ഐഫോണ്‍ എളുപ്പത്തില്‍ ഹാക്കു ചെയ്യാം; ഗൂഗിളിനെതിരെ ആപ്പിൾ

ഐഫോണ്‍ എളുപ്പത്തില്‍ ഹാക്കു ചെയ്യാം; ഗൂഗിളിനെതിരെ ആപ്പിൾ 

ഐഫോണ്‍ ഉടമകളെ ഹാക്കു ചെയ്ത ചില വെബ്‌സൈറ്റുകളിലേക്ക് നയിച്ചാല്‍ മാത്രം മതി അവരുടെ ഫോണ്‍ ഹാക്കു ചെയ്യാന്‍ എന്ന രീതിയില്‍ ഗൂഗിൾ ഗവേഷകര്‍ പുറത്തുവിട്ട കണ്ടെത്തലുകള്‍ക്കെതിരെ ആപ്പിള്‍ രംഗത്ത്. ഫോണില്‍ ഒരു ഇംപ്ലാന്റ് നടത്തിയ ശേഷം ആക്രമണകാരികള്‍ക്ക് ഐഫോണ്‍ ഉടമകളുടെ ഫോണിലെ വിവിധതരം ഡേറ്റ ചോര്‍ത്താനാകുമെന്നാണ് ഗൂഗിൾ ഗവേഷകര്‍ കണ്ടെത്തിയിരുന്നത്. ഇതില്‍ പാസ്‌വേഡുകള്‍, കോണ്‍ടാക്ട്‌സ്, ഐമെസേജിലോ വാട്‌സാപ്പിലോ ജിമെയിലിലോ ഗൂഗിള്‍ ഹാങ്ഔട്‌സിലോ അയയ്ക്കുന്നതും ലഭിക്കുന്നതുമായ സന്ദേശങ്ങള്‍ തുടങ്ങിയവയൊക്കെ എളുപ്പത്തില്‍ കടത്താമെന്നായിരുന്നു ഗവേഷകരുടെ വാദം. ഇതാകട്ടെ ദീര്‍ഘകാലം നീണ്ടു നിന്നെന്നും നിരവധി പേരെ ബാധിച്ചുവെന്നും അവര്‍ വാദിച്ചു.

ഈ അവകാശവാദത്തിനെതിരെ രംഗത്തെത്തിയത് ആപ്പിൾ വക്താവായ ഫ്രെഡ് സയിന്‍സ് ആണ്. അദ്ദേഹം ഇറക്കിയ വാർത്താക്കുറിപ്പില്‍ പറയുന്നത് ഗൂഗിള്‍ വളരെ തെറ്റിധാരണാജനകമായ രീതിയിലാണ് ഈ പ്രശ്‌നം അവതരിപ്പിച്ചതെന്നാണ്. ഒന്നാമതായി ഇതൊരു ചെറിയ പ്രശ്‌നമാണ്. വളരെക്കുറച്ചു പേരെ മാത്രം ബാധിക്കുകയും ഏതാനും വെബ്‌സൈറ്റുകള്‍ മാത്രം ഉള്‍പ്പെടുകയും ചെയ്ത ഒന്ന്. ചൈനയിലെ ഉയിഗുറുകള്‍ എന്നറിയപ്പെടുന്ന മുസ്‌ലിം സമൂഹത്തെ കേന്ദ്രീകരിച്ചു മാത്രം നടത്തിയ ആക്രമണമാണിത്

എന്നാല്‍, ഈ ആക്രമണം കുറച്ചു പേരെയെങ്കിലും ബാധിച്ചുവെന്നതും തങ്ങള്‍ ഗൗരവത്തില്‍ തന്നെയാണ് കാണുന്നത്. തങ്ങളുടെ എല്ലാ ഉപയോഗക്താക്കളുടെ സുരക്ഷയും പ്രധാനപ്പെട്ടതു തന്നെയാണ്. മറ്റൊരു രസകരമായ കാര്യം ഈ പ്രശ്‌നം ആപ്പിള്‍ തന്നെ കണ്ടെത്തുകയും പാച്ച് അയച്ച് പരിഹരിക്കുകയും ചെയ്ത് ആറു മാസത്തിനു ശേഷമാണ് ഈ 'യമണ്ടന്‍' കണ്ടെത്തലുമായി ഗൂഗിള്‍ ഇറങ്ങിയിരിക്കുന്നത്.

ഇത് വ്യാപകമായ ഒരു ആക്രമണമായിരുന്നുവെന്ന ധാരണ പരത്താന്‍ ഗൂഗിളിനു സാധിച്ചിരിക്കുന്നു. വലിയ സമൂഹങ്ങളുടെ ഡേറ്റ തത്സമയം നിരീക്ഷിക്കാന്‍ സാധിച്ച രീതിയിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നതെന്നും ഫ്രെഡ് ചൂണ്ടിക്കാണിക്കുന്നു. ഇത് എല്ലാ ഐഫോണ്‍ ഉടമകള്‍ക്കും തങ്ങളുടെ ഫോണ്‍ ഹാക്കു ചെയ്യപ്പെട്ടോ എന്ന ഭീതി പരത്താന്‍ കാരണമായേക്കാം. 'അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

ഗൂഗിൾ പ്രൊജക്ട് സീറോയിലെ സുരക്ഷാ ഗവേഷകരാണ് ഇത്തരം ആക്രമണം വ്യാപകമായി നടന്നുവെന്ന വാദം ഉന്നയിച്ചത്. ചില വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ ഫോണുകളില്‍ ഉപദ്രവകാരികളായ സോഫ്റ്റ്‌വെയര്‍ നിക്ഷേപിക്കപ്പെടുകയും അതിലൂടെ ഫോട്ടോസും തത്സമയ നീക്കങ്ങളും വരെ ചോര്‍ത്തിയെടുത്തിരുന്നു എന്നറിയിച്ചത്. ഹാക്കു ചെയ്ത വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മാത്രം മതി നിങ്ങളുടെ ഐഫോണ്‍ ആക്രമിക്കപ്പെടാന്‍. അതു മാത്രമല്ല, ഇത് വളരെ വിജയകരമായി നടപ്പിലാക്കപ്പെടുകയും ചെയ്തുവെന്നാണ് പ്രൊജക്ട് സീറോയിലെ ഇയന്‍ ബീര്‍ പറഞ്ഞത്

ആപ്പിള്‍ വക്താവ് പറഞ്ഞത് ഗൂഗിള്‍ പറയുന്നതു പോലെ ഈ ആക്രമണം രണ്ടു വര്‍ഷമൊന്നും നീണ്ടു നിന്നിട്ടില്ല. അത് ഏകദേശം രണ്ടു മാസത്തേക്കാണ് നടന്നത്. ഇതു മനസിലാക്കിയ തങ്ങള്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ അത് പരിഹരിക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ വിവരവുമായി ഗൂഗിള്‍ തങ്ങളെ സമീപിക്കുമ്പോള്‍ അതു പരിഹരിക്കാനുള്ള പല നടപടികളും സ്വീകരിച്ചു കഴിഞ്ഞിരുന്നു. സുരക്ഷ എന്നു പറയുന്നത് ഒരിക്കലും അവസാനിക്കാത്ത ഒരു കാര്യമാണ്. എന്നാല്‍, ഞങ്ങള്‍ കൂടെയുണ്ടെന്ന് ഉപയോക്താക്കള്‍ക്ക് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

IPhone Can Be Easily Hacked; Google Vs Apple