8 ദിർഹം കേസിനു നഷ്ടപരിഹാരം 10 ലക്ഷം

8 ദിർഹം തിരികെ അടയ്ക്കാൻ യുവാവിനെ പിടികൂടിയപ്പോൾ ബാങ്കിന് പകരം നഷ്ടപരിഹാരം നൽകേണ്ടി വരുന്നത് 10 ലക്ഷത്തോളം രൂപ കോഴിക്കോട് സ്വദേശി അജിത്തിനാണ് അനുകൂല വിധിയുണ്ടായത്.2008ൽ ദുബായിലെ ഒരു സ്ഥാപനത്തിൽ നിന്ന് 13,800 ദിർഹം പരിധിയുള്ള ക്രെഡിറ്റ് കാർഡ് അജിത്ത് എടുത്തിരുന്നു. ദുബായിലെ കമ്പനിയിൽ നിന്നു 2015ൽ സ്ഥലം മാറ്റം ലഭിച്ചു സൗദിയിലേക്കു പോയി. പോകുംമുൻപ് കാർഡിന്റെ എല്ലാ ബാധ്യതകളും തീർക്കുകയും ചെയ്തു. 2017 ജൂണിൽ സൗദിയിൽ നിന്ന് അബുദാബി വഴി നാട്ടിലേക്കു യാത്രചെയ്യുമ്പോൾ എമിഗ്രേഷൻ പിടികൂടുകയായിരുന്നു.അമ്മയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടു പോകുകയാണെന്നു പറഞ്ഞപ്പോൾ 13,800 ദിർഹം കെട്ടിവച്ചശേഷം യാത്ര ചെയ്യാൻ അനുവദിച്ചു.സുഹൃത്തുക്കളെ വരുത്തി തുക അടച്ചശേഷം നാട്ടിലേക്കു പോയെങ്കിലും തിരികെ ദുബായിലെത്തിയപ്പോൾ വീണ്ടും പിടികൂടി. സ്റ്റേഷനിൽ നിന്നു ജാമ്യത്തിലിറങ്ങി ബാങ്കിങ് സ്ഥാപനത്തിൽ അന്വേഷിച്ചപ്പോൾ 8 ദിർഹം ബാക്കി അടയ്ക്കാനുണ്ടെന്നായിരുന്നു മറുപടി. തുകയടച്ച് കേസ് ഒഴിവാക്കിയശേഷം ദുബായ് അൽ കബ്ബാൻ അഡ്വക്കേറ്റ്സിലെ സീനിയർ ലീഗൽ കൺസൽറ്റന്റ് അഡ്വ.ഷംസുദ്ദീൻ കരുനാഗപ്പള്ളി വഴി നഷ്ടപരിഹാര കേസ് ഫയൽ ചെയ്യുകയായിരുന്നു.ഇതോടെ, ഗ്യാരന്റി ചെക്ക് ഉപയോഗിച്ചു മലയാളി യുവാവിനെതിരെ കേസ് ഫയൽ ചെയ്ത ബാങ്കിങ് സ്ഥാപനം 50,000 ദിർഹം (ഏകദേശം 10 ലക്ഷത്തോളം രൂപ) നഷ്ടപരിഹാരം നൽകേണ്ടി വരും. പ്രാഥമിക കോടതി വിധി അപ്പീൽകോടതി ശരിവെയ്ക്കുകയായിരുന്നു.