മലിനജലം...പാഴാക്കി കളയില്ല...!!!

മലിനജലം ശുദ്ധീകരിക്കാന്‍ 2.2 കോടി ദിര്‍ഹം ചെലവിട്ട് യുഎഇ യുഎഇയിലെ ഉമ അല്‍ ഖുവൈനില്‍ മലിനജല സംസ്‌കരണ കേന്ദ്രം ഒരുങ്ങുന്നു. 2.2 കോടി ദിര്‍ഹം ചെലവാക്കി നിര്‍മ്മിച്ച കേന്ദ്രത്തിന്റെ പണി പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. ശുദ്ധീകരിച്ച ജലം കാര്‍ഷികാവശ്യങ്ങള്‍ക്കും പാര്‍ക്കുകളിലേക്കുമൊക്കെ നനയ്ക്കാന്‍ ഉപയോഗപ്പെടുത്തുമെന്നും അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. കൂടാതെ ഈ വെള്ളം റോഡ് നിര്‍മ്മാണത്തിനും പ്രയോജനപ്പെടും. യുഎഇ പ്രസിഡന്റിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സമിതിയാണു പദ്ധതി പൂര്‍ത്തിയാക്കിയത്. ഫാക്ടറികളില്‍നിന്നു പുറന്തള്ളുന്ന, ആരോഗ്യത്തിനു ഹാനികരമായ വെള്ളത്തിലെ രാസജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്തശേഷം ഹരിതമേഖലകള്‍ വ്യാപിപ്പിക്കാന്‍ ഉപയോഗിക്കും. ദിവസവും 12.75 ലക്ഷം ഗാലന്‍ വെള്ളം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള പ്ലാന്റാണിത്. ഭൂഗര്‍ഭജലത്തെ ആശ്രയിക്കാതെ കൃഷിയാവശ്യങ്ങള്‍ക്കും മറ്റും വെള്ളം ഉപയോഗിക്കാന്‍ കഴിയുമെന്നതും നേട്ടമാണ്.