യങ്ങള്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനത്തിലെത്താൻ കഴിയാതിരിക്കുകയാണ്. മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ താൽകാലികമായി ഉപയോഗിക്കേണ്ടെന്ന തീരുമാനത്തിലാണ് യൂറോപ്യന്‍ യൂണിയന്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതിനെ പിന്തുണച്ച് ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനികളിലൊന്നായ ഗൂഗിളിന്റെ മേധാവി സുന്ദര്‍ പിച്ചൈയും രംഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍, മൈക്രോസോഫ്റ്റ് കമ്പനിയുടെ പ്രസിഡന്റായ ബ്രാഡ് സ്മിത്ത് പറയുന്നത് മുഖം തിരിച്ചറിയല്‍ ഉപയോഗിക്കുന്നതാണ് നല്ലതെന്നാണ്.

മുഖം തിരിച്ചറിയല്‍ ഉപയോഗിച്ച് പല ദുഷ്ടകൃത്യങ്ങളും നടത്താനായേക്കുമെന്ന പേടിയാണ് പിച്ചൈയെ ഇതു തത്കാലത്തേക്കു വേണ്ടെന്നു പറയാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. എന്നാല്‍, അത്തരം പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിച്ച് എത്രയും വേഗം അതുപയോഗിച്ചു തുടങ്ങണമെന്ന നിലപാടാണ് സ്മിത്തിന്. ഈ ടെക്നോളജിയെ മാറ്റിവയ്ക്കുന്നതിനെ ചില സർക്കാരുകൾ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഇതിലുള്ള പ്രശ്‌നങ്ങള്‍ അതിവേഗം പരിഹരിക്കണമെന്നാണ് മിക്കവരും ആവശ്യപ്പെടുന്നത്.പ്രശ്നങ്ങൾ പരിഹരിച്ച് പദ്ധതി നടപ്പാക്കാനുള്ള തിയതി പ്രഖ്യാപിക്കുകയാണ് വേണ്ടതെന്ന് പിച്ചൈയും പറയുന്നുണ്ട്. ഉടനെ നടപ്പാക്കുന്നതില്‍ പ്രശ്‌നമില്ല. പക്ഷേ, അത് ഏതെല്ലാം രീതിയിയില്‍ ഉപയോഗിക്കപ്പെടാം എന്നതിനെക്കുറിച്ച് പഠിക്കേണ്ടത് ആവശ്യമാണ്. അതുകൊണ്ട് അല്‍പ്പം കാലതാമസമെടുത്താലും സാരമില്ലെന്ന നിലപാടാണ് പിച്ചൈയ്ക്ക് ഉള്ളത്.

മൈ‌ക്രോസോഫ്റ്റിന്റെ ലീഗല്‍ ഓഫിസര്‍ കൂടിയായ സ്മിത്തിന്റ കാഴ്ചപ്പാടില്‍ എന്‍ജിഒകളും മറ്റും സന്നദ്ധപ്രവര്‍ത്തകരും കാണാതായ കുട്ടികളെ കണ്ടെത്താനും മറ്റും ഇത് ധാരാളമായി ഉപയോഗിക്കുന്നുണ്ട്. കുട്ടികളെ കുടുംബത്തിലേക്ക് തിരിച്ചെത്തിക്കാന്‍ ഇതു സഹായിക്കുന്നു. ഇതിനാല്‍ മുഖംതിരിച്ചറിയല്‍ ഉപയോഗിക്കുന്നതു തുടരണം എന്നാണ് നിലപാട്. ഇത് തുടര്‍ന്നും ഉപയോഗിച്ച് വരുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. ആള്‍ക്കൂട്ടത്തെ മൊത്തമായി നിരീക്ഷിക്കാന്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചേക്കാം. ഇതിനെതിരെ നിയമം കൊണ്ടുവരികയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ടെക്‌നോളജിയെ കൂടുതല്‍ മികച്ചതാക്കാന്‍ ഒരു മാര്‍ഗമേയുള്ളൂ- അതു കൂടുതലായി ഉപയോഗിക്കുക എന്നതാണെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്.യൂറോപ്യന്‍ യൂണിയനാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗത്തില്‍ കൂടുതല്‍ കര്‍ശന നിലപാട് എടുക്കുന്നത്. സ്വകാര്യതാ നിയമങ്ങള്‍ കൂടുതല്‍ ബലപ്പെടുത്താനാണ് അവര്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി 5 വര്‍ഷത്തേക്ക് പൊതു സ്ഥലത്ത് ഫേഷ്യൽ റെക്കഗ്നിഷന്‍ ഉപയോഗിക്കേണ്ട എന്നാണ് അവരുടെ വാദം. മുഖം തിരിച്ചറിയല്‍ ഏതെല്ലാം രീതിയില്‍ ദുരുപയോഗം ചെയ്‌തേക്കാം എന്നതിനെക്കുറിച്ച് ഈ സമയം കൊണ്ട് പഠിച്ചെടുക്കാമെന്നാണ് അധികാരികള്‍ കരുതുന്നത്. എത്ര വേഗം പ്രശ്‌നങ്ങള്‍ കണ്ടെത്താമോ അത്രയും നല്ലതെന്നാണ് പിച്ചൈയുടെ അഭിപ്രായം.

ഇതു നിയമമാക്കുന്നതിനു മുൻപ് 'ആനുപാതികമായ' ഒരു കാലഘട്ടം തിരഞ്ഞെടുക്കണമെന്നാണ് പിച്ചൈ പറയുന്നത്. എഐ എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ നിലപാടെടുക്കാനാകാതെ വിഷമിക്കുകയാണ് അധികാരികള്‍. എന്നാല്‍, സാങ്കേതികവിദ്യ മുന്നോട്ടുപോകണം. ഒരിക്കല്‍ അംഗീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ കമ്പനികളും ഉദ്യോഗസ്ഥന്മാരും വ്യാപകമായി മുഖം തരിച്ചറിയല്‍ സംവിധാനം ഉപയോഗിച്ചേക്കാം. എഐ പൂര്‍ണമായും നിയന്ത്രണവിധേയമായേ ഉപയോഗിക്കാവൂ എന്നാണ് പിച്ചൈയുടെ നിലപാട്. നിയമനിര്‍മാതാക്കാള്‍ ഇക്കാര്യത്തില്‍ വളരെയധികം ജാഗ്രതയോടെതന്നെ പെരുമാറണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.വിവിധ മേഖലകള്‍ക്ക് അനുയോജ്യമായ നിയമങ്ങള്‍ ഉണ്ടാക്കണം. ഉദാഹരണത്തിന് ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട മേഖലയും സെല്‍ഫ് ഡ്രൈവിങ് കാറുകളുടെ മേഖലയും തമ്മില്‍ വ്യത്യസ്തമായ നിയമങ്ങള്‍ അര്‍ഹിക്കുന്നു. വിവിധ രാജ്യത്തെ സർക്കാരുകള്‍ അവരുടെ നിയമങ്ങള്‍ ഏകീകരിക്കുകയും സുപ്രധാന മൂല്യങ്ങളുടെ കാര്യത്തില്‍ സമാനമായി ചിന്തിക്കുകയും വേണം. ഈ മാസം ആദ്യം അമേരിക്ക എഐ ഉപയോഗിക്കുന്നതില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പുറത്തിറക്കിയിരുന്നു. അമേരിക്ക, യൂറോപ്യന്‍ യൂണിയനോടും കടുത്ത നിലപാട് സ്വീകരിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എഐ ഉപയോഗിക്കുന്നതിൽ ഒരു പാടു ഗുണങ്ങള്‍ ഉണ്ട്, ഒപ്പം ദോഷങ്ങളും. പ്രശ്‌നമുള്ള ഒരു കാര്യം ഡീപ് ഫെയ്ക് വിഡിയോ, ഓഡിയോ ക്ലിപ്പുകളുടെ കാര്യത്തിലാണ്. എഐ ഉപയോഗിച്ച് ആരെക്കുറിച്ചും കൃത്രിമ വിഡിയോ ഉണ്ടാക്കാമെന്ന നിലയാണ് ഉള്ളത്. എന്നാല്‍, ഇതിനെതിരെ ടൂളുകള്‍ നിര്‍മിക്കാന്‍ ഗവേഷകര്‍ക്കായി ഡേറ്റാ സെറ്റുകള്‍ ഗൂഗിള്‍ പുറത്തിറക്കിക്കഴിഞ്ഞു. എന്നാല്‍, വേണ്ട കരുതല്‍ എടുക്കുന്നതു വരെ പൊതുവെയുള്ള മുഖം തിരിച്ചറിയലിനെ സഹായിക്കുന്ന ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫെയ്‌സ് (എപിഐ) പുറത്തിറക്കുന്നില്ലെന്നും പിച്ചൈ പറഞ്ഞു.