യുഎഇ  പൊതുമാപ്പ് ആരംഭിക്കുന്നു

യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പിനായി വിപുലമായ സൗകര്യങ്ങളോടെ അവീറില്‍ ആംനസ്റ്റി സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. ഓഗസ്റ്റ് ഒന്ന് മുതലാണ് പൊതുമാപ്പിനുള്ള അപേക്ഷകള്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് വകുപ്പ് സ്വീകരിക്കുക.അവീറിലാണ് പൊതുമാപ്പിനുള്ള സൗകര്യം ദുബായ് ഒരുക്കിയിരിക്കുന്നത്. മറ്റ് എമിറേറ്റിലുള്ളവര്‍ക്കും പൊതുമാപ്പിനായി അവീറിലെ ടെന്റിലെത്താമെന്ന് അധികാരികള്‍ അറിയിച്ചു. അനധികൃത താമസക്കാരെ സഹായിക്കാനാണ് യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.ഇത്തവണ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമായി രണ്ട് വലിയ ടെന്റുകള്‍ അവീറിലെ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ഓഫീസ് പരിസരത്ത് സജ്ജമാക്കിക്കഴിഞ്ഞു. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് മണിവരെയാണ് പ്രവര്‍ത്തനസമയം.ആളുകള്‍ വരുന്നതനുസരിച്ച് ടോക്കണുകള്‍ നല്‍കും. ഇവിടേക്കെത്താന്‍ ആര്‍ടിഎ പ്രത്യേക ബസ് സര്‍വീസുകള്‍ നടത്തും,ചിലവ് കുറഞ്ഞ ഭക്ഷണശാല,ക്ലിനിക്ക് സൗകര്യം,സൗജന്യ കുടിവെള്ളം എന്നിവ താമസ കുടിയേറ്റ വകുപ്പും ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് വകുപ്പും സംയുക്തമായി നല്‍കും.വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും പൊതുമാപ്പ് നല്‍കുന്ന ടെന്റില്‍ സന്നിഹിതരാകും. വിസയൂടെ കാലാവധി കഴിഞ്ഞവരും വിസയില്ലാത്തവരുമായ ആളുകളെ സഹായിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് ദുബായ് എമിറേറ്റിലെ പൊതുമാപ്പിന്റെ ചുമതലക്കാരായ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ മആര്‍റി,ബ്രിഗേഡിയര്‍ ജനറല്‍ ഖലാഫ് അല്‍ ഗെയ്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.രാജ്യം വിട്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ പാസ്‌പോര്‍ട്ടുമായി പൊതുമാപ്പിനെത്തണമെന്ന് അധികാരികള്‍ നിര്‍ദേശിച്ചു. പൊതുമാപ്പ് കിട്ടിയാല്‍ ഇരുപത്തിയൊന്ന് ദിവസത്തിനകം സ്വന്തം നാട്ടിലേക്ക് മടങ്ങുകയും വേണം.