ആളില്ലാ ചരക്ക് പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി

ആളില്ലാ ചരക്ക് പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി

ഭൂമിയില്‍ നിന്നും 3,700 കിലോഗ്രാം ചരക്കുമായി സിഗ്നസ് രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി. ബിസ്‌ക്കറ്റിനായി കുഴച്ച മാവ് മുതല്‍ എലികള്‍ വരെയുണ്ട് ഇതില്‍. ബഹിരാകാശ നിലയത്തിലേക്ക് ചരക്കെത്തിക്കാന്‍ ചുമതലയുള്ള രണ്ട് കമ്പനികളിലൊന്നായ നോര്‍ത്ത്‌റോപ് ഗ്രൂമനാണ് എസ്.എസ്. അലന്‍ ബീന്‍ എന്ന് പേരിട്ടിരിക്കുന്ന ആളില്ലാ ചരക്ക് പേടകം അയച്ചത്.രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികര്‍ യന്ത്രക്കൈ ഉപയോഗിച്ചാണ് പൈലറ്റില്ലാ എസ്.എസ് അലന്‍ ബീനിനെ പിടിച്ചെടുത്തത്. അപ്പോളോ 12ലെ സഞ്ചാരിയായിരുന്ന അലന്‍ ബീന്‍ ചന്ദ്രനില്‍ നടന്നിട്ടുള്ളയാളാണ്. 2018ല്‍ മരിച്ച അദ്ദേഹത്തിന്റെ സ്മരണയിലാണ് സിഗ്നസ് NG 12 ചരക്കുപേടകത്തിന് അലന്‍ ബീന്‍ എന്ന പേരിട്ടിരിക്കുന്നത്. അദ്ദേഹം വരച്ച ബഹിരാകാശ കാഴ്ച്ചകളുടെ മനോഹര ചിത്രങ്ങള്‍ ഏറെ പ്രസിദ്ധമാണ്.

സീറോ ഗ്രാവിറ്റി കിച്ചനും നാനോറാക്‌സും ചേര്‍ന്നാണ് ബിസ്‌ക്കറ്റ് മാവ് ബഹിരാകാശത്തെത്തിക്കാന്‍ മുന്‍കയ്യെടുത്തത്. ബഹിരാകാശ യാത്രികര്‍ക്ക് സ്വന്തം നിലക്ക് ബിസ്‌ക്കറ്റ് പാകം ചെയ്യാനാവുക എന്നതാണ് ലക്ഷ്യം. ഇത് വിജയിച്ചാല്‍ അന്യ ഗ്രഹയാത്രകള്‍ക്കിടെ ബഹിരാകാശ യാത്രികര്‍ ആവശ്യത്തിനനുസരിച്ച് ഒവനില്‍ ബിസ്‌ക്കറ്റ് പാകം ചെയ്ത് കഴിക്കും.ബഹിരാകാശയാത്രികരെ റേഡിയേഷനില്‍ നിന്നും രക്ഷിക്കുന്ന പുതിയ കുപ്പായവും ഭൂമിയില്‍ നിന്നും എത്തിച്ചിട്ടുണ്ട്. അതിന്റെ പരീക്ഷണവും നടക്കും. ഒരു കൂട്ടം എലികളെയും പരീക്ഷണത്തിനായി നിലയത്തിലെത്തിച്ചിട്ടുണ്ട്. തുടര്‍ച്ചയായി വെളിച്ചവും ഇരുട്ടും വരുന്നത് കരളിന്റെ ആരോഗ്യത്തെ ബാധിക്കുമോ എന്ന പരീക്ഷണമാണ് എലികളെ വെച്ച് നടക്കുക. ഓരോ ദിവസവും ബഹിരാകാശ നിലയത്തിലെ യാത്രികര്‍ 16 സൂര്യോദയവും അസ്തമയും കാണുന്നുണ്ട്.

പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ചുള്ള തെളിവുകള്‍ ശേഖരിക്കുന്നതിന് ബഹിരാകാശ നിലയത്തില്‍ സ്ഥാപിച്ചിട്ടുള്ള ആല്‍ഫ മാഗ്നെറ്റിക് സ്‌പെക്ട്രോമീറ്റര്‍ 2 എന്ന ഉപകരണത്തിന്റെ കേടുപാടുകള്‍ മാറ്റാനുള്ള ഉപകരണങ്ങളും എത്തിച്ചിട്ടുണ്ട്. 2011 മുതല്‍ ബഹിരാകാശ നിലയത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ആല്‍ഫ മാഗ്നെറ്റിക് സ്‌പെക്ട്രോ മീറ്ററിന്റെ നാല് കൂളിങ് പമ്പുകളില്‍ മൂന്നെണ്ണം തകരാറിലായിരുന്നു. ആ പ്രശ്‌നം ഈ വര്‍ഷം അവസാനത്തോടെ നടക്കുന്ന ബഹിരാകാശ നടത്തത്തിനിടെ യാത്രികര്‍ പരിഹരിക്കും.
നോര്‍ത്ത്‌റോപ്പ് ഗ്രൂമന്‍ കമ്പനിയുടെ മറ്റൊരു സിഗ്നസ് പേടകവും നിലവില്‍ ബഹിരാകാശത്ത് ഉണ്ട്. കഴിഞ്ഞ ഏപ്രിലില്‍ വിക്ഷേപിച്ച എന്‍ജി 11 സിഗ്നസ് ഓഗസ്റ്റില്‍ ബഹിരാകാശ നിലയത്തില്‍ നിന്നും വേര്‍പെട്ടിരുന്നു. എന്നാല്‍ മറ്റു ചില പരീക്ഷണങ്ങളുടെ ഭാഗമായി ഈ സിഗ്നസ് പേടകം ഇപ്പോഴും ബഹിരാകാശത്ത് തന്നെയാണുള്ളത്.