കോടീശ്വരനായോ എന്നൊരു സംശയം?

കോടീശ്വരനായിയെന്ന് സ്വയം വിശ്വസിപ്പിക്കാന്‍ ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച ആഫ്രിക്കന്‍ വ്യവസായി വെറുതെയൊന്ന് കാണാന്‍ വേണ്ടി മാത്രം സ്വന്തം അക്കൗണ്ടില്‍ നിന്ന് പത്ത് മില്യണ്‍ ഡോളര്‍ (69.2 കോടി രൂപ) പിന്‍വലിച്ച് ഒരു ശതകോടീശ്വരന്‍. അക്കങ്ങളില്‍ മാത്രമല്ല താനത്രയും കാശിന് ഉടമയായിയെന്ന് സ്വയം ഉറപ്പുവരുത്താന്‍ വേണ്ടി ബാങ്കില്‍ നിന്ന് ഇത്രയും തുക ഒന്നിച്ച് പിന്‍വലിച്ചത് ആഫ്രിക്കയിലെ ഏറ്റവും വലിയ ധനികനായ ആലികോ ദാന്‍ഗോട്ടാണ്. ഇബ്രാഹിം ഫോറത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദാന്‍ഗോട്ട് ഇക്കാര്യം അറിയിച്ചത്. ആഫ്രിക്ക അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളെ കുറിച്ചും അതിജീവിക്കേണ്ട ഉപാധികളെ കുറിച്ചും രാഷ്ട്രീയ-വ്യവസായ പ്രമുഖരെ ഉള്‍പ്പെടുത്തി എല്ലാ കൊല്ലവും സംഘടിക്കുന്ന ചര്‍ച്ചാ പരിപാടിയാണ് ഇബ്രാഹിം ഫോറം. ഇതില്‍ പങ്കെടുക്കുന്നതിനിടെയാണ് നൈജീരിയക്കാരനായ ദാന്‍ഗോട്ട് രസകരമായ ഈ സംഗതി പങ്കുവെച്ചത്. ആദ്യമായി കോടീശ്വരനാകുമ്പോള്‍, അത് ജീവിതത്തിലെ പ്രധാന സംഗതിയാണ്. പക്ഷെ അതിന് ശേഷം നേടുന്നത് വെറും അക്കങ്ങള്‍ മാത്രമാണ്. ആഫ്രിക്കയിലെ വ്യവസായ ഭീമനായ ദാന്‍ഗോട്ട് പറയുന്നു. ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച് കാറില്‍ നിറച്ച് കൊണ്ടു വന്ന് മുറിയില്‍ നിരത്തി വെച്ച് നോക്കി കോടീശ്വരനായെന്ന് സ്വയം വിശ്വസിപ്പിച്ച ശേഷം അടുത്ത ദിവസം ബാങ്കില്‍ തന്നെ തിരികെയെത്തിച്ചുവെന്നും ദാന്‍ഗോട്ട് കൂട്ടിച്ചേര്‍ത്തു. വിജയത്തിന്റെ പാതയില്‍ ആദ്യത്തെ നേട്ടം ഉണ്ടായിക്കഴിഞ്ഞാല്‍ അതോടെ അവസാനിപ്പിക്കേണ്ടതല്ല പ്രയത്‌നമെന്നും ദാന്‍ഗോട്ട് നവവ്യവയായസംരംഭകര്‍ക്ക് ഉപദേശം നല്‍കി. വ്യവസായത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ സ്വാഭാവികമാണെന്നും ദാന്‍ഗോട്ട് പറഞ്ഞു. രാജ്യത്ത് നിലവിലെ രീതികളും ഭരണസംവിധാനത്തിലെ പ്രശ്‌നങ്ങളും വ്യവസായികവികസനത്തിന്റെ വേഗത കുറയ്ക്കുന്നുവെന്നും ദാന്‍ഗോട്ട് ഓര്‍മിപ്പിച്ചു. Africa's Richest Man Withdrew $10 Million Just To Look At It