ലോകത്തെ ഏത് സൈനിക ശക്തിയും ഭയക്കുന്ന ഏറ്റവും നശീകരണ ശേഷിയുള്ള ആളില്ല വിമാനം

 ലോകത്തെ  ഏത് സൈനിക ശക്തിയും ഭയക്കുന്ന ഏറ്റവും നശീകരണ ശേഷിയുള്ള ആളില്ല വിമാനം 


ഇറാന്‍ സൈനീകാധികാര കേന്ദ്രത്തിലെ ഏറ്റവും വിശ്വസ്തനും ശക്തനുമായ ജനറൽ കാസ്സിം സൊലേമാനിയെ ബാഗ്ദാദില്‍ നടത്തിയ വ്യോമാക്രമണത്തിലൂടെ അമേരിക്ക കൊലപ്പെടുത്തിയത് വലിയ വാര്‍ത്തയായിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാല്‍ഡ‍് ട്രംപിന്‍റെ നേരിട്ടുള്ള ഉത്തരവിലാണ് കാസ്സിം സൊലേമാനിയെ കൊലപ്പെടുത്തിയത് എന്നാണ് പെന്‍റഗണ്‍ വ്യക്തമാക്കുന്നത് എന്ന് അമേരിക്കന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത. എന്നാല്‍ ഇതിനൊപ്പം വാര്‍ത്തകളില്‍ നിറയുകയാണ് എം.ക്യൂ 9 റീപ്പര്‍ എന്ന ഡ്രോണും. ലോകത്ത് ഏത് സൈനിക ശക്തിയും ഭയക്കുന്ന ഏറ്റവും നശീകരണ ശേഷിയുള്ള ആളില്ല വിമാനമാണ് ഇത്

കാസ്സിം സൊലേമാനി വധിക്കാനുള്ള അമേരിക്കന്‍ പദ്ധതി ആസൂത്രണം ചെയ്തത് അമേരിക്കന്‍ ചാര ഏജന്‍സി സിഐഎ ആണ്. അതിന് ഉപയോഗിച്ചതാകട്ടെ അമേരിക്കന്‍ വ്യോമസേനയുടെ എം.ക്യൂ 9 റീപ്പര്‍ എന്ന ഡ്രോണും. വിര്‍ജീനയിലെ നവാഡയിലെ എയര്‍ഫോഴ്സ് ബെസിലിരുന്നാണ് ഈ ആളില്ലാവിമാനത്തെ നിയന്ത്രിച്ച് ആക്രമണം നടത്തിയത് എന്നാണ് വാഷിംങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.അമേരിക്കന്‍ വ്യോമസേനയുടെ വിശദീകരണ പ്രകാരം, സായുധ ശേഷിയുള്ള, രണ്ട് ദൗത്യങ്ങള്‍ ഒന്നിച്ച് നിര്‍വഹിക്കാന്‍ കഴിയുന്ന, മീഡിയം ആള്‍ട്ടിട്യൂഡ്, വിദൂരത്തില്‍ നിന്നും നിയന്ത്രിക്കാവുന്ന ഡ്രോണാണ് ഇത്. ശത്രുവിനെ കൃത്യമായി ആക്രമിക്കുക എന്നതാണ് ഈ ഡ്രോണിന്‍റെ ഒന്നാമത്തെ ദൗത്യം, ഒപ്പം രഹസ്യ വിവരങ്ങള്‍ ശേഖരിക്കാനുള്ള ചാര ദൗത്യവും ഇതിന് നിര്‍വഹിക്കാനാകും. ആക്രമണം നടത്താനും, ഇത്തരം ആക്രമണങ്ങളെ നിയന്ത്രിക്കാനും, വലിയ നാശനഷ്ടം വരുത്താനും, അതിവേഗത്തില്‍ പറക്കാനും, സമയകൃത്യതയില്‍ ലക്ഷ്യങ്ങളെ ആക്രമിക്കാനും എം.ക്യൂ 9 റീപ്പറിന് സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം കാസ്സിം സൊലേമാനിയെ വധിച്ച ദൗത്യത്തില്‍ എം.ക്യൂ 9 റീപ്പറിനെ ഉപയോഗപ്പെടുത്തിയ അമേരിക്കന്‍ നീക്കം 'ഡെഡ്ലി' എന്നാണ് അമേരിക്കന്‍ മാധ്യമങ്ങളും പ്രതിരോധ വിദഗ്ധരും പറയുന്നത്. എം.ക്യൂ 9 റീപ്പറിന്‍റെ റേഞ്ച്, ഒപ്പം എയര്‍പോര്‍ട്ട് പോലുള്ള അതീവ സുരക്ഷ മേഖലയില്‍ രണ്ട് വാഹനങ്ങളെ മാത്രം ലക്ഷ്യം വച്ച് 4 മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ക്കുക ഇത്തരം കൃത്യത എം.ക്യൂ 9 റീപ്പറിന് മാത്രമേ ലഭ്യമാക്കുവാന്‍ കഴിയൂ എന്നാണ് മുന്‍ യുഎസ് വ്യോമസേന പൈലറ്റ് ജോണ്‍ വെനബിള്‍ വാഷിംങ്ടണ്‍ പോസ്റ്റിനോട് പ്രതികരിച്ചത്.വെള്ളിയാഴ്ച പുലര്‍ച്ചെ 12.30ന് ആയിരുന്നു. ബാഗ്ദാദ് വിമാനതാവളത്തില്‍ കാസ്സിം സൊലേമാനിയും സംഘവും സിറിയയില്‍ നിന്നുള്ള വിമാനത്തില്‍ എത്തിയത്. രണ്ട് കാറിലായിരുന്നു ഈ സംഘം പിന്നീട് പോയത്. ഇറാഖിലെ ഇറാന്‍ അനുകൂല സൈനിക വിഭാഗം പിഎംഎഫ് നേതൃനിരയിലുള്ള അബു മഹ്ദി അല്‍ മുഹന്ദിസുമായുള്ള കൂടികാഴ്ചയായിരുന്നു ഇറാനിയൻ ഖുദ്‌സ് ഫോഴ്‌സ് തലവന്‍റെ ഇറാഖിലെ പ്രധാന അജണ്ട. ഇത് പൂര്‍ത്തിയാക്കാന്‍ പിഎംഎഫ് പിആര്‍ മേധാവി മുഹമ്മദ് റിദ്ധയ്ക്കൊപ്പം കാസ്സിം സൊലേമാനി വിമാനതാവളത്തിന്‍റെ പുറത്തേക്ക് പോകാന്‍ കാര്‍ഗോ എരിയയില്‍ നിന്നും കാറില്‍ കയറിയത്.

എന്നാല്‍ കാറുകള്‍ കാര്‍ഗോ എരിയയില്‍ നിന്നും പുറത്ത് എത്തിയ ഉടന്‍. കാറിനെ ആകാശ നീരിക്ഷണം നടത്തിയിരുന്ന അമേരിക്കയുടെ എം.ക്യൂ 9 റീപ്പര്‍ ഡ്രോണുകള്‍ മിസൈലുകള്‍ തൊടുത്തു. നാല് മിസൈലുകളുടെ പ്രഹരശേഷിയില്‍ ഇറാനിയന്‍ സൈനിക വിഭാഗത്തിന്‍റെ തലന്‍ അടക്കം സഞ്ചരിച്ച കാറുകള്‍ കത്തി അമര്‍ന്നു. കാസ്സിം സൊലേമാനിയും, മുഹന്ദിസും, ജബ്രിയും അടക്കം സംഘത്തിലെ ഒരാള്‍ പോലും ബാക്കിയായില്ല.2007 മുതല്‍ അമേരിക്കന്‍ വ്യോമസേന ഉപയോഗിക്കുന്ന ഡ്രോണുകളാണ് എം.ക്യൂ 9 റീപ്പര്‍. 16 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് ഇതിന്‍റെ വില. ഒരു പോര്‍വിമാനത്തെക്കാള്‍ ചെറുതാണ് ഇതിന്‍റെ വലിപ്പം. ഇതിന്‍റെ ചിറകുകളുടെ സ്പാന്‍ 66 അടി വരും. ഭാരം 4,900 പൗണ്ട് തൂക്കം വരും.25,000 അടി ഉയരത്തില്‍ പറക്കാന്‍ സാധിക്കുന്ന ഇവയെ താഴെ നിന്നും കാണുവാന്‍ സാധിക്കില്ല എന്നത് തന്നെയാണ് പ്രധാന പ്രത്യേകത. 1200 മൈല്‍ ദൂരത്തില്‍ ഇതിന് പറക്കാന്‍ സാധിക്കും.

ഇന്ന് ലോക ആയുധ വിപണിയിലെ ഏറ്റവും ആധുനികമായ ആയുധങ്ങളില്‍ ഒന്നാണ് എം.ക്യൂ 9 റീപ്പര്‍. ഇതില്‍ ആയുധങ്ങള്‍ക്ക് പുറമേ ഇന്‍ഫറെഡ് സെന്‍സറുകള്‍, കളര്‍,ബ്ലാക്ക് ആന്‍റ് വൈറ്റ് ക്യാമറകള്‍, ലേസര്‍ റേഞ്ചര്‍ ഫൈന്‍റര്‍ സിസ്റ്റം, ടാര്‍ഗറ്റിംഗ് ഡിവൈസ് ഇങ്ങനെ പല സംവിധാനങ്ങളും ഉണ്ട്. അമേരിക്കയുടെ അഫ്ദാനിസ്ഥാന്‍, ഇറാഖ് ദൗത്യങ്ങളില്‍ എം.ക്യൂ 9 റീപ്പറിനെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ആദ്യമായി എം.ക്യൂ 9 റീപ്പര്‍ ഒരു ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2007 ഒക്ടോബര്‍ 28നാണ്. അഫ്ഗാനിസ്ഥാനില്‍ അന്ന് താലിബാന്‍ തീവ്രവാദികളെയാണ് ഈ ഡ്രോണ്‍ കൊലപ്പെടുത്തിയത്. ഇസ്ലാമിക് സ്റ്റേറ്റിലെ പ്രധാന അംഗമായിരുന്നു ജിഹാദി ജോണ്‍ കൊല്ലപ്പെട്ടത് എം.ക്യൂ 9 റീപ്പറിന്‍റെ ആക്രമണത്തിലാണ്.