ഇ–സ്കൂട്ടറുകളുടെ കാലം

ഇ–സ്കൂട്ടറുകളുടെ കാലം 

ഇ–സ്കൂട്ടറുകളുടെ സുവർണകാലമാണ് ഇപ്പോൾ. സർക്കാരിന്റെ നയം കൂടിയായപ്പോൾ പുതിയ സ്റ്റാർട്ടപ്പ് കമ്പനികളും ഇ–സ്കൂട്ടർ മേഖലയിലേക്കു ചുവടുവച്ചുകഴിഞ്ഞു. നികുതി ഇളവും സബ്സിഡിയും മറ്റു പ്രോത്സാഹനവും കൂടിയായപ്പോൾ മത്സരം കൊഴുത്തു. എങ്കിലും ഇ–രംഗത്തെ അധിപന്മാരിൽ മുമ്പൻ ഹീറോ തന്നെ. ഹീറോയുടെ മുൻ മോഡലുകളായ ഒപ്റ്റിമ, എൻവൈഎക്സ് എന്നിവയുടെ പരിഷ്കരിച്ച, പവർ കൂടിയ മോഡലുകളാണ് ഒപ്റ്റിമ ഇആർ, എൻവൈഎക്സ് ഇആർ എന്നിവ. ഒറ്റത്തവണ ഫുൾ ചാർജ് ചെയ്താൽ 100 കിലോമീറ്റർ ഓടാം എന്നതാണ് ഇവയുടെ പ്രത്യേകത. മാത്രമല്ല രണ്ട് ബാറ്ററികളുമുണ്ട്.ടെക്നോളജി, ‍ഡിസൈൻ, ഫീച്ചേഴ്സ് എന്നിവയിൽ കാതലായ മാറ്റങ്ങൾ വരുത്തിയാണ് ഹീറോ പുതിയ ഇ–സ്കൂട്ടറുകൾ നിരത്തിലെത്തിച്ചിരിക്കുന്നത്. ഒപ്റ്റിമ കോളജ് വിദ്യാർഥികളേയും വനിതകളേയും ഉദ്ദേശിച്ചാണ്. എൻവൈഎക്സ് ചെറുകിട കച്ചവടക്കാരെയും ലക്ഷ്യമിടുന്നു. രണ്ടു മോഡലുകൾക്കും ലൈസൻസ്, റജിസ്ട്രേഷൻ തുടങ്ങിയവ ആവശ്യമാണ്.

ഓപ്റ്റിമ എച്ച്എസ് 500 ഇആർ

കിടിലൻ ഡിസൈൻ. ഒരു ഇ–സ്കൂട്ടറാണോ ഇത് എന്നു സംശയം തോന്നും ഒപ്റ്റിമയെ കണ്ടാൽ. സ്ലീക് ഡിസൈൻ. ചുവപ്പിന്റെ തിളക്കത്തിൽ വെള്ളി അലങ്കാരങ്ങളാണ് ബോഡിയിൽ നിറയെ. എൽഇഡി ഹെഡ്‌ലാംപ്, വാഹനത്തിന്റെ വേഗം, എത്ര കിലോമീറ്റർ സഞ്ചരിച്ചു, ബാറ്ററി ചാർജ് നില തുടങ്ങിയവ ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ നോക്കി മനസ്സിലാക്കാം.

സീറ്റിനടിയിൽ രണ്ട് 48V ലിഥിയം അയൺ ബാറ്ററികളുണ്ട്. ഒരെണ്ണം പോർട്ടബിൾ ആണ്. അഴിച്ചുമാറ്റി വീടിനകത്തുകൊണ്ടുപോയി ചാർജ് ചെയ്യാം. ഒരേ സമയം രണ്ടു ബാറ്ററികളും ചാർജ് ചെയ്യാം. രണ്ട് ചാർജറുകളുമുണ്ട്. ഒരു ബാറ്ററി ഫുൾ ചാർജ് ചെയ്താൽ 55 കിമീ വരെ ഓടിക്കാം. 4–5 മണിക്കൂർ മതി ബാറ്ററി ഫുൾ ചാർജ് ആകാൻ. സീറ്റിനടിയിൽ സ്റ്റോറേജ് സൗകര്യമുണ്ട്. വലിയ ഹെൽമെറ്റ് വയ്ക്കാൻ പറ്റില്ല. മുന്നിൽ സാധനങ്ങൾ വയ്ക്കാൻ തുറന്ന ഗ്ലവ് ബോക്സ് നൽകിയിട്ടുണ്ട്. മുന്നിൽ ടെലിസ്കോപിക് സസ്പെൻഷനും പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുമാണ്. ഡ്രം ബ്രേക്കുകളാണ് മുന്നിലും പിന്നിലും. ഗ്രൗണ്ട് ക്ലിയറൻസ് 140 എംഎം. ഭാരം 83 കിലോഗ്രാം.

ഇ–സ്കൂട്ടർ ഓടിക്കാൻ വളരെ എളുപ്പമാണ്. കീ ഓൺ ആക്കി ആക്സിലറേറ്റർ തിരിച്ചാൽ മതി. സ്കൂട്ടർ ഓടാൻ തുടങ്ങും. ഒട്ടും ശബ്ദമില്ലാത്തതിനാൽ സ്കൂട്ടർ ഓൺ ആയില്ലേ എന്നു സംശയം തോന്നാം. കൂടിയ വേഗം 42 kmph ആണ്. എന്നാൽ ടെസ്റ്റ് റൈഡിൽ 43 kmph വരെ കേറിപ്പോയി. വാഹനം ഓടുന്നതനുസരിച്ച് ഡിജിറ്റൽ കൺസോളിൽ ബാറ്ററിയുടെ ചാർജ് നില തെളിഞ്ഞു വരും. സൈഡ് സ്റ്റാൻഡ് ബസർ ഉണ്ട്.

സ്റ്റാർട്ടിങ് സ്വിച്ച് പ്രത്യേകമായി ഇല്ലാത്തതിനാൽ കുട്ടികൾ ഓൺ ചെയ്യാനോ മറ്റോ ഇടവരാതെ നോക്കണം നാല് വേരിയന്റുകളാണ് ഒപ്റ്റിമയ്ക്ക്. ഒപ്റ്റിമ എൽഎ, എൽഐ എന്നിവ വേഗം കുറഞ്ഞ (25 kmph) മോഡലുകളാണ്. ഇത് ലെഡ് ആസിഡ് ബാറ്ററിയിലും ലിഥിയം അയൺ ബാറ്ററിയിലും ലഭ്യമാകും. ഒപ്റ്റിമ ഇഎസ്, ഇആർ എന്നിവ വേഗം കൂടിയ മോഡലുകളുമാണ്. ഇഎസ് വേരിയന്റിന് സിംഗിൾ ബാറ്ററി മാത്രമേയുള്ളൂ. ഗ്രെ, റെഡ്, സിയൻ നിറങ്ങളിൽ ഒപ്റ്റിമ ലഭ്യമാകും. 68,721 രൂപയാണ് ഇആറിന്റെ എക്സ് ഷോറൂം വില

എൻവൈഎക്സ് എച്ച്എസ്500 ഇആർ

ഒപ്റ്റിമയുടെ അതേ സവിശേഷതകളാണ് എൻവൈഎക്സ് എച്ച്എസ് 500 ഇആറിലും. മോപ്പഡ് പോലെയാണ് ഡിസൈൻ. ബാറ്ററി ചാർജ് നില, സ്കൂട്ടർ ഓടുന്ന വേഗം എന്നിവ മാത്രമേ ക്ലസ്റ്ററിൽ അറിയാനാകൂ. ഉയരം കുറഞ്ഞ സീറ്റുകളായതിനാൽ ഇരിക്കുമ്പോൾ ചെറിയ ബുദ്ധിമുട്ടുകൾ തോന്നാം. വീതിയേറിയ സ്പ്ലിറ്റഡ് സീറ്റുകളാണ് എൻവൈഎക്സിന്റേത്. പിൻസീറ്റ് ഉയർത്തിയാൽ ചാരി ഇരിക്കുകയോ ലോഡ് കയറ്റുകയോ ചെയ്യാം. സീറ്റിനടിയിലാണ് ബാറ്ററി. ഇരട്ട ബാറ്ററിയുണ്ടെങ്കിലും അഴിച്ചുമാറ്റാനാകില്ല. സീറ്റിനടിയിലെ സ്റ്റോറേജ് വളരെ പരിമിതമാണ്. എന്നാൽ ഫൂട്ട്ബോർഡ് വീതിയേറിയതാണ്. സാധനങ്ങൾ കയറ്റാൻ സൗകര്യമുണ്ട്. ഇഗ്‌നീഷ്യനു സമീപം പോക്കറ്റുകൾ നൽകിയിട്ടുണ്ട്.ഗ്രൗണ്ട് ക്ലിയറൻസ് 141 എംഎം. ഭാരം 87 കിഗ്രാം. വില 69,754 രൂപ

നിലവിൽ ലഭ്യമായിട്ടുള്ള ഇലക്ട്രിക് സ്കൂട്ടറുകളിൽ ഏറ്റവും മികച്ചവയാണ് ഒപ്റ്റിമയും എൻവൈഎക്സും. ഡിസൈനിലും പെർഫോമൻസിലും കപ്പാസിറ്റിയും എ പ്ലസ് കൊടുക്കാം. വീട്ടിൽനിന്നു കുറഞ്ഞ ദൂരത്തിൽ സഞ്ചരിക്കേണ്ടവർക്ക് ഒപ്റ്റിമ പ്രയോജനപ്പെടും. ഇരട്ട ബാറ്ററിയുള്ളതിനാൽ ചാർജ് തീരുമെന്ന പേടി വേണ്ട. വേണമെങ്കിൽ അഴിച്ചെടുത്ത് ഓഫീസിനകത്തുകൊണ്ടുപോയി ചാർജ് ചെയ്യാം.

എൻവൈഎക്സ് ചെറുകിട കച്ചവടക്കാർക്കുള്ളതാണ്. ചെറിയ ചുറ്റളവിൽ സാധനങ്ങൾ ഡെലിവറി െചയ്യാനും മറ്റും എൻവൈഎക്സ് പ്രയോജനപ്പെടുത്താം. ലിഥിയം അയൺ ബാറ്ററിയ്ക്കും സ്കൂട്ടറിനും മൂന്നു വർഷം വാറന്റിയുണ്ട്. ഇലക്ട്രിക് സ്കൂട്ടറുകളെ സാധാരണ സ്കൂട്ടറുമായി താരതമ്യം ചെയ്യരുത്. ഇന്ധന ചെലവ്, മെയ്ന്റനൻസ് എന്നവ താരതമ്യം ചെയ്യുമ്പോൾ 80,000 രൂപ വരെ ഒരു വർഷം ലാഭിക്കാമെന്നാണു നിർമാതാക്കൾ പറയുന്നത്