യുനെസ്കോ പൈതൃക പട്ടികയിൽ ജയ്പുർ


യുനെസ്കോ പൈതൃക പട്ടികയിൽ ജയ്പുർ 

 
                   ജയ്പുർ ∙ രാജസ്ഥാൻ തലസ്ഥാനമായ ജയ്പുർ ഇനി യുനെസ്കോയുടെ പൈതൃക പട്ടികയിൽ. പാരമ്പര്യ തച്ചുശാസ്ത്ര നിർമിതികളാൽ സമ്പന്നവും വൈവിധ്യമാർന്ന സംസ്കാരങ്ങളുടെ കേന്ദ്രവുമാണ് പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പുർ. 

             അസർബൈജാനിലെ ബാക്കുവിൽ നടക്കുന്ന യുനെസ്കോ ലോകപൈതൃക കമ്മിറ്റി സമ്മേളനമാണ് ജയ്പുരിനെ ‘വേൾഡ് ഹെറിറ്റേജ് സൈറ്റ്’ ആയി പ്രഖ്യാപിച്ചത്. 

 ബാക്കു യുനെസ്കോ സമ്മേളനം പൈതൃക പട്ടികയിൽ 

 ഉൾപ്പെടുത്തിയ മറ്റുള്ളവ 

  ∙ ജൈവ വൈവിധ്യസമ്പന്നമായ ഇറാനിലെ ഹിർകാനിയൻ വനം 

 ∙ ഇറാഖിലെ പുരാതന മെസപ്പൊട്ടോമിയൻ നഗരമായ ബാബിലോൺ 

 ∙ ഐസ്‍ലൻഡിലെ ലാവയാൽ രൂപപ്പെട്ട വദ്നദ് ഹിമപ്പരപ്പ്. 

 ∙ ബഹ്‍റൈനിലെ ബി.സി 2050– 1750 കാലത്തെ ശ്മശാനം ദിൽമൻ കുന്നുകൾ. 

 പിങ്ക് സിറ്റി 

 1727 ൽ സവായ് ജയ് സിങ് രണ്ടാമൻ രാജാവാണ് ഹിന്ദു, മുഗൾ, പാശ്ചാത്യ മാതൃകകളെ സംയോജിപ്പിച്ച് ജയ്പുർ നഗരം പണികഴിപ്പിച്ചത്. രാജ്യത്തെ ആദ്യത്തെ ആസൂത്രിത നഗരമാണിത്. ചുറ്റും കോട്ടകളുള്ള നഗരത്തിലേക്കുള്ള പ്രവേശനം 7 വലിയ വാതിലുകളിൽക്കൂടി മാത്രമാണ്. 

                      1876 ൽ ബ്രിട്ടിഷ് രാജ്ഞി ജയ്പുർ സന്ദർശിച്ചേക്കുമെന്ന പ്രതീക്ഷയിൽ കെട്ടിടങ്ങൾക്കു പിങ്ക് നിറമടിച്ചതിനു ശേഷമാണ് ‘പിങ്ക് സിറ്റി’ എന്ന പേരു കിട്ടിയിത്. 
 

 പൈതൃക പദവി ലഭിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി,  മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവർ ആഹ്ലാദം പ്രകടിപ്പിച്ചു. 

 തിരുപ്പിറവി ദേവാലയം ‘അപകടത്തിനു പുറത്ത്’ 

 ബേത്‍ലഹേമിലെ തിരുപ്പിറവി ദേവാലയത്തെ, നാശഭീഷണിയുള്ള കെട്ടിടങ്ങളുടെ പട്ടികയിൽ നിന്നു യുനെസ്കോ നീക്കം ചെയ്തു. പള്ളിയിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്നാണിത്. 

             2012 ൽ യുനെസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയപ്പോൾ തന്നെ പള്ളിയെ നശിക്കാൻ സാധ്യതയുള്ള കെട്ടിടങ്ങളുടെ കൂട്ടത്തിലും ഉൾപ്പെടുത്തിയിരുന്നു.യേശു ജനിച്ചു എന്നു വിശ്വസിക്കപ്പെടുന്ന സ്‌ഥലത്തു നാലാം നൂറ്റാണ്ടിൽ നിർമിച്ചതാണു തിരുപ്പിറവി ദേവാലയം. 

Jaipur on UNESCO Heritage List