ഭൂമിക്ക് പുറത്തൊരു ഗ്രഹത്തിൽ കൂടി വെള്ളം കണ്ടെത്തി

ഭൂമിക്ക് പുറത്തൊരു ഗ്രഹത്തിൽ കൂടി വെള്ളം കണ്ടെത്തി

സൗരയൂഥത്തിന് അപ്പുറത്തുള്ള ലോകങ്ങളെക്കുറിച്ച് പഠിക്കുന്ന ജ്യോതിശാസ്ത്രജ്ഞർക്ക് ഏറെ ആവേശം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഭൂമിക്ക് പുറത്തൊരു ഗ്രഹത്തിൽ കൂടി വെള്ളം കണ്ടെത്തിയിരിക്കുന്നു. ജീവികൾക്ക് വാസയോഗ്യമായ ഗ്രഹമാണിതെന്നാണ് ഗവേഷകർ പറയുന്നത്. കെ 2-18 ബി എന്ന് പേരിട്ടിരിക്കുന്ന ഗ്രഹത്തിലാണ് വെള്ളം കണ്ടെത്തിയിരിക്കുന്നത്.

വെള്ളം കണ്ടെത്തിയതോടെ ഈ ഗ്രഹത്തിൽ ജീവന്‍ നിലനിൽക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം. ലണ്ടന്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഗിയോവാന ടിനിറ്റിയുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് പുതിയ കണ്ടെത്തലിനു പിന്നിൽ.
കണ്ടെത്തിയ എക്സോപ്ലാനറ്റ് സൂര്യനേക്കാൾ ചെറുതായ ഒരു നക്ഷത്രത്തെ പരിക്രമണം ചെയ്യുന്നുണ്ടെങ്കിലും അത് നക്ഷത്രത്തിന്റെ വാസയോഗ്യമായ മേഖല എന്നറിയപ്പെടുന്ന പരിധിക്കുള്ളിലാണ് വരുന്നത്. ഒരു ഗ്രഹത്തിന്റെ ഉപരിതലത്തിൽ ദ്രാവക ജലം നിലനിൽക്കാൻ പര്യാപ്തമായ പരിക്രമണ ദൂരത്തിലാണ് എക്സോപ്ലാനറ്റ് സ്ഥിതി ചെയ്യുന്നത് 

പുതിയ കണ്ടെത്തലിനെ ‘അവിശ്വസനീയം’ എന്നാണ് പ്രൊ. ടിനിറ്റി വിശേഷിപ്പിച്ചത്. ഞങ്ങൾ ആദ്യമായാണ് ജീവന്റെ സാന്നിധ്യത്തിനു സാധ്യതതയുള്ള ഒരു ഗ്രഹത്തില്‍ വെള്ളം കണ്ടെത്തുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കെ 2-18 ബി ഗ്രഹത്തിൽ ജീവജാലങ്ങൾ കഴിയുന്നുണ്ടോ എന്ന് കണ്ടെത്താൻ പുതിയ ബഹിരാകാശ ദൂരദര്‍ശിനികള്‍ക്ക് കഴിഞ്ഞേക്കുമെന്നാണ് ടിനിറ്റി പറയുന്നത്.ഭൂമിയുടെ എട്ട് മടങ്ങ് ഭാരവും രണ്ടിരട്ടി വലുപ്പമുള്ളതാണ് കെ218ബി ഗ്രഹം. ഇവിടെ വെള്ളത്തിന് ദ്രാവക രൂപത്തിൽ നിലനിൽക്കാൻ സാധിക്കുമെന്നും നാച്ചർ ആസ്‌ട്രോണമിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.

ഭൂമിയില്‍ നിന്ന് 111 പ്രകാശ വര്‍ഷം അകലെയാണ് കെ 2-18 ബിയുടെ സ്ഥാനം. ഇതിനാൽ തന്നെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാൻ അടുത്ത തലമുറ ബഹിരാകാശ ദൂരദര്‍ശിനി ഉപയോഗിക്കേണ്ടി വരും

Water Was Also Found On A Planet Other Than Earth