ഭൂമിയെ തകർക്കുന്ന പദ്ധതികൾക്ക് സംഭാവന നല്‍കി ഗൂഗിൾ

ഭൂമിയെ തകർക്കുന്ന പദ്ധതികൾക്ക് സംഭാവന നല്‍കി ഗൂഗിൾ 

കാലാവസ്ഥാ വ്യതിയാനം ഇല്ലെന്നു പറയുന്ന, വാഷിങ്ടണ്‍ കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന പന്ത്രണ്ടോളം സംഘടനകള്‍ക്ക് 'നല്ല തുക' സംഭാവനയായി നല്‍കിയെന്നാണ് ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിനെതിരെ ഇപ്പോള്‍ ഉയരുന്ന ഗുരുതര ആരോപണം. എന്നാല്‍ ഗൂഗിള്‍ മേധാവി സുന്ദര്‍പിച്ചൈ ജനങ്ങള്‍ക്കു മുന്നില്‍ വരുമ്പോള്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടണമെന്നു പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നു എന്നതാണ് വിരോധാഭാസമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു

'ദി ഗാര്‍ഡിയന്‍' ദിനപ്പത്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത് കോമ്പറ്റിറ്റീവ് എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ട് ( Competitive Enterprise Institute), അമേരിക്കന്‍ കണ്‍സര്‍വേറ്റീവ് യൂണിയന്‍ എന്നിവയുള്‍പ്പടെയുള്ള ഗ്രൂപ്പുകള്‍ക്കാണ് ഗൂഗിള്‍ സംഭാവന നല്‍കിയിരിക്കുന്നത് എന്നാണ്. അമേരിക്ക, ഗൂഗിള്‍ അടക്കമുള്ള വമ്പന്‍ കമ്പനികള്‍ക്കെതിരെ നടപടിയെടുത്തേക്കും എന്നാണല്ലോ പറയുന്നത്. ഇതിനെതിരെ പ്രവര്‍ത്തിക്കാനാണ് ഈ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഗൂഗിള്‍ സംഭാവന നല്‍കിയിരിക്കുന്നതെന്നാണ്ആരോപണം. കാലാവസ്ഥാ വ്യതിയാനം, ആഗോള താപനത്തിലുള്ള വര്‍ധന തുടങ്ങിയവയൊക്കെ കെട്ടുകഥകാളാണെന്നു പറഞ്ഞു നടക്കുന്ന ഗ്രൂപ്പാണ് കോമ്പറ്റിറ്റീവ് എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ട്. ഇവര്‍ ഗൂഗിള്‍ അടക്കമുള്ള കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനെതിരെ മുൻപ് ശക്തമായ നിലപാട് എടുത്തിട്ടുണ്ട്. പരമ്പരാഗത വാദഗതികള്‍ ഉയര്‍ത്തുന്നവരെ പിന്തുണയ്ക്കുക വഴി, കമ്യൂണിക്കേഷന്‍സ് ഡിസെന്‍സി ആക്ടിന്റെ 230-ാം അനുച്ഛേദമുപയോഗിച്ച് തങ്ങള്‍ക്ക് ചില സുപ്രധാന പരിരക്ഷകള്‍ ഉറപ്പാക്കാനാണ് ഗൂഗിളിന്റെ ശ്രമമത്രെ. ഗൂഗിളിന്റെ പ്ലാറ്റ്‌ഫോമില്‍ തേഡ്പാര്‍ട്ടികളുടെ പ്രവര്‍ത്തനത്തിന് ഗൂഗിളിനെ പ്രതിയാക്കാതിരിക്കുന്നതാണ് ഈ നിയമം.

ഗൂഗിള്‍ നല്‍കിയ സംഭാവനയെക്കുറിച്ചു ചോദിച്ചപ്പോള്‍ കമ്പനി വക്താവ് പറഞ്ഞത് ഒരു കമ്പനിയുടെ എല്ലാ നിലപാടും പരിഗണിച്ച ശേഷമല്ല തങ്ങള്‍ സംഭാവന നല്‍കുന്നത് എന്നാണ്. അതുകൂടാതെ കാലാവസ്ഥാ വ്യതിയാന വാദത്തെ എതിര്‍ക്കുന്നവര്‍ക്കു സംഭാവന നല്‍കുന്നത് തങ്ങള്‍ മാത്രമല്ല. മറ്റു കമ്പനികളും ഇതു ചെയ്യുന്നുവെന്നുമാണ് വക്താവ് പറഞ്ഞത്. കൂടാതെ തങ്ങള്‍ അവരുടെ കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള നിലപാടിനെ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നുവെന്നാണ് വക്താവ് പ്രതികരിച്ചത്.കമ്പനി മേധാവി പിച്ചൈ കഴിഞ്ഞ മാസം 1,600 മെഗാവാട്ട് വരെയുള്ള റിന്യൂവബിൾ എനര്‍ജി പാക്കേജ് വാങ്ങാനുള്ള നടപടിക്രമങ്ങളില്‍ ഒപ്പുവച്ചിരുന്നു. ഇത് കോര്‍പറേറ്റ് സെക്ടറില്‍ നടന്ന ഏറ്റവും വലിയ ഇടപാടാണ് എന്നാണ് വിലയിരുത്തുന്നത്. ഇതില്‍ 18 പുതിയ ഊര്‍ജ്ജോല്‍പാദന ഇടപാടുകള്‍ അടങ്ങുന്നു. ലോകമെമ്പാടും വായു, സൗരോര്‍ജ്ജത്തില്‍ നിന്നു ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന രീതി 40 ശതമാനം കണ്ടു വര്‍ധിക്കുമെന്നാണ് കരുതുന്നത്. ഇത് മൊത്തം 5500 മെഗാവാട്ട് വരെ ഉത്പാദനം നടത്തിയേക്കാം. പത്തു ലക്ഷം മേല്‍ക്കൂരകളെ സോളാര്‍ പാനലുകള്‍ അണിയിക്കുക എന്നതൊക്കെ പുതിയ നീക്കത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളാണ്.

ഈ പദ്ധതികളെല്ലാം നടപ്പിലായാല്‍, കാര്‍ബണ്‍-രഹിത ഊര്‍ജ്ജ മാതൃകകള്‍, വാഷിങ്ടൺ ഡിസി തുടങ്ങിയ സ്ഥലങ്ങളിലും എന്തിന് ലിതുവാനിയ, യുറുഗ്വായ് തുടങ്ങിയ രാജ്യങ്ങളിലും പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്നതിനേക്കാളേറെ ഊര്‍ജ്ജം നിർമിക്കുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം വരുന്നത് ഗൂഗിളിന്റെ നൂറുകണക്കിനു ജോലിക്കാര്‍ കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള സമരപരിപാടികളില്‍ പങ്കെടുത്തതിനു ശേഷമാണ്.

ഗൂഗിളിന്റെ തന്നെ ചില ജോലിക്കാരാണ് കമ്പനി നടത്തിയ സംഭാവനയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടതെന്നും പറയുന്നു. ഗൂഗിള്‍ വര്‍കേഴ്‌സ് ഫോര്‍ ആക്ഷന്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് എന്ന കൂട്ടായ്മയാണ് കമ്പനി പരസ്യമായി ഒരു നിലപാടെടുക്കുകയും രഹസ്യമായി അതിനെ തുരങ്കംവയ്ക്കുകയും ചെയ്യുന്നുവെന്ന കാര്യം തുറന്നു കാട്ടിയത്. ജൈവ ഇന്ധനം ഖനനം നടത്തുന്ന കമ്പനികളുമായുള്ള ഇടപാടിലൂടെയും കമ്പനി പണമുണ്ടാക്കുന്നുവെന്നും ആരോപണമുണ്ട്.