മനുഷ്യനിർമ്മിതമായ വെള്ളച്ചാട്ടം

മനുഷ്യനിർമ്മിതമായ വെള്ളച്ചാട്ടം 

ഇറ്റലിയിലെ കാസ്കറ്റ ഡെല്ലെ മാർമോർ ശരിക്കും കാണേണ്ട ഒരു കാഴ്ചയാണ്ഇത്രയും മനോഹരവും പ്രകൃതി രമണീയവുമായ വെള്ളച്ചാട്ടം മനുഷ്യന് എങ്ങനെ സൃഷ്ടിക്കാൻ കഴിയുമെന്ന് ആരും ചിന്തിച്ചു പോകും ഇവിടെയെത്തിയാൽ.ഇത് സത്യമാണ് ഇറ്റാലിയൻ പ്രദേശമായ അംബ്രിയയിൽ സ്ഥിതി ചെയ്യുന്ന ഈ അതിശയകരമായ വെള്ളച്ചാട്ടം പ്രകൃതിദത്തമല്ല, മറിച്ച് പുരാതന റോമാക്കാർ 2000 വർഷങ്ങൾക്ക്മു മ്പ് സ്വപ്രയത്നത്താൽ നിർമിച്ചതാണിത്.

ഇറ്റലിയിലെ ഈ മാർമോർ വെള്ളച്ചാട്ടം പല തരത്തിൽ സവിശേഷമാണ്. അതിലൊന്നാണ് അതിന്റെ ഉയരം, അത് 165 മീറ്ററിൽ നിന്ന് താഴേയ്ക്ക് പതിയ്ക്കുന്നു. യൂറോപ്പിലെ ഏറ്റവും ഉയർന്ന കൃത്രിമ വെള്ളച്ചാട്ടമാണിത്. വെള്ളച്ചാട്ടത്തെ മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു, ഏറ്റവും മുകളിലുള്ളത് 272 അടി ഉയരത്തിലാണ്. വെള്ളച്ചാട്ടത്തിന്റെ  പ്രധാന ഉറവിടം വെലിനോ നദിയാണ്.

വിനോദസഞ്ചാരികളെ ആശ്രയിച്ച് വെള്ളച്ചാട്ടത്തിന്റെ വേഗത കുറയ്ക്കാനോ വർദ്ധിപ്പിക്കാനോ സാധിക്കുമെന്നതാണ് ഇത് സവിശേഷമാക്കുന്ന മറ്റൊരു കാര്യം. സന്ദർശകരുടെ ആവശ്യാനുസരണം വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനാകും

എന്തുകൊണ്ടാണ് റോമാക്കാർ ഇത് നിർമിച്ചത്?

ബിസി 271 ലാണ് റോമാക്കാർ കാസ്കറ്റ ഡെല്ലെ മാർമോർ വെള്ളച്ചാട്ടം നിർമിക്കുന്നത്. ഇത് സൃഷ്ടിക്കാനുള്ള കാരണം തികച്ചും യുക്തിസഹജമായിരുന്നു. അക്കാലത്ത്, മലനിരകളിൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയായിരുന്നു. ഇത് മൂലം ആ ജലം രോഗബാധയുള്ള പ്രാണികളുടെ ഉറവിടമായി മാറുകയും മേഖലയിലെ ആളുകൾക്ക് പകർച്ചവ്യാധി അടക്കമുള്ള ഗുരുതര പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തു. ആദ്യകാലങ്ങളിൽ പ്രശ്ന പരിഹാരത്തിനായി കനാലുകൾ നിർമിച്ചെങ്കിലും അത് താഴ്ന്ന പ്രദേശങ്ങൾക്ക് ഭീഷണിയാകാൻ തുടങ്ങിയതോടെ വെള്ളച്ചാട്ടം എന്ന ആശയത്തിലേക്ക് എത്തുകയായിരുന്നു. 

ഏതിലും പ്രാവിണ്യമുള്ള റോമാക്കാർ തന്നെ അങ്ങനെ ഈ അദ്ഭുതത്തിന് ജീവൻ നൽകി.

മനോഹരമായ നേര താഴ്‌വരയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മനുഷ്യ നിയന്ത്രിതമായ വെള്ളച്ചാട്ടത്തിന്റെ ശബ്ദം പോലും മറ്റ് പ്രകൃതിദത്ത വെള്ളച്ചാട്ടങ്ങളിൽ നിന്നും വ്യത്യസ്തമാണ്.ഈ സ്ഥലത്തിന്റെ ഭംഗി കൂട്ടുന്നത് ചുറ്റുമുള്ള മരങ്ങളും ഇടതൂർന്നവനവുമാണ്, ഇത് ഒരു ചിത്രകാരന്റെ സ്വപ്നത്തിൽ വിരിഞ്ഞ  പ്രകൃതിയുടെ ഛായാചിത്രം പോലെ അനുഭവപ്പെടും. വെള്ളച്ചാട്ടത്തെ അടുത്ത് കണ്ട് ആസ്വദിക്കാനും വെള്ളച്ചാട്ടത്തിനടിയിലൂടെ നടക്കാനുമായി ഇവിടെ ബാൽക്കണികളും നിർമിച്ചിട്ടുണ്ട്. ഭൂമിയിൽ ഏറ്റവുമധികം ഫോട്ടോയെടുത്തതും വരച്ചതുമായ മനുഷ്യനിർമിത അദ്ഭുതങ്ങളിലൊന്നായി അറിയപ്പെടുന്ന മാർമോർ വെള്ളച്ചാട്ടം ഇറ്റലിയിലേക്കുള്ള യാത്രയിൽ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ്.