ഫെയ്സബുക്കിനും ഗൂഗിളിനുമെതിരെ തുറന്നടിച്ച് ആംനെസ്റ്റി
ഫെയ്സബുക്കിനും ഗൂഗിളിനുമെതിരെ ആഗോള മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അതിനിശിതമായി വിമര്‍ശിച്ചു രംഗത്തെത്തിയിരിക്കുകയാണ്. ഇരു കമ്പനികളുടെയും ബിസിനസ് മോഡല്‍ മനുഷ്യാവകാശത്തിന് ഭീഷണിയാണ് എന്നാണ് അവര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ തുറന്നടിച്ചിരിക്കുന്നത്. ഇരുകമ്പനികളുടെയും ബിസിനസ് രീതി ജനങ്ങളെ നിരന്തരം നിരീക്ഷണവിധേയരാക്കുന്ന ഒന്നാണെന്നാണ് ആംനെസ്റ്റി ആരോപിക്കുന്നത്. പരസ്യത്തിലൂടെ കൂടുതല്‍ വരുമാനമുണ്ടാക്കാനായി ആളുകളെക്കുറിച്ചുള്ള സൂക്ഷ്മവിവരങ്ങള് പോലും ചോര്‍ത്തുകയാണ് ഇരു കമ്പനികളും ചെയ്യുന്നതെന്നാണ് ആംനെസ്റ്റി പറയുന്നത്.
ഇരു കമ്പനികളുടെയും പ്രധാന സേവനങ്ങള്‍ ഫ്രീയാണ്. എന്നാല്‍ ഓരോ വര്‍ഷവും അവര്‍ വന്‍ തുക ലാഭമുണ്ടാക്കുന്നു എന്നാണ് ആംനെസ്റ്റിയും ആരോപിക്കുന്നത്. തങ്ങളുടെ ലാഭത്തിനായി ഓണ്‍ലൈന്‍ പരസ്യങ്ങളെയാണ് ഇരു കമ്പനികളും ആശ്രിയിക്കുന്നത്. ആളുകളെ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ നിരീക്ഷണ വിധേയരാക്കുന്ന ഈ ബിസിനസ് രീതിക്കാണ് സര്‍വൈലന്‍സ് ക്യാപ്പിറ്റലിസം എന്നു പറയുന്നത്. ആംനെസ്റ്റി ഉയര്‍ത്തുന്ന വാദങ്ങളില്‍ പലതും വര്‍ഷങ്ങള്‍ക്കു മുൻപ് തന്നെ ഇരു കമ്പനികള്‍ക്കുമെതിരേ ഉയര്‍ന്നു കേള്‍ക്കുന്നവയാണ്. എന്നാല്‍ ആംനെസ്റ്റി നടത്തിയ വിധിപ്രസ്താവം ഗൂഗിളും ഫെയ്സ്ബുക്കും അര്‍ഹിക്കുന്ന അധിക്ഷേപം തന്നെയാണെന്നാണ് സ്വകാര്യതയ്ക്കു വേണ്ടി നിലകൊള്ളുന്നവര്‍ പറയുന്നത്
ആംനെസ്റ്റിയുടെ ചില കണ്ടെത്തലുകള്‍
∙ ഫെയ്സ്ബുക്കും ഗൂഗിളും നിരന്തരം ആളുകളുടെ ചെയ്തികള്‍ വിശകലനം ചെയ്തുകൊണ്ടിരിക്കുന്നു. ഇത് അവരെ നിരീക്ഷണവിധേയരാക്കുന്നതിനു തുല്യമാണ്.ഇരു കമ്പനികളും തങ്ങളുടെ സേവനത്തിന് പണം ഈടാക്കുന്നില്ല. എന്നാല്‍ അവര്‍ ആളുകളുടെ ഡേറ്റ ചോര്ത്തിക്കൊണ്ടേയിരിക്കുന്നു. ഇത് രഹസ്യമായി പ്രതിഫലം പറ്റുന്നതുപോലെയാണ്.ഇരു കമ്പനികളും ശേഖരിക്കുന്നത് അതി സൂക്ഷ്മതലത്തില്‍ നിന്നു തന്നെയാണ്. വിപുലമാണ് അവര്‍ ശേഖരിക്കുന്ന ഡേറ്റയുടെ അളവ്. ആളുകള്‍ക്ക് അവരെക്കുറിച്ച് അറിയാവുന്നതിനേക്കാളേറെ ഈ കമ്പനികള്‍ക്ക് അവരെക്കുറിച്ച് അറിയാം. (നേരത്തെ പറഞ്ഞിരുന്നത് ഒരാളെക്കുറിച്ച്, അയാളുടെ ഭാര്യയ്ക്കോ ഭര്‍ത്താവിനോ അറിയാവുന്നതിനേക്കാളേറെ ഈ കമ്പനികള്‍ക്ക് അറിയാമെന്നായിരുന്നു.) ഇരു കമ്പനികള്‍ക്കും ഈ ഡേറ്റ വിശകലനം ചെയ്ത് ആളുകള്‍ ഇനിയെന്തു ചെയ്യുമെന്നു പ്രവചിക്കുക പോലും ചെയ്യാനാകും. ഈ ബിസിനസ് മോഡലിന്റെ അന്തിമമായ ഭീഷണിയെക്കുറിച്ചും ആംനെസ്റ്റി പറയുന്നു. വ്യക്തികളെക്കുറിച്ചോ, ഒരു പറ്റം ആളുകളെക്കുറിച്ചോ വിവരങ്ങള്‍ വേണ്ടവര്‍ക്ക് അതു വില്‍ക്കാനും ഈ കമ്പനികള്‍ക്ക് സാധിക്കും. ഇക്കാലത്ത് ഇത് പ്രധാനമായും ഓണ്‍ലൈന്‍ പരസ്യങ്ങള്‍ നല്‍കാനാണ് ഉപയോഗിക്കുന്നത്.
ഈ കമ്പനികള്‍ അത്രമേല്‍ ശക്തരായി തീര്‍ന്നിരിക്കുന്നതിനാല്‍ അവരെ നിയന്ത്രിക്കാന്‍ സർക്കാരുകള്‍ക്കൊ മറ്റ് അധികാരികള്‍ക്കോ സാധിക്കുന്നില്ലെന്നും ആംനെസ്റ്റി പറയുന്നു.ആപ്പിളിനെ പോലെയൊരു കമ്പനി പറയുന്നത് തങ്ങള്‍ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കില്ല എന്നാണ്. ഇത്തരത്തില്‍ സ്വയം സംയമനം പാലിക്കുന്ന കമ്പനികളുടെ എണ്ണം നാള്‍ക്കുനാള്‍ കുറയുകയാണ്. ഓരോ രാജ്യത്തെയും നിയമനിര്‍മാതാക്കള്‍ ടെക്നോളജി കമ്പനികളുടെ പ്രവര്ത്തനത്തെസൂക്ഷ്മതലത്തില് തന്നെ വിലയിരുത്തണം.ഇതിനെതിരെ പ്രതികരിച്ച ഫെയ്സ്ബുക് പറഞ്ഞത് ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപരമായി തന്നെ തള്ളിക്കളയുന്നു എന്നാണ്. ലോകത്തെമ്പാടുമുള്ള ആളുകള്‍ക്ക് പരസ്പരം ബന്ധപ്പെടാനുള്ള ഒരു വേദിയൊരുക്കുകയാണ് തങ്ങള്‍ ചെയ്തിരിക്കുന്നതെന്നാണ് അവര്‍ പറയുന്നത്. ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അടക്കമുള്ള സംഘടനകള്‍ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ പരസ്യം നല്‍കുന്നുണ്ട്. അത് ജനങ്ങളിലെത്തിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നാണ് കമ്പനി പറഞ്ഞത്. റിപ്പോര്‍ട്ടിനെക്കുറിച്ച് ഗൂഗിള്‍ പ്രതികരണം നടത്തിയില്ല