60-ാം വയസ്സുകാരിയായ ബാർബി

60-ാം വയസ്സുകാരിയായ ബാർബി അമേരിക്കയിലെ ലൊസാഞ്ചല്‍സിലാണ് ബാര്‍ബിയുടെ ജന്മവീട് കൊച്ചുപെണ്‍കുട്ടികളുടെ മാത്രമല്ല, കൗമാരക്കാരുടെയും പ്രിയപ്പെട്ട കളിത്തോഴിയായ ബാര്‍ബിക്ക് 60 വയസ്സ് പൂർത്തിയാകുകയാണ്. കൗതുകം നിറഞ്ഞ വെള്ളാരങ്കണ്ണുകള്‍, ഇടതൂര്‍ന്ന ചുരുണ്ട സ്വര്‍ണ്ണത്തലമുടി, ഓമനത്വം തുളുമ്പുന്ന മുഖം. തിളങ്ങുന്ന, നൃത്തം വയ്ക്കുന്ന വസ്ത്രങ്ങള്‍.... സ്വപ്നങ്ങളില്‍ ഏഴഴകുള്ള പ്രിയപ്പെട്ട ബാര്‍ബി ഡോള്‍. ഈ വര്‍ഷം അറുപതിലേക്കു കടക്കുകയാണ് ലോകത്തിന്റെ ഓമനയായ ബാര്‍ബി. ഇന്നും മുഖത്ത് ചുളിവുകളില്ല. വാര്‍ധക്യത്തിന്റെ ക്ഷീണമോ അവശതയോ ഇല്ല. പഴയ അതേ കൗതുകം, ആകാംക്ഷ. ഇനി വരുന്ന തലമുറകളുടെയും പ്രിയം ഉറപ്പാക്കി അറുപതില്‍നിന്നു മുന്നോട്ടു കുതിക്കുകയാണ് ബാര്‍ബി. അനശ്വരമായ ബാര്‍ബിയുടെ കുട്ടിക്കാലത്തിന്റെ രഹസ്യമെന്തായിരിക്കും ? സംശയമെന്ത്: ലോകമെങ്ങുമുള്ള കുട്ടികളുടെ സ്നേഹം, പരിഗണന,താല്‍പര്യം,സ്നേഹം തീവ്രമാണെങ്കില്‍, ഇഷ്ടം ഹൃദയം കൊണ്ടാണെങ്കില്‍, അടുപ്പം ആത്മാവുകൊണ്ടാണെങ്കില്‍ വയസ്സാകുന്നതെങ്ങനെ?. രോഗം ബാധിക്കുന്നതെങ്ങനെ... അതേ, കാലത്തിന്റെ പരുക്കേല്‍ക്കാതെ ബാര്‍ബി മുന്നോട്ട്. ആറു പതിറ്റാണ്ടായി പെണ്‍കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട കളിത്തോഴിയാണ് ബാർബി. അമേരിക്കയിലെ ലൊസാഞ്ചല്‍സിലാണ് ബാര്‍ബിയുടെ ജന്മവീട്. അവിടെ മാറ്റല്‍സ് ഡിസൈന്‍ സ്റ്റുഡിയോയിലാണ് ബാര്‍ബി പിറവിയെടുക്കുന്നത്. 1959 മാര്‍ച്ച് 9- ന്നാണ് ന്യൂയോര്‍ക്കിലെ അമേരിക്കന്‍ ടോയ് ഫെയറില്‍ ആദ്യത്തെ ബാര്‍ബി അവതരിക്കുന്നത്. മാറ്റല്‍സ് സ്റ്റുഡിയോയുടെ സഹ സ്ഥാപക റൂത്ത് ഹാന്‍ഡ്‍ലര്‍ ആണ് ബാര്‍ബിയുടെ സ്രഷ്ടാവ്. സ്വന്തം കുട്ടികള്‍ക്കുവേണ്ടിയാണ് റൂത്ത് ആദ്യത്തെ ബാര്‍ബിയെ സൃഷ്ടിക്കുന്നതും. റൂത്തിന്റെ മകള്‍ ബാര്‍ബറയ്ക്ക് വളരെക്കുറിച്ച് കളിപ്പാട്ടങ്ങളേ ഉണ്ടായിരുന്നുള്ളൂ. എല്ലാം ബേബി ഡോള്‍സ്. ഒരു വ്യത്യസ്തതയ്ക്കുവേണ്ടി റൂത്ത് ബാര്‍ബിയെ സൃഷ്ടിച്ചു. ബാര്‍ബറ എന്നു പേര് ചുരുങ്ങിയാണ് ബാര്‍ബിയായത്. അങ്ങനെ റൂത്തിന്റെ ബാര്‍ബി ആറു പതിറ്റാണ്ടായി ലോകത്തിന്റെ ബാര്‍ബിയായി. ആദ്യത്തെ വര്‍ഷം തന്നെ വില്‍പനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചുകൊണ്ടായിരുന്നു ബാര്‍ബി തുടങ്ങിയത്. മൂന്നുലക്ഷം ബാര്‍ബി ഡോളുകളാണ് ആദ്യവര്‍ഷം വിറ്റുപോയത്. പിന്നീടിങ്ങോട്ട് പതിറ്റാണ്ടുകളായി തുടരുന്നത് സമാനതകളില്ലാത്ത ജൈത്രയാത്ര. ഇന്നുകാണുന്ന അതേ രീതിയിലായിരുന്നില്ല ബാര്‍ബിയുടെ തുടക്കം. അവളുടെ ശരീരത്തിലും വസ്ത്രത്തിലുമൊക്കെ മാറ്റങ്ങളുണ്ടായിട്ടുണ്ട്. കാലത്തിനനുസരിച്ച്, മറിവന്ന ഫാഷന്‍ സങ്കല്‍പങ്ങള്‍ക്കനുസരിച്ച്. കറുത്ത നിറത്തിലും ബാര്‍ബി മാര്‍ക്കറ്റില്‍ എത്തിയിട്ടുണ്ട്. ലൊസാഞ്ചല്‍സിലെ രാജ്യാന്തര വിമാനത്താവളത്തിനടുത്ത് സ്ഥിതി ചെയ്യുന്ന മാറ്റല്‍സ് സ്റ്റുഡിയോയില്‍ നൂറോളം പേര്‍ ജോലി ചെയ്യുന്നുണ്ട്. ആദ്യം ബാര്‍ബിയുടെ ഒരു സ്കെച്ച് തയാറാക്കുകയാണ് ചെയ്യുന്നത്. പിന്നീട് വിദഗ്ധര്‍ 3 ഡി സാങ്കേതികവിദ്യവരെ ഉപയോഗിച്ച് ഓരോന്നാരോന്നായി ബാര്‍ബിയുടെ ഡിസൈന്‍ പൂര്‍ത്തിയാക്കുന്നു. 12 മാസം മുതല്‍ 18 മാസം വരെയെടുക്കും ഒരു പുതിയ ബാര്‍ബിയുടെ ഡിസൈന്‍ പൂര്‍ത്തിയാകാന്‍. അതിനുശേഷം ചൈനയിലെയും ഇന്‍ഡൊനേഷ്യയിലെയും ഫാക്ടറികളിലേക്ക് ഡിസൈന്‍ അയച്ചുകൊടുക്കുന്നു. ലക്ഷക്കണക്കിനു ബാര്‍ബികള്‍ ഓരോ തമലുറയ്ക്കും വേണ്ടി പിറവിയെടുക്കുന്നു. മാര്‍ക്കറ്റിലെത്തുന്നു. പിന്നെ കാത്തിരിക്കുന്ന കൈകളുടെ സ്നേഹത്തിലേക്കും സ്നേഹത്തിന്റെ ചൂടുള്ള ചുംബനങ്ങളിലേക്കും ആലിംഗനങ്ങളിലേക്കും ബാർബി എത്തുന്നു. കളിപ്പാട്ട വിപണി എന്നും സജീവമാണ്; ഒപ്പം മാറിക്കൊണ്ടിരിക്കുന്നതുമാണ് . മാറുന്ന കാലത്തിന്റെ അഭിരുചിയനുസരിച്ചും താല്‍പര്യങ്ങളനുസരിച്ചും വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും പുതിയ പുതിയ ഇനങ്ങള്‍ മനസ്സു കീഴടക്കിക്കൊണ്ടിരിക്കും. പക്ഷേ, അന്നുമിന്നും മാറാതെയുണ്ട് ബാര്‍ബി ഡോള്‍. ഇന്നത്തെ അറുപതുകാരിയുടെ പ്രിയപ്പെട്ടവള്‍ അഞ്ചുവയസ്സുകാരിയുടെയും പ്രിയപ്പെട്ടവള്‍ തന്നെ. അദ്ഭുതം എന്നല്ലാതെ എങ്ങനെയാണ് ഈ സ്നേഹത്തെ വിശേഷിപ്പിക്കുക. അല്ലെങ്കിലും ആത്മാര്‍ഥ സ്നേഹവും പരിപൂര്‍ണ സമര്‍പ്പണവും നിറഞ്ഞ സ്നേഹം അദ്ഭുതം തന്നെയല്ലേ... ലോകത്തിനു മുഴുവന്‍ പ്രിയപ്പെട്ട ഒരു പാവക്കുട്ടിക്ക് ഇന്നത്തെ ആയുസ്സ് കൂടിവന്നാല്‍ മൂന്നോ നാലോ വര്‍ഷം മാത്രമാണ്. പക്ഷേ, ബാര്‍ബിക്കുള്ള ഓര്‍ഡറുകള്‍ കൂടുന്നതല്ലാതെ കുറയുന്നതേയില്ല. വര്‍ഷങ്ങളായി ഇതുതന്നെയാണ് പതിവ്: ബാര്‍ബി ഡോളിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ നഥാന്‍ ബെയ്നാഡ് പറയുന്നു. കൊക്കക്കോളയും , മക് ഡൊണാള്‍ഡ് പോലെയും ലോകത്തെവിടെ ചെന്നാലും ബാര്‍ബിയുണ്ട്. അവിടെയെല്ലാം ബാര്‍ബിക്കു ചുറ്റും പെണ്‍കുട്ടികളുടെ സ്നേഹവലയവുമുണ്ട്.