രണ്ടായിരം ക്ഷേത്രങ്ങളുള്ള ജപ്പാൻ നഗരം

രണ്ടായിരം ക്ഷേത്രങ്ങളുള്ള ജപ്പാൻ നഗരം

അനുദിനം വികസനത്തിന്റെ പാതയില്‍ കുതിച്ചുകൊണ്ടിരിക്കുന്ന ഒരു ഹൈടെക് നഗരമാണല്ലോ ജപ്പാന്‍. ആധുനിക ലോകത്തെ വമ്പന്‍മാരില്‍ പ്രമുഖം. എന്നാല്‍ ജപ്പാന് പൗരാണികവും ആത്മീയപരവുമായ ഒരിക്കലും മാറ്റം സംഭവിച്ചിട്ടില്ലാത്ത ഒരു മുഖച്ചായയുണ്ട്. മറ്റെല്ലാ നഗരങ്ങളും വികസിച്ചപ്പോഴും പഴമയെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന ക്യോട്ടോയാണ് അത്.ആയിരക്കണക്കിന് എന്നല്ല, ഏതാണ്ട് രണ്ടായിരം ക്ഷേത്രങ്ങളുള്ള ജപ്പാന്റെ ആത്മീയ നഗരമാണ് ക്യോട്ടോ. രണ്ടാം ലോകമഹായുദ്ധസമയത്ത് യുഎസ് അണുബോംബിന്റെ ലക്ഷ്യമായി ക്യോട്ടോയെയാണ് ആദ്യം തെരഞ്ഞെടുത്തത്. എന്നാല്‍ ആ നാടിന്റെ സാംസ്‌കാരിക പ്രാധാന്യം കണക്കിലെടുത്ത് മാറ്റുകയായിരുന്നു.

ബാംബു ഫോറസ്‌ററ്

നിരനിരയായി നില്‍ക്കുന്ന ഇടതൂര്‍ന്ന മുളങ്കാടുകള്‍ക്ക് നടുവിലൂടെ നീണ്ടുപോകുന്ന നടപ്പാത. ഇത്തരമൊരു ചിത്രം മിക്കവരും കണ്ടിട്ടുണ്ടാകും സിനിമകളിലോ അല്ലാതെയൊക്കെ. ആ മനോഹരസ്ഥലം ക്യോട്ടോയിലാണ്. ക്യോട്ടോ ബാംബു ഫോറസ്റ്റ് ഇവിടെയെത്തുന്ന വിനോദസഞ്ചാരികളുടെ ഒഴിച്ചുകൂടാനാവാത്ത ഇടം കൂടിയായി തീര്‍ന്നത് എങ്ങനെയെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ.

ഫുഷിമി ഇനാരി-തായ്ഷാ ക്ഷേത്രം

ക്യോട്ടോയിലെ ഏറ്റവും ആകര്‍ഷണീയമായ നിധിയെന്ന് വേണമെങ്കില്‍ ഈ ക്ഷേത്രത്തെ വിളിക്കാം. ആയിരക്കണക്കിന് പരമ്പരാഗത ടോറി വാതിലുകള്‍ കൊണ്ട് നിര്‍മ്മിച്ച ജ്വലിക്കുന്ന നിറമുള്ള നടപ്പാതയുടെ അവസാനത്തിലാണ് ഫുഷിമി ഇനാരി തൈഷ ദേവാലയം സ്ഥിതി ചെയ്യുന്നത്. വിവിധ വര്‍ണ്ണങ്ങളില്‍ അലങ്കരിച്ച ഈ ക്ഷേത്രസമുച്ചയത്തില്‍ നിന്നാല്‍ ശാന്തമായൊരു അനുഭൂതി ലഭിക്കും. അരിയുടെ ദേവന്‍ എന്നറിയപ്പെടുന്ന ഇനാറി എന്ന ഷിന്റോ ദേവനെയാണ് ഇവിടെ ആരാധിക്കുന്നത്

കിങ്കാകുജി ക്ഷേത്രം

കാണാനും അറിയാനും അനുഭവിക്കാനും എണ്ണമറ്റ ക്ഷേത്രങ്ങളുള്ള നാട്ടിലെ പ്രമുഖ വിനോദ സഞ്ചാരകേന്ദ്രം കൂടിയാണ് ഈ മനോഹര ദേവാലയം. ഒരു തടാകത്തിന് അഭിമുഖമായി മരങ്ങളാല്‍ ചുറ്റപ്പെട്ട സ്വര്‍ണ്ണമേലാപ്പണിഞ്ഞ കിങ്കാകുജി ശരിക്കും രണ്ട് വ്യത്യസ്ത ക്ഷേത്രങ്ങളാണ്. സ്വര്‍ണ്ണ ഇലകളില്‍ പൊതിഞ്ഞപോലെയുള്ള ഘടനയില്‍ നിര്‍മ്മി്ചിരിക്കുന്ന സെന്‍ ക്ഷേത്രമാണ് മറ്റൊന്ന്. പൂരാതനമായ വാസ്തുവിദ്യയുടെ നേര്‍രൂപങ്ങളായി ഈ ക്ഷേത്രാങ്കണം നിലകൊള്ളുന്നു. അതിരാവിലെ ക്ഷേത്രത്തിന്റെ സ്വര്‍ണ്ണതാഴികകുടത്തില്‍ തട്ടി തിളങ്ങുന്ന സൂര്യനെ കാണാന്‍ വേണ്ടി മാത്രം ആയിരക്കണക്കിന് സഞ്ചാരികള്‍ ഇവിടെയത്തുന്നു.

കിയോമിസു-ദേര ക്ഷേത്രം

ക്യോട്ടോയിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് ഈ ക്ഷേത്രം. മനോഹരമായ കുന്നിന്‍ മുകളിലായി യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ കിയോമിസു-ദേര ക്ഷേത്രം ചെറി മരങ്ങളാല്‍ ചുറ്റപ്പെട്ട് സ്ഥിതിചെയ്യുന്നു. മാന്ത്രിക സവിശേഷതകളാലാണ്  ഈ ക്ഷേത്രം അറിയപ്പെടുന്നത്. ഒട്ടോവ വെള്ളച്ചാട്ടവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന്റെ ശ്രീകോവില്‍ പ്രത്യേക രീതിയില്‍ മൂന്ന് അരുവികളാല്‍ ചേര്‍ന്നതാണ്.

ക്യോട്ടോ ടവര്‍

ക്ഷേത്രങ്ങളെക്കുറിച്ച്കണ്ടും അറിഞ്ഞും കഴിയുമ്പോള്‍ നേരേ പോകാന്‍ പറ്റിയ ഒരിടം നഗരഹൃദയത്തിലെ ഈ ടവര്‍ തന്നെ  ക്ഷേത്രങ്ങളുടെ നഗരത്തിലെ ആധുനികമായൊരു മുഖമാണ് ക്യോട്ടോ ടവര്‍.ക്യോട്ടോയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണിത്. ഒസാക്കയിലേയ്ക്ക് വ്യാപിച്ചുകിടക്കുന്ന നഗരത്തിന്റെ മനോഹരമായ കാഴ്ചകള്‍ സന്ദര്‍ശകര്‍ക്ക്ഇവിടെ നിന്ന് കാണാന്‍ കഴിയും. പ്ലാറ്റ്ഫോമില്‍, ദൂരദര്‍ശിനികളും എല്‍ഇഡി ടച്ച് സ്‌ക്രീനുകളും ഉണ്ട്. ടവറില്‍ നിന്നുള്ള മികച്ച കാഴ്ച്ചകള്‍ക്ക് സൂര്യാസ്തമയ സമയമാണ് നല്ലത്.

നിഷികി മാര്‍ക്കറ്റ്

നിങ്ങള്‍ ഒരു ഷോപ്പഹോളിക് ആണെങ്കില്‍ ക്യോട്ടോയുടെ അടുക്കളയിലേയ്ക്ക് സ്വാഗതം.ഒരു ദിവസം മുഴുവന്‍ ചെലവഴിക്കാനുള്ള രസകരമായ സ്ഥലമാണ് നിഷിക്കി മാര്‍ക്കറ്റ്.ജപ്പാന്റെ പരമ്പാഗതവും രുചികരവുമായ ഭക്ഷണങ്ങളുടെ രുചിയറിയാനും ഇതിലും മികച്ചൊരിടം ജപ്പാനില്‍ വേറെയെവിടെയും കാണില്ല.

എല്ലാത്തരത്തിലുമുള്ള വിഭവങ്ങള്‍ ലഭിക്കുന്ന ഈ മാര്‍ക്കറ്റ് കരകൗശല വസ്തുക്കളുടെ പേരിലും പ്രസിദ്ധമാണ്. കരകൗശലക്കാരുടെ കൂടി നഗരമായ ക്യോട്ടോയില്‍ പരമ്പരാഗത രീതിയില്‍ നിര്‍മ്മിക്കുന്ന അനേകം വസ്തുക്കള്‍ കാണാനാകും. കൈകൊണ്ട് ഉണ്ടാക്കുന്ന വാഷിയെന്ന പേപ്പര്‍, തുണിത്തരങ്ങള്‍, സെറാമിക്, കരകൗശലവസ്തുക്കള്‍ അങ്ങനെ എല്ലാം ഈ മാര്‍ക്കറ്റില്‍ സുലഭമായി ലഭിക്കും. ചായയില്‍ ഒരു പരീക്ഷണം നടത്താന്‍ തയാറായിട്ടുള്ളവർക്ക് മാര്‍ക്കറ്റിലെ ചെറുചായക്കടകളില്‍ കയറി കരുത്ത് തെളിയിക്കാം.

നഗരത്തിരക്കുകളില്‍ നിന്നും ഓടിമാറി ശാന്തമായൊരു തെളിഞ്ഞ യാത്ര നടത്താന്‍ ആരാണ് ആഗ്രഹിക്കാത്തത്. സദാസമയവും പ്രാര്‍ത്ഥാനാമഞ്ജരികള്‍ മുഴങ്ങുന്ന ദേവാലയ വീഥികളിലൂടെ, ജാപ്പനീസ് വാസ്തുവിദ്യയുടെ യഥാര്‍ത്ഥ മാസ്റ്റര്‍പീസുകളെ അടുത്തറിഞ്ഞ് ചെറിമരങ്ങള്‍ പൂത്തുലഞ്ഞ വഴികളിലൂടെ ഒരു അസാധ്യ യാത്ര നടത്താന്‍ റെഡിയായിക്കോളു

Japan Is A City Of Two Thousand Temples