ആലിബാബ അധ്യക്ഷസ്ഥാനത്തു നിന്നു പടിയിറങ്ങി ജാക്ക് മാ

ആലിബാബ അധ്യക്ഷസ്ഥാനത്തു നിന്നു പടിയിറങ്ങി ജാക്ക് മാ 

ചൈനീസ് ഓൺലൈൻ വിപണിയിൽ പുതുചരിത്രം കുറിച്ച് ലോകത്തെ ഏറ്റവും വലിയ കമ്പനികളുടെ നിരയിലേക്ക് ഉയർന്ന ആലിബാബ അധ്യക്ഷസ്ഥാനത്തു നിന്നു ജാക്ക് മാ പടിയിറങ്ങി. അധ്യാപകനായി ജീവിതം തുടങ്ങി പിന്നീടു സംരംഭകനായി മാറി അദ്ഭുതങ്ങൾ സൃഷ്ടിച്ച ജാക്ക് മാ തന്റെ അൻപത്തഞ്ചാം പിറന്നാൾ ദിനത്തിലാണ് ആലിബാബ അധ്യക്ഷസ്ഥാനം ഒഴിഞ്ഞത്.

വിദ്യാഭ്യാസരംഗത്തു കൂടുതൽ സേവനം ചെയ്യുന്നതിനു വേണ്ടിയാണ് ഈ നീക്കം. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിനെപ്പോലെ പുതിയ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താനും നൂതനവിദ്യാഭ്യാസപദ്ധതികൾ ഏറ്റെടുക്കാനുമൊക്കെയാവും ഇനി ആലിബാബ സ്ഥാപകന്റെ ശ്രദ്ധ.

ചൊവ്വാഴ്ച ജാക്ക് മാ അധ്യക്ഷസ്ഥാനം ഒഴിയുമ്പോൾ അത് ആലിബാബ ഓഹരികളെയും കമ്പനിയുടെ മുന്നോട്ടുള്ള പ്രയാണത്തെയും ഒട്ടും ബാധിക്കാതിരിക്കാൻ വലിയ മുൻകരുതലുകളാണ് സ്വീകരിച്ചിരുന്നത്. മൈക്രോസോഫ്റ്റ്, ആപ്പിൾ, യാഹൂ തുടങ്ങിയ കമ്പനികളെയൊക്കെ നായകന്മാരുടെ പടിയിറക്കം ഉലച്ചെങ്കിൽ ആലിബാബയുടെ കാര്യത്തിൽ അതുണ്ടാവില്ല എന്നാണ് കരുതുന്നത്.

അധികാരക്കൈമാറ്റം ഒരു വർഷം മുൻപേ ആരംഭിച്ചിരുന്നു. യുഎസ്–ചൈന വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തിലും ഉലച്ചിൽ തട്ടാതെ പുതിയ മേഖലകൾ കയ്യടക്കി ആലിബാബ മുന്നോട്ടുള്ള കുതിപ്പു തുടരുകയാണ്.

ഇ–കൊമേഴ്സ് രംഗത്തെ ചൈനീസ് അതികായരായ അലിബാബയുടെ സഹസ്ഥാപകനും ഉടമയുമായ ജാക്ക് മാ വിരമിക്കൽ പ്രഖ്യാപിച്ചത് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ്. 1999ൽ അലിബാബ സ്ഥാപിക്കുന്നതിനു മുൻപ് ഇംഗ്ലീഷ് അധ്യാപകനായിരുന്നു മാ. തന്‍റെ വിരമിക്കലിനെ ഒരു യുഗത്തിന്‍റെ തുടക്കമായാണ് ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ മാ അന്ന് വിശേഷിപ്പിച്ചത്. 55–ാം വയസ്സിലാണ് മാ വിരമിച്ചത്.

1999ൽ സുഹൃത്തുക്കളിൽ നിന്നും കടമായി വാങ്ങിയ 60,000 ഡോളർ ഉപയോഗിച്ചാണ് അലിബാബ എന്ന കമ്പനിക്ക് മാ തുടക്കം കുറിച്ചത്. അതിവേഗം തന്നെ ലോകത്തെ തന്നെ വലിയ സാന്നിധ്യങ്ങളിലൊന്നായി കമ്പനി വളർന്നു. ഹാങ്ഷുവിലെ തന്‍റെ അപ്പാർട്ട്മെന്‍റിലിരുന്നായിരുന്നു അലിബാബയുടെ ആദ്യകാല പ്രവർത്തനങ്ങൾ മാ നിയന്ത്രിച്ചിരുന്നത്. വസ്തുക്കൾ വിൽക്കാനും വാങ്ങാനും ഓൺലൈൻ അനന്ത സാധ്യത ഒരുക്കുന്നതായുള്ള തിരിച്ചറിവായിരുന്നു ഇത്തരമൊരു സംരംഭത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. ചൈനയിലെ ആയോധനകലയായ തായ് ചിയുടെ ആരാധകനായ മാ ജീവനക്കാർക്കിടയിലും ഉപയോക്താക്കൾക്കിടയിലും ഏറെ പ്രിയങ്കരനായിരുന്നു. ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സുമായുള്ള താരതമ്യങ്ങൾക്ക് പലപ്പോഴും ഇതു വഴിവച്ചു.

അസൂയാവഹമായ നേട്ടങ്ങളാണ് അലിബാബയും മായും എത്തിപ്പിടിച്ചത്. 2018 ലെ കണക്കുകൾ പ്രകാരം 420.8 ബില്യൺ ഡോളറാണ് കമ്പനിയുടെ ആസ്തി. മായുടെ ആകെയുള്ള ആസ്തിയാകട്ടെ 36.6 ബില്യൺ ഡോളറും. 2006ൽ ചൈനയിലെ തങ്ങളുടെ പ്രവർത്തനങ്ങൾ‌ അവസാനിപ്പിക്കാൻ പ്രമുഖ വിപണന സൈറ്റായ ഇബേയെ പ്രേരിപ്പിച്ചത് അലിബാബയുടെ സാന്നിധ്യമായിരുന്നു. ഇ–കൊമേഴ്സിനു പുറമെ എഴുത്തിന്‍റെ ബിസിനസിലും താത്പര്യമുള്ള വ്യക്തിയാണ് ജാക്ക് മാ. ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് മൊബൈൽ കണ്ടന്‍റ് പ്ലാറ്റ്ഫോമായ യുസി വെബ്.

Jacques Mae Stepped Down From Alibaba's Presidency