ആനകൾക്കുമുണ്ട് അനാഥാലയം

ആനകൾക്കുമുണ്ട്  അനാഥാലയം .....

ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവർക്കും ഉപേക്ഷിക്കപ്പെട്ടവർക്കും ആശ്രയമാണ് അനാഥാലയങ്ങൾ. നമ്മുടെ നാട്ടിൽ മനുഷ്യന് മാത്രമാണ് അനാഥാലയങ്ങളുള്ളത്. എന്നാൽ ആനകൾക്ക് അനാഥാലയമുള്ള  ഒരു അയൽരാജ്യം നമുക്കുണ്ട്‌. ഏതാണന്നല്ലേ?  ശ്രീലങ്ക. ഒറ്റപ്പെട്ടും അമ്മയില്ലാതെയും കാട് നഷ്ടപ്പെടുന്ന  ആനകൾക്ക് സുരക്ഷിത താവളങ്ങളും നല്ല ഭക്ഷണവും നൽകി സുഖകരമായ ജീവിതവും അതിനൊപ്പം നല്ല സാഹചര്യങ്ങളും പ്രദാനം ചെയ്തു പോറ്റുക എന്ന മഹത്തരമായ ഒരു കാര്യത്തിനാണ് ശ്രീലങ്കൻ ഗവണ്മെന്റ് വര്‍ഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ കാഴ്ച കാണാൻ സ്വദേശികളും വിദേശികളുമടക്കം നിരവധിപേരാണ് ഇവിടെയെത്തുന്നത്.
 ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ നിന്നും 90 കിലോമീറ്റർ അകലെ കെഗല്ലേ ജില്ലയിലെ പിന്നാവാല എന്ന ഗ്രാമത്തിലാണ് ആനകൾക്ക് വേണ്ടിയുള്ള ഈ അനാഥാലയം സ്ഥിതി ചെയ്യുന്നത്. മഹാ ഒയാ നദിക്കരയിലെ 25 ഏക്കർ തെങ്ങിൻതോപ്പാണ് ഇവിടെ ആനകളുടെ വസതി. 1975 ലാണ് ശ്രീലങ്കയിലെ വന്യജീവി സംരക്ഷണ വകുപ്പ് മാതൃകയാക്കപ്പെടേണ്ട ഇത്തരത്തിലൊരു സംരംഭത്തിന് മുന്നിട്ടിറങ്ങുന്നത്. 1978 ൽ ഇത് ദേശീയ ജന്തുശാസ്ത്ര വിഭാഗം ഏറ്റെടുക്കുകയും 1982 ൽ ആനകളെ പരിപാലിക്കുന്നതിനു മികച്ച രീതിയിലൊരു ക്രമം നടപ്പിലാക്കുകയും ചെയ്തു. ആനകൾക്ക് സ്വാഭാവിക രീതിയിലുള്ള ജീവിതശൈലിയും നല്ല ഭക്ഷണവും അന്നുതൊട്ടിന്നോളം നൽകി പോരുന്നു. നാല് അനാഥ ആനകുഞ്ഞുങ്ങളിൽ നിന്ന് തുടങ്ങിയ യാത്രയിന്നു നൂറെണ്ണത്തിലും അധികമായിരിക്കുന്നു.
  ഏറെ രസകരമാണ് ആനകളുടെ ദിനചര്യ. മഹാ ഒയാ നദിയിലെ കുളിയോടെയാണ് ഒരു ദിവസം ആരംഭിക്കുന്നത്. കാലത്തു മാത്രമല്ല വൈകുന്നേരത്തും ആനകൾക്ക് നീരാട്ട് പതിവാണ്. 76 കിലോഗ്രാമോളം ആനക്ക് ഭക്ഷിക്കാൻ കഴിയുന്ന പച്ചിലകളും  രണ്ടു കിലോഗ്രാം അരിയുടെ തവിടും ചോളവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആനകളുടെ വംശവർധനവിനായി ശാസ്ത്രീയമായ രീതിയിൽ പ്രജനനം നടത്തുകയും അതുവഴി ആനകുഞ്ഞുങ്ങളിവിടെ ഉണ്ടാകുകയും ചെയ്യുന്നുണ്ട്. സ്വാഭാവികമായ രീതിയിൽ ഇണചേർന്ന് ആദ്യമായി ഇവിടെയൊരു ആനകുഞ്ഞുണ്ടാകുന്നത് 1984 ലാണ്. ഇന്നിപ്പോൾ മൂന്നു തലമുറ ആനകളാണ് ഈ ആന അനാഥാലയത്തിലെ അന്തേവാസികൾ.
  ബ്രിട്ടീഷ് അധിനിവേശമാണ് ശ്രീലങ്കയിൽ ആനകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാക്കിയത്. മുപ്പതിനായിരം ആനകളുണ്ടായിരുന്ന ശ്രീലങ്കൻ കാടുകളിൽ വിരലിൽ എണ്ണാവുന്ന ആനകളോളമാക്കി തീർത്തത് ആ ഭരണമാണ്. ആനകളുടെ വംശം തന്നെ അന്യമാകാതിരിക്കാനുള്ള ശ്രീലങ്കൻ ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിലുള്ള ഫലമാണ് നൽകുന്നത്. മൂവായിരത്തിലധികം ആനകൾ ഇന്നിപ്പോൾ അവിടെയുണ്ട്.
കാലത്തു 8 .30; നാണ് പിന്നാവാലയിലെ സന്ദർശന സമയം ആരംഭിക്കുന്നത്. വൈകുന്നേരം 6 മണിക്ക് അടക്കുകയും ചെയ്യും.കാലത്തു 9. 15, ഉച്ചക്ക് 1. 15, വൈകുന്നേരം 5 മണി ഈ നേരങ്ങളിലാണ് ആനകൾക്ക് ഭക്ഷണം നൽകുന്നത്. കാലത്തു 10 മണി മുതൽ തന്നെ നദിക്കരയിൽ ആനകൾ കുളിക്കുന്നത് കാണുന്നതിനുള്ള സൗകര്യവുമുണ്ട്. വളരെ ചെറിയ ആനകുഞ്ഞുങ്ങൾക്കു കുപ്പികളിലാക്കിയാണ് പാല് നൽകുന്നത്. ചെല്ലുന്ന സഞ്ചാരികളിൽ താല്പര്യമുള്ളവർക്കും ആനകുഞ്ഞുങ്ങൾക്കു കുപ്പിയിൽ പാല് നൽകാവുന്നതാണ്. പക്ഷേ,അധികൃതരുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ അതിനനുവദിക്കുകയുള്ളു.
   
  ലോകത്തെല്ലായിടത്തു നിന്നും വലിയ അഭിനന്ദങ്ങളാണ് പിന്നാവാലയിലെ ഈ ആനകളുടെ അനാഥാലയത്തിനു ലഭിക്കുന്നത്. യാതൊരു തരത്തിലുള്ള അസ്വാതന്ത്രങ്ങളുമില്ലാതെ കാട്ടിൽ എപ്രകാരമാണോ കഴിയുന്നത് അതുപോലെ തന്നെ ഈ വന്യമൃഗത്തെ ഇവിടെ സംരക്ഷിച്ചിരിക്കുന്നു എന്ന കാര്യം ശ്രെമകരം തന്നെയാണ് .
    Elephants Have An Orphanage