ഏറ്റവും വലിയ ദ്വീപ് ‘വാങ്ങാൻ’ ട്രംപ്

   വാഷിങ്ടൻ∙ ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലന്‍ഡിനെ അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമാക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് താൽപര്യപ്പെടുന്നതായി റിപ്പോർട്ട്. അറ്റ്‌ലാന്റിക്-ആര്‍ടിക് സമുദ്രങ്ങൾക്കിടയിൽ കാനഡയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് ഭൂരിഭാഗവും മഞ്ഞുപാളികളാൽ മൂടപ്പെട്ടതാണ്. ഗ്രീൻല‌ൻഡിനെ അമേരിക്കയോടു കൂട്ടിച്ചേർക്കാനുള്ള സാധ്യതകളെ കുറിച്ചു വിദഗ്ധരോട് ട്രംപ് അഭിപ്രായം ചോദിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 1946ൽ പ്രസിഡന്റ് ഹാരി ട്രൂമാനും സമാനമായ നീക്കം നടത്തിയിരുന്നു. 10 കോടി ഡോളറായിരുന്നു അന്ന് ഡെന്മാർക്കിനു വാഗ്ദാനം ചെയ്തത്.  

         പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭകാലം മുതൽ ഡെന്മാർക്കിന്റെ ഭാഗമായ ഗ്രീൻലൻഡ് നിലവിൽ സ്വയംഭരണ പ്രദേശമായാണു നിലകൊള്ളുന്നത്. എന്നാൽ 57,000 ആളുകൾ മാത്രം താമസിക്കുന്ന ഈ വലിയ ദ്വീപ് യുഎസിന്റെ ഭാഗമാക്കുന്നതിനായി എതെങ്കിലും തരത്തിലുള്ള ശ്രമം നടക്കുന്നതായി വൈറ്റ് ഹൗസോ ഡാനിഷ് എംബസിയോ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. 85 ശതമാനവും മഞ്ഞുപാളികളാൽ മൂടപ്പെട്ടു കിടക്കുന്ന ഈ ദ്വീപിന്റെ ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ കുറിച്ചും പ്രകൃതി വിഭവങ്ങളെ കുറിച്ചും ട്രംപ് അന്വേഷിച്ചതായി രാജ്യാന്തര മാധ്യമമാണു വാർത്ത റിപ്പോർട്ട് ചെയ്തത്. ഗ്രീൻലൻഡ് ‘വാങ്ങുന്നതിനെപ്പറ്റി’ എന്താണ് അഭിപ്രായമെന്നും അദ്ദേഹം അന്വേഷിച്ചു.   

 ഗ്രീൻലൻഡ് യുഎസുമായി കൂട്ടിച്ചേർക്കുന്നതു ഗുണം ചെയ്യുമെന്നു ട്രംപിനെ വിദഗ്ദർ ഉപദേശിച്ചതായും റിപ്പോർട്ടിൽ പറയുന്നു. അമേരിക്കൻ സുരക്ഷയുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുള്ള മേഖല കൂടിയാണ് ഗ്രീൻലൻഡ്. അവിടെ യുഎസ് നിർമിച്ചിരിക്കുന്ന ടൂലി എയർബേസിൽ ഡെന്മാർക്കുമായുള്ള പ്രതിരോധ കരാർ പ്രകാരം മുഴുവന്‍ സ്വാതന്ത്ര്യവും യുഎസിനു നൽകിയിട്ടുണ്ട്. അമേരിക്കയുടെ ഏറ്റവും വടക്കേ അറ്റത്തുള്ള വ്യോമതാവളം കൂടിയാണിത്. യുഎസിനു നേരെ വരുന്ന ബാലിസ്റ്റിക് മിസൈലുകളെക്കുറിച്ചു മുന്നറിയിപ്പ് നൽകാനുള്ള സംവിധാനത്തിന്റെ ഭാഗമായ റഡാർ സ്റ്റേഷനും ടൂലിയിലാണ്.  

  എന്നാൽ ഇതെല്ലാം ട്രംപിന്റെ വ്യാമോഹം മാത്രമാണെന്നും പ്രസിഡന്റ് പദവിയിൽ എത്തുന്നതിനു മുൻപ് റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് പ്രവർത്തിച്ചിരുന്ന ട്രംപ് െതാഴിൽ മറന്നിട്ടില്ലെന്നും പരിഹസിച്ച് ഒരു വിഭാഗം രംഗത്തെത്തി. ഗ്രീൻലൻഡ് 1953 മുതലാണ് ഡെന്മാര്‍ക്കിന്റെ ഭാഗമായത്.1979ല്‍ ആഭ്യന്തര സ്വയംഭരണം‌ ലഭിച്ചു. 2009ൽ കൂടുതൽ സ്വാതന്ത്ര്യം ഗ്രീൻലൻഡിന് അനുവദിച്ചു കിട്ടിയെങ്കിലും വിദേശകാര്യം, സുരക്ഷ എന്നിവ ഉൾപ്പെടെ നയതന്ത്ര കാര്യങ്ങൾ ഇപ്പോഴും തീരുമാനിക്കുന്നത് ഡെന്മാർക്കാണ്.  

 ഡെന്മാർക്കിൽ നിന്നു സബ്സിഡിയായി ഓരോ വർഷവും 59.1 കോടി ഡോളർ ഗ്രീൻ‍ലൻഡിനു ലഭിക്കുന്നുണ്ട്. പ്രദേശത്തിന്റെ വാർഷിക ബജറ്റിന്റെ 60 ശതമാനവും ഈ തുകയാണ്. എന്നാൽ ഗ്രീൻലൻഡിന് ധനസഹായം നൽകുന്നത് ഡെന്മാർക്കിനു ‘വലിയ ഭാര’മായിട്ടുണ്ടെന്നു താൻ കേട്ടിരുന്നതായാണ് ട്രംപ് വ്യക്തമാക്കിയത്. തുടർന്നാണ് ഒരു അത്താഴവിരുന്നിനിടെ ഗ്രീൻലൻഡ് വാങ്ങുന്നതു സംബന്ധിച്ച അഭിപ്രായം ട്രംപ് ചോദിച്ചത്. ആദ്യം തമാശയാണെന്നു കരുതിയെങ്കിലും പിന്നീട് ഉപദേശകരോട് അതിനെപ്പറ്റി ചോദിച്ചതായി വ്യക്തമാവുകയായിരുന്നു. വാർത്താ ഏജൻസിയായ റോയിട്ടേഴ്സും ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഡാനിഷ് രാഷ്ട്രീയ നേതൃത്വം ഇതിനെ ശക്തമായി എതിർത്തിട്ടുണ്ട്. ഗ്രീൻലൻഡിനെ യുഎസിന്റെ 51–ാം സ്റ്റേറ്റാകാൻ അനുവദിക്കില്ലെന്ന് ഗ്രീന്‍ലൻഡിന്റെ സമ്പൂർണ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന രാഷ്ട്രീയപാർട്ടി നേതാക്കളും വ്യക്തമാക്കി. 

  ലോകത്തെ ഏറ്റവും വലിയ ജൈവ ഉദ്യാനം എന്ന ഖ്യാതി നേടിയ ദേശീയ ഉദ്യാനം ഗ്രീൻലൻഡിലാണ്. നാലു ശാസ്ത്ര പര്യടന കേന്ദ്രങ്ങളും ക്യാംപുകളും ഗ്രീൻലൻഡിൽ സ്ഥിതിചെയ്യുന്നുണ്ട്. ഇവിടത്തെ 8.11 ലക്ഷം ചതുരശ്ര മൈൽ പ്രദേശത്തു ലഭ്യമാകുന്ന പ്രകൃതിവിഭവങ്ങളിലും ട്രംപിനു കണ്ണുണ്ടെന്നാണ് റിപ്പോർട്ടുകൾ. അടുത്ത മാസം ട്രംപ് ഡെന്മാർക്ക് സന്ദർശിക്കാനിരിക്കുകയാണ്. എന്നാൽ ഗ്രീൻലൻഡിനെ ‘വാങ്ങുന്നതുമായി’ ഇതിനു ബന്ധമില്ലെന്നാണ് നിരീക്ഷകർ പറയുന്നത്. 1867ൽ പ്രത്യേക കരാർ പ്രകാരം റഷ്യയിൽ നിന്ന് അലാസ്ക യുഎസിനോടു ചേർത്തിരുന്നു. 1948ൽ ഇതിനെ യുഎസ് സ്റ്റേറ്റാക്കി മാറ്റുകയും ചെയ്തു.