ഫ്ലൈബോർഡിലൂടെ ഇംഗ്ലിഷ് ചാനൽ പറന്നുകടന്ന് ഫ്രഞ്ചുകാരൻ

ഫ്ലൈബോർഡിലൂടെ ഇംഗ്ലിഷ് ചാനൽ പറന്നുകടന്ന് ഫ്രഞ്ചുകാരൻ 

ആദ്യ  ശ്രമം പരാജയപ്പെട്ടെങ്കിലും രണ്ടാംവട്ട ശ്രമത്തിൽ ഇംഗ്ലിഷ് ചാനൽ പറന്നുകടന്ന് ഫ്രഞ്ചുകാരൻ ഫ്രാങ്കി സപാറ്റ. തന്റെ ഫ്ലൈബോർഡിലേറി 22 മിനിറ്റുകൊണ്ടാണ് ഫ്രാങ്കി 22 മൈൽ (ഏകദേശം 35.4 കിലോമീറ്റർ) ദൂരം താണ്ടിയത്. 170 കിലോമീറ്റർ വരെ വേഗത്തിൽ ഫ്ലൈബോർഡ് സഞ്ചരിച്ചു എന്നാണ് ഔദ്യോഗിക വിവരം. ആദ്യ ശ്രമത്തിൽ ഇന്ധനം തീർന്ന് കടലിൽ വീണത് വലിയ വാർത്തയായിരുന്നു. ഇതിനു ശേഷമുള്ള ശ്രമമാണ് വിജയിച്ചത്. ഫ്രാങ്കി സപാറ്റ 2012ൽ വികസിപ്പിച്ച പറക്കൽയന്ത്രം പണ്ടേ വാർത്തകളിൽ നിറഞ്ഞതാണ്. പക്ഷേ കൗതുകത്തിനപ്പുറം വലിയ പ്രയോജനമില്ലാത്ത കണ്ടുപിടിത്തമായിട്ടാണ് അന്നിതു വിലയിരുത്തപ്പെട്ടത്. കാലം കടന്നുപോയി. സപാറ്റ ഫ്ലൈബോർഡിന്റെ സാധ്യതകൾ വികസിപ്പിച്ചു. പലതരം ഉപയോക്താക്കൾക്കു യോജിക്കുന്ന പലതരം പതിപ്പുകൾ ഇറക്കി.

വാഹനരംഗം എല്ലാ രീതിയിലും മാറുകയാണ്. കരയിലും വെള്ളത്തിലും വായുവിലും സഞ്ചരിക്കുന്ന പരമ്പരാഗത വാഹനങ്ങൾക്കപ്പുറം, മുൻപ് ചിന്തിക്കുക പോലും ചെയ്യാത്ത സഞ്ചാരോപാധികൾ വരുന്നു. അഡ്വാൻസ്ഡ് ഇൻഡിവിജ്വൽ മൊബിലിറ്റി ശ്രേണി ഇത്തരത്തിലൊന്നാണ്. മനുഷ്യന് അതിമാനുഷ കഴിവുകൾ നൽകാൻ സാങ്കേതികവിദ്യ ഉപയോഗിക്കുക എന്നതാണ് ഈ ശ്രേണിയുടെ സവിശേഷത. ഉദാഹരണത്തിനു വിമാനത്തിൽ സഞ്ചരിക്കാൻ നമുക്കു സാധിക്കും; എന്നാൽ അതൊരിക്കലും പറക്കലല്ല. പറക്കാനുള്ള കഴിവു മനുഷ്യശരീരത്തിനു നൽകുന്നിടത്താണു അഡ്വാൻസ്ഡ് ഇൻഡിവിജ്വൽ മൊബിലിറ്റി വ്യത്യസ്തമാകുന്നത്. ഗ്ലൈഡറുകൾ പോലെയുള്ളവ ഈ ശ്രേണിയുടെ ആദ്യരൂപമാണ്.

റിച്ചഡ് ബ്രൗണിങ് എന്നൊരു കോടീശ്വരൻ വികസിപ്പിച്ച റോക്കറ്റ്് ബോഡി സ്യൂട്ട് ഈ ശ്രേണിക്കു മികച്ച ഉദാഹരണമാണ്. ധരിച്ചാൽ സൂപ്പർമാനെപ്പോലെ വായുവിൽ പറന്നുപൊങ്ങാം. ബ്രൗണിങ്ങിന്റെ ഗ്രാവിറ്റി എന്നറിയപ്പെടുന്ന ഈ സ്യൂട്ട് പ്രശസ്തമാണെങ്കിലും അതിൽനിന്നു വ്യത്യസ്തമാണ് ഫ്ലൈയിങ് ബോർഡ്.


തിരകളിൽ തെന്നിനീങ്ങാൻ ഉപയോഗിക്കുന്ന സർഫ്‌ബോർഡ് പോലുളള പ്ലാറ്റ്ഫോമാണ് ഫ്ലൈബോർഡിന്റെ പ്രധാനഭാഗം. ഇതിൽ ഘടിപ്പിച്ച 6 എൻജിനുകൾ ഇവയ്ക്കു പറന്നുയരാനും തെന്നിനീങ്ങാനുമുള്ള കഴിവു നൽകും. 5000 അടി ഉയരത്തിൽ വരെ പോകാം. അതായത് ഒരു 500 നിലക്കെട്ടിടത്തിന്റെ ഉയരം. മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാം. മണ്ണെണ്ണയാണ് ഇന്ധനം. മുതുകിലെ ബാഗിൽ 23.3 ലീറ്റർ ഇന്ധനം നിറയ്ക്കാം. 10 മിനിറ്റ്്് തുടർച്ചയായി പറക്കാം. 127 കിലോ ഭാരമുള്ള ഫ്ലൈബോർഡിന് 105 കിലോ വഹിക്കാനാകും. പണ്ടു വിനോദമായി കണക്കാക്കിയെങ്കിലും ഇത്തരം ഫ്ലൈബോർഡുകളുടെ സാധ്യത ഇന്നു വിവിധ രാജ്യങ്ങളിൽ സൈന്യം പരിശോധിക്കുന്നുണ്ട്. ഭീകരവാദികളും മറ്റും ഒളിച്ചിരിക്കുന്ന സ്ഥലങ്ങളിൽ കടന്നുകയറി ആകാശത്തു നിന്നു ആക്രമിക്കാൻ ഭീകരവിരുദ്ധസേനകൾക്ക്് ഇതു സഹായകരമാകും. കപ്പലപകടങ്ങളിൽപ്പെടുന്നവരെ സുരക്ഷിതമായി കരയിലെത്തിക്കാനും ഇത്തരം സംവിധാനങ്ങൾ ഉപകാരപ്പെടും.

The Frenchman Flew The English Channel Through The Flyboard