ഉള്‍ക്കടലില്‍ ബഹിരാകാശ താവളങ്ങള്‍ നിര്‍മ്മിക്കാന്‍ മസ്‌ക്

ഉള്‍ക്കടലില്‍ ബഹിരാകാശ താവളങ്ങള്‍ നിര്‍മ്മിക്കാന്‍ മസ്‌ക്

32 കിലോമീറ്ററോളം അകലെ ഉള്‍ക്കടലില്‍ ബഹിരാകാശ താവളങ്ങള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടെന്ന് സ്‌പേസ് എക്‌സ് മേധാവി എലോണ്‍ മസ്‌ക്. സ്‌പേസ് എക്‌സിന്റെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള സ്റ്റാര്‍ഷിപ്പ് റോക്കറ്റുകള്‍ ഇത്തരം ബഹിരാകാശ താവളങ്ങളില്‍ നിന്നായിരിക്കും പറന്നുയരുക. കൂറ്റന്‍ റോക്കറ്റ് പറന്നുയരുമ്പോഴുണ്ടാകുന്ന ശബ്ദവിസ്‌ഫോടനം അധികമാരെയും ബാധിക്കാതിരിക്കാനാണ് ഉള്‍ക്കടലില്‍ ബഹിരാകാശ താവളം നിര്‍മ്മിക്കുന്നത്.ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റ് എന്ന് നേരത്തെ വിളിച്ചിരുന്ന സ്റ്റാര്‍ഷിപ് എന്ന കൂറ്റന്‍ റോക്കറ്റിനെയാണ് സ്‌പേസ് എക്‌സിന്റെ ബഹിരാകാശ, അന്യഗ്രഹ സ്വപ്‌നങ്ങള്‍ പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്. ബഹിരാകാശത്തേക്ക് ചരക്കെത്തിക്കാനും 100 സഞ്ചാരികളെ വരെ ഉള്‍കൊള്ളാനും ഈ കൂറ്റന്‍ റോക്കറ്റിന് ശേഷിയുണ്ട്. 387 അടി നീളമുള്ള കൂറ്റന്‍ റോക്കറ്റ് ഭൂമിയിലെ വിവിധ പ്രദേശങ്ങളിലേക്ക് സര്‍വ്വീസ് നടത്താനും ഭാവിയില്‍ സാധ്യതയുണ്ട്. ഈ റോക്കറ്റില്‍ അമേരിക്കയില്‍ നിന്നും യുഎഇയിലെത്തുന്നതിന് വെറും ഒന്നര മണിക്കൂര്‍ മതിയാകും.

തങ്ങളുടെ ഭാവി പരിപാടികള്‍ വിശദീകരിച്ചുകൊണ്ട് എലോണ്‍ മസ്‌ക് നടത്തിയ ട്വീറ്റുകളിലാണ് ബഹിരാകാശ താവളം അടക്കമുള്ളവയുടെ വിശദാംശങ്ങളുള്ളത്. ദിനംപ്രതി ഭൂമിയിലെ നിശ്ചിത കേന്ദ്രത്തില്‍ നിന്നും മറ്റൊന്നിലേക്ക് സര്‍വ്വീസ് നടത്താനും സ്റ്റാര്‍ഷിപ്പിന് പദ്ധതിയുണ്ടെന്നും എലോണ്‍ ട്വീറ്റ് ചെയ്തു. ബഹിരാകാശ താവളങ്ങളിലേക്ക് ബോട്ടിലായിരിക്കും യാത്രികര്‍ എത്തുക. ഇത്തരം ബഹിരാകാശ താവളങ്ങളിലേക്ക് ഹൈപ്പര്‍ലൂപ് സംവിധാനം ഏര്‍പ്പെടുത്താനുള്ള സാധ്യതയും സ്‌പേസ് എക്‌സ് സി.ഇ.ഒ തള്ളിക്കളയുന്നില്ല.

മറ്റു റോക്കറ്റുകളെ അപേക്ഷിച്ച് പൂര്‍ണ്ണമായും വീണ്ടും ഉപയോഗിക്കാമെന്നതാണ് സ്റ്റാര്‍ഷിപ്പിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. ഓരോ എട്ട് മണിക്കൂറിലും സ്റ്റാര്‍ഷിപ്പിനെ വിക്ഷേപണത്തിന് ഒരുക്കാനാകും. സ്‌പേസ് എക്‌സിന്റെ തന്നെ മറ്റൊരു റോക്കറ്റായ ഫാല്‍ക്കണിന്റെ 80 ശതമാനം ഭാഗങ്ങളും വീണ്ടും ഉപയോഗിക്കാനാകും.റോക്കറ്റിനെ ഒറ്റതവണ വിക്ഷേപണത്തിനുപയോഗിക്കുക എന്ന സാമ്പ്രദായിക കാഴ്ച്ചപ്പാട് മാറ്റിയെഴുതാന്‍ സ്‌പേസ് എക്‌സിനും അവരുടെ റോക്കറ്റുകള്‍ക്കും കഴിഞ്ഞിരുന്നു. നിലവില്‍ വിക്ഷേപണത്തിന് ശേഷം ഭൂമിയിലേക്ക് തിരികെയെത്തുന്ന റോക്കറ്റിന്റെ ഭാഗങ്ങളെ ബോട്ടില്‍ ഘടിപ്പിച്ച പ്രത്യേകതരം വലയിലേക്ക് വീഴ്ത്തുകയാണ് സ്‌പേസ് എക്‌സ് സംഘം ചെയ്യുന്നത്.

ബഹിരാകാശ താവളം എന്ന ആശയവുമായി മുന്നോട്ട് പോകുന്നവരില്‍ മസ്‌കിനേക്കാള്‍ മുന്നിലാണ് സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണും അദ്ദേഹത്തിന്റെ വിര്‍ജിന്‍ ഗാലക്ടിക് എന്ന കമ്പനിയും. കഴിഞ്ഞ ആഗസ്തില്‍ ന്യൂ മെക്‌സിക്കോയില്‍ തങ്ങള്‍ നിര്‍മ്മിച്ച ലോകത്തെ ആദ്യ ബഹിരാകാശ താവളത്തിന്റെ വിശദാംശങ്ങള്‍ അദ്ദേഹം പുറത്തുവിട്ടിരുന്നു. സ്വകാര്യ ബഹിരാകാശ സഞ്ചാരികള്‍ക്ക് വേണ്ടിയാണ് വിര്‍ജിന്‍ ഗാലക്ടിക് ബഹിരാകാശ താവളം നിര്‍മ്മിച്ചിരിക്കുന്നത്. ഇതുവരെ 600ലേറെ പേര്‍ 2.50 ലക്ഷം ഡോളര്‍(ഏകദേശം 1.78 കോടി രൂപ) വിലയുള്ള ബഹിരാകാശത്തേക്കുള്ള ടിക്കറ്റ് എടുത്തുകഴിഞ്ഞെന്നാണ് ബ്രാന്‍സണ്‍ അറിയിച്ചിട്ടുള്ളത്.